NADAMMELPOYIL NEWS
August 23/2021
കോഴിക്കോട്; ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മലാപ്പറമ്പ് വാട്ടർ അതോറിറ്റി റോഡിൽ ഡോ. സ്വപ്ന നമ്പ്യാരുടെ വീട്ടിൽ നിന്ന് നാൽപത്തി നാലര പവൻ സ്വർണാഭരണങ്ങളും ഡയമണ്ട് നെക്ലസും പണവും കവർന്ന കേസിൽ പ്രതികളായ അമ്പലവയൽ സ്വദേശി വിജയൻ എന്ന കുട്ടി വിജയൻ (42 ), നടക്കാവ് പട്ടംവീട്ടിൽ ബവീഷ് (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 26ന് രാത്രിയായിരുന്നു മോഷണം. കോഴിക്കോട് മെഡിക്കൽ കോളജ് ഇ.എൻ.ടി വിഭാഗം അസി. പ്രഫസർ സ്വപ്ന നമ്പ്യാർ പരീക്ഷജോലിയുമായി ബന്ധപ്പെട്ട് കണ്ണൂരിലേക്കുപോയ സമയത്തായിരുന്നു കവർച്ച. കേസിൽ അന്വേഷണസംഘം രൂപവത്കരിച്ച് സിറ്റിയിലെ വിവിധ മോഷണകേസുകളിലെ പ്രതികളെകുറിച്ച് അന്വേഷിച്ച് വരുന്നതിനിടെയാണ് പ്രതികൾ പൊലീസ് വലയിലാകുന്നത്. കേസിലെ ഒന്നാം പ്രതി വിജയൻ എന്ന കുട്ടി വിജയൻ 2007ൽ മാവൂർ സ്വദേശി വിഭാസ് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. അന്ന് കൊലപാതക കവർച്ച കേസുകളിൽ പ്രതിയായിരുന്ന കുട്ടി വിജയൻ, മോഹനൻ, കുമാർ, സുരേഷ്, മണികണ്ഠൻ എന്നിവർ 2018ൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിെൻറ പിൻവശത്തെ ചുമർ കുത്തിത്തുറന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
പാറാവ് നിന്ന പൊലീസുകാരടക്കം അന്ന് സസ്പെൻഷനിലായിരുന്നു. അതിനുശേഷം പ്രതികളെ പിടികൂടിയെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ കവർച്ചസംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കവർച്ച നടത്തി വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ കേസിലെ ഒന്നാം പ്രതി കുട്ടി വിജയൻ കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി അഞ്ഞൂറിലധികം കേസുകളിൽ പ്രതിയാണ്. കവർച്ച നടത്തുന്ന മുതലുകൾ മേട്ടുപ്പാളയത്തുള്ള മകളുടെ ഭർത്താവിെൻറ പിതാവിന്റെ സഹായത്തോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ വിൽപന നടത്തുകയും ആർഭാടജീവിതം നയിച്ചുവരുകയുമായിരുന്നു.
കൂടുതൽ അന്വേഷണത്തിനും കൂട്ടുപ്രതികളെ തിരിച്ചറിയുന്നതിനും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കേസിൽ കൂടുതൽ അന്വേഷണം തുടങ്ങിയതായി മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശൻ പറഞ്ഞു.
കെ. സുദർശെൻറ നേതൃത്വത്തിൽ ചേവായൂർ എസ്.ഐ എസ്. ഷാൻ, എസ്.ഐ അഭിജിത്ത്, എന്നിവരും സിറ്റി ഡൻസാഫ് സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ ചേവായൂർ ഇൻസ്പെക്ടർ പി. ചന്ദ്രമോഹൻ, സബ് ഇൻസ്പെക്ടർമാരായ ഷാൻ, അഭിജിത്ത്, സീനിയർ സി.പി.ജ രാജീവ് കുമാർ പാലത്ത്, ഡൻസാഫ് അംഗങ്ങളായ സജി, ഷാഫി, അഖിലേഷ്, ജോമോൻ, ജിനേഷ് എന്നിവരും ഉണ്ടായിരുന്നു.
______
മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______