കൊച്ചി: സ്ത്രീ ശരീരത്തിൽ അനുമതിയില്ലാതെ ലൈംഗിക പൂര്‍ത്തീകരണത്തിനായി നടത്തുന്ന ഏതൊരു പ്രവൃത്തിയും ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ഹൈക്കോടതി.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണക്കോടതി ആജീവനാന്ത തടവുശിക്ഷ വിധിച്ചതിനെതിരേ പ്രതി മൂവാറ്റുപുഴ സ്വദേശി സന്തോഷ് നല്കിയ അപ്പീലിലാണ് ജസ്റ്റീസ് വിനോദ് ചന്ദ്രന്, ജസ്റ്റീസ് സിയാദ് റഹ്മാന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
കേസില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കുമെന്നു വ്യക്തമാക്കിയ ഡിവിഷന് ബെഞ്ച് പ്രതിയുടെ ആജീവനാന്ത തടവുശിക്ഷ, ജീവപര്യന്തം കഠിന തടവുശിക്ഷയാക്കി ഭേദഗതി ചെയ്തു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 375 പ്രകാരം അനുമതിയില്ലാതെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ബലാത്സംഗക്കുറ്റമായി നിര്‍വചിച്ചിരിക്കുന്നത്. എന്നാല്‍ ഈ കേസില്‍ അത്തരത്തിലുള്ള ശാരീരിക ബന്ധമുണ്ടായില്ലെന്നും ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിയുടെ വാദം.
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം സ്വദേശിനിയായ പെണ്‍കുട്ടി സ്കൂളിലെ മെഡിക്കല്‍ ക്യാമ്പില്‍ നടത്തിയ പരിശോധനയിലാണ് പ്രതിക്കെതിരേ പരാതി പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് പോലീസിനെ അറിയിക്കുകയായിരുന്നു.