ടോക്കിയോ: ഒളിംപിക്‌സിന്റെ മുഖ്യ ആകര്‍ഷണമായ അത്‍ലറ്റിക്‌സിന് നാളെ തുടക്കമാവും. പുലര്‍ച്ചെ 5.30ന് വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്സോടെയാണ് ട്രാക്കില്‍ വെടിയൊച്ച മുഴങ്ങുക.
ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ പിന്‍ഗാമി ആരെന്നറിയാനാണ് കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അമേരിക്കയുടെ ബ്രോമല്‍, റൂണി ബേക്കര്‍, ദക്ഷിണാഫ്രിക്കയുടെ സിംബെയ്ന്‍ എന്നിവരാണ് ശ്രദ്ധാകേന്ദ്രങ്ങള്‍. വനിതകളില്‍ മൂന്നാം സ്വര്‍ണം ലക്ഷ്യമിട്ട് ഷെല്ലി ആന്‍ ഫ്രേസര്‍ എത്തുമ്ബോള്‍ വെല്ലുവിളിയുമായി എലെയ്ന്‍ തോംസണും ഷെറീക്ക ജാക്‌സണുമുണ്ട്. മൂന്ന് പേരും ജമൈക്കന്‍ താരങ്ങളാണ്. ട്രാക്കിലും ഫീല്‍ഡിലുമായി 48 ഇനങ്ങളിലായി ആകെ 2038 താരങ്ങള്‍ മത്സരിക്കും.
ടോക്കിയോയില്‍ ഇന്ത്യക്ക് ശുഭദിനം
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ശുഭ വാര്‍ത്തകളുടെ ദിനമാണിന്ന്. ബോക്‌സിംഗ് ഹെവിവെയ്റ്റ് (91 കിലോ ഗ്രാം) വിഭാഗത്തില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജമൈക്കന്‍ താരം റിക്കാര്‍ഡോ ബ്രൗണിനെ 4-1ന് തോല്‍പിച്ചാണ് സതീഷിന്‍റെ മുന്നേറ്റം. അടുത്ത മത്സരം ജയിച്ചാല്‍ മെഡല്‍ ഉറപ്പിക്കാം.
പുരുഷ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് മറ്റൊരു വാര്‍ത്ത. നിലവിലെ ചാംപ്യന്മാരായ അര്‍ജന്‍റീനയെ 3-1ന് തകര്‍ത്ത് ഇന്ത്യ മൂന്നാം ജയം നേടി. അവസാന പ്രീ ക്വാര്‍ട്ടറില്‍ രണ്ട് ഗോള്‍ നേടി ജയമുറപ്പിക്കുകയായിരുന്നു ഇന്ത്യന്‍ ടീം. വരുണ്‍ കുമാര്‍, വിവേക് പ്രസാദ്, ഹര്‍മന്‍പ്രീത് എന്നിവര്‍ ലക്ഷ്യം കണ്ടു. അതേസമയം ബാഡ്‌മിന്റണില്‍ പി വി സിന്ധുവും ക്വാര്‍ട്ടറിലെത്തി. ഡെന്‍മാര്‍ക്ക് താരം മിയയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് മുന്നേറ്റം. സ്‌കോര്‍: 21-15, 21-13.
പുരുഷ അമ്ബെയ്‌ത്തിലെ വ്യക്തിഗത ഇനത്തില്‍ വന്‍ അട്ടിമറിയുമായി ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാര്‍ട്ടറിലെത്തി. രണ്ട് ഒളിംപിക് സ്വര്‍ണം നേടിയിട്ടുള്ള ദക്ഷിണ കൊറിയയുടെ ഓ ജിന്‍-ഹ്യെക്, അതാനുവിന് മുന്നില്‍ 5-6ന് കീഴടങ്ങി.