ടോക്കിയോ: ഒളിംപിക്‌സ് ഇടിക്കൂട്ടില്‍ ഇന്ത്യയുടെ ലവ്‍ലിന ബോ‍ര്‍ഗോഹെയ്‌ന് വെങ്കലത്തോടെ മടക്കം. വനിതാ ബോക്‌സിംഗ് 69 കിലോ വിഭാഗം സെമിയില്‍ ലോകം ഒന്നാം നമ്ബര്‍ താരം തുര്‍ക്കിയുടെ ബുസേനസാണ് ലവ്‍ലിനയെ തോല്‍പിച്ചത്. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളിയും ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കലവും നേടിയിരുന്നു.

ബുസേനസിനെ ഇടിച്ചിട്ടിരുന്നെങ്കില്‍ ഒളിംപിക്‌സ് ബോക്‌സിംഗ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാകുമായിരുന്നു ലവ്‍ലിന ബോ‍ര്‍ഗോഹെയ്‌ന്‍. 2008ല്‍ വിജേന്ദര്‍ സിംഗും 2012ല്‍ മേരി കോമും വെങ്കലം നേടിയതാണ് ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യക്ക് മുമ്പ് ലഭിച്ച മെഡലുകള്‍.

ഒറ്റയേറില്‍ നീരജ് ചോപ്ര ഫൈനലില്‍

ഒളിംപിക്‌സില്‍ ശുഭ വാര്‍ത്തയോടെയായിരുന്നു ഇന്ന് ഇന്ത്യയുടെ തുടക്കം. ജാവലിന്‍ ത്രോയില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലെത്തി. ഒറ്റയേറില്‍ യോഗ്യതാ മാര്‍ക്കായ 83.50 മറികടന്നു. 86.65 മീറ്റര്‍ ആദ്യ ശ്രമത്തില്‍ നേടാന്‍ നീരജിനായി. അതേസമയം ശിവ്പാല്‍ സിംഗിന് പോരാട്ടം നിരാശയായി. അവസാന ശ്രമത്തില്‍ 74.81 മീറ്ററാണ് ശിവ്‌പാല്‍ നേടിയത്. ജാവലിന്‍ ത്രോ ഫൈനല്‍ ശനിയാഴ്‌ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *