ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച റിപ്പോർട്ടുചെയ്ത കോവിഡ് കേസുകളിൽ 49.85 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്തെ 10 ജില്ലകളുൾപ്പെടെ രാജ്യത്തെ 18 ജില്ലകളിൽ കേസുകൾ കൂടിവരുന്നു.

മലപ്പുറം, തൃശ്ശൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കാസർകോട്, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നിവയാണ് കേരളത്തിൽ തീവ്രവ്യാപനമുള്ള ജില്ലകൾ. മഹാരാഷ്ട്രയിലെ മൂന്ന്, മണിപ്പുരിലെ രണ്ട്, അരുണാചൽപ്രദേശ്, മേഘാലയ, മിസോറം എന്നിവിടങ്ങളിലെ ഒാരോന്നുവീതവും ജില്ലകളിലും കേസുകൾ ഉയരുന്നുണ്ടെന്ന്്് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ ആകെ കേസുകളുടെ 47.5 ശതമാനവും ഈ 18 ജില്ലകളിലാണ്. രാജ്യത്തെ കേസുകളുടെ 40.6 ശതമാനവും കേരളത്തിലെ 10 ജില്ലകളിലാണ്.

ഒരുലക്ഷത്തിലധികം ആക്ടീവ് കേസുകൾ കേരളത്തിലേ ഉള്ളൂ-1,65,834. രാജ്യത്തെ മൊത്തം കേസുകളുടെ 40.95 ശതമാനം വരും ഇത്. 78,700 രോഗികളുള്ള മഹാരാഷ്ട്രയാണ് രണ്ടാമത് (19.43 ശതമാനം). 10,000-ത്തിനും ഒരുലക്ഷത്തിനുമിടയിൽ രോഗികളുള്ള എട്ട്‌ സംസ്ഥാനങ്ങളുണ്ട്. 27 സംസ്ഥാനങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,000-ത്തിൽ താഴെയാണ്.

വൈറസിന്റെ വ്യാപനതീവ്രത മനസ്സിലാക്കാവുന്ന ആർ-നമ്പർ ദേശീയതലത്തിൽ ഇപ്പോൾ 1.2 ആയി ഉയർന്നു. ഒരാളിൽനിന്ന് 1.2 ആളിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ട്. കോവിഡ് കൂടിക്കൊണ്ടിരിക്കുന്ന അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും 1.2 ആണ് ആർ-നമ്പർ. ഒന്നാംതരംഗം കുറഞ്ഞ വേളയിൽ 0.88 വരെയായി ഇത് കുറഞ്ഞിരുന്നു.

രാജ്യത്ത് ആർ നമ്പർ കൂടുതൽ ഹിമാചൽപ്രദേശിലും ജമ്മുകശ്മീരിലുമാണ് (1.4). ലക്ഷദ്വീപിൽ 1.3, തമിഴ്‌നാട്, കർണാടകം, മിസോറം എന്നിവിടങ്ങളിൽ 1.2, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളിൽ 1.1 എന്നിങ്ങനെയാണ് ഇത്. ഇവിടങ്ങളിലെല്ലാം ഇത് കൂടിവരുന്ന പ്രവണതയാണ് കാണുന്നത്. മഹാരാഷ്ട്ര, ഡൽഹി, ഹരിയാണ, ഗോവ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ആർ നമ്പർ ഒന്നാണ് -ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *