രാജ്യത്ത് പ്രവർത്തിക്കുന്ന 24 സർവകലാശാലകൾ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇതിന് പുറമേ രണ്ട് സർവകലാശാലകൾ പ്രവർത്തിക്കുന്നത് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് വ്യക്തമാക്കിയ യു.ജി.സി. കേരളത്തിലും ഒരു വ്യാജ സർവകലാശാല പ്രവർത്തിക്കുന്നതായി പറയുന്നു.
ലോക്‌സഭയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനം എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യു.ജി.സി നടപടി.
എട്ട് വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്ന ഉത്തർപ്രദേശ് ആണ് പട്ടികയിൽ മുന്നിൽ. യു.പി.യി.ലെ ഭാരതീയ ശിക്ഷ പരിഷത് ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആൻഡ് മാനേജ്‌മെന്റ് എന്നിവയാണ് ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്നത്. ഈ രണ്ട് സർവകലാശാലകളുടെ കാര്യവും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണെന്നും മന്ത്രി അറിയിച്ചു.
ഡൽഹിയാണ് രണ്ടാം സ്‌ഥാനത്തുള്ളത്. ഏഴ് വ്യാജ സർവകലാശാലകളാണ് ഡൽഹിയിൽ പ്രവർത്തിക്കുന്നത്. ഡീഷയിലും പശ്ചിമബംഗാളിലും രണ്ട് സർവകലാശാലകളും കേരളം, കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിൽ ഓരോ സർവകലാശാലകളുമാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. കേരളത്തിൽ പ്രവർത്തിക്കുന്ന സെന്റ് ജോൺസ് എന്ന സ്ഥാപനത്തെയാണ് യു.ജി.സി വ്യാജ സർവകലാശാല പട്ടികയിൽ പെടുത്തിയിരിക്കുന്നത്.
യു.ജി.സി. ആക്ട് 1956 ലംഘിച്ച് പ്രവർത്തിക്കുന്ന ഇത്തരം സർവകലാശാലകൾക്കെതിരേ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന ചോദ്യത്തിന് ഇത്തരം വ്യാജ സർവകലാശാലകളുടെ പേര് പ്രസിദ്ധീകരിക്കുന്നതിന് യു.ജി.സി നോട്ടീസ് പുറപ്പെടുവിക്കും, ഇത് എല്ലാ ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധികരിക്കുമെന്നും സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്കും ഒപ്പം വിദ്യാഭ്യാസ സെക്രട്ടറിമാർക്കും ഇത് സംബന്ധിച്ച വിവരം കൈമാറുമെന്നും മന്ത്രി മറുപടി നൽകി.