NADAMMELPOYIL NEWS
August 03/2021
മുക്കം; ലോക്ക്ഡൗൺ കാലത്ത് അന്യസംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ കാരശ്ശേരി പഞ്ചായത്തിനു ലഭിച്ച അരി കുഴിച്ചു മൂടിയ സംഭവം വിവാദമാകുന്നു. അരി കേടാകാൻ കാരണം പഞ്ചായത്തിന്റെ പിടിപ്പുകേടാണെന്ന ആക്ഷേപമാണ് ഉയരുന്നത്. എട്ടു മാസം ഒന്നും ചെയ്യാതിരുന്നതിനാലാണ് അരി നശിക്കാൻ ഇടയായതെന്ന് മുൻ പഞ്ചായത്ത് അംഗം സവാദ് ഇബ്രാഹിം ആരോപിച്ചു. ജില്ല ഭരണകൂടം കറുത്തപറമ്പ് സാംസ്കാരിക നിലയത്തിൽ എത്തിച്ച അരി ആർക്കും ഉപകരിക്കാതെ കുഴിച്ചുമൂടിയതിന് ഉത്തരവാദി പഞ്ചായത്താണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസമാണ് കറുത്തപറമ്പ് സാംസ്കാരിക നിലയത്തിൽ സൂക്ഷിച്ചിരുന്ന 18 ചാക്ക് അരി പുഴുവരിച്ചതിനെ തുടർന്ന് കുഴിച്ചു മൂടിയത്. അന്യ സംസ്ഥാന തൊഴിലാളികൾക്ക് നൽകാൻ പഞ്ചായത്തിന് ലഭിച്ച 175 ചാക്ക് അരിയിൽ ബാക്കിവന്ന 18 ചാക്ക് അരിയാണ് കേടുവന്നതിനാൽ കുഴിച്ചുമൂടിയത്. അരി വിതരണമാരംഭിച്ച സമയത്ത് അന്യ സംസ്ഥാന തൊഴിലാളികളിൽ പലരും നാട്ടിൽ പോയതിനാൽ 75 ചാക്ക് അരിയേ വിതരണം ചെയ്യാൻ കഴിഞ്ഞുള്ളു. ബാക്കി വന്നതിൽ 82 ചാക്ക് അരി നാലുമാസം മുമ്പ് ചേവായൂർ ത്വക്ക് രോഗാശുപത്രി, മാങ്കാവിലെ ഉദയം ഹോം എന്നിവിടങ്ങളിൽ നൽകിയിരുന്നു. എന്നിട്ടും ബാക്കിയായ 18 ചാക്ക് അരിയാണ് പുഴുവന്ന് നശിച്ചത്.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______