ടോക്യോ ഒളിമ്പിക്സ് വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധു ക്വാർട്ടറിൽ. ഡെന്മാർക്കിൻ്റെ മിയ ബ്ലിച്ച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. സ്കോർ 21-15, 21-13. മിയക്കെതിരെ ആധികാരികമായാണ് സിന്ധുവിൻ്റെ വിജയം.
ഹോങ് കോങ് താരം ച്യുങ് ങാനെ 21-9, 21-16 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റിൻ്റെ തുടക്കത്തിൽ ച്യുങ് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അത് മറികടന്ന് ഇന്ത്യൻ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.
പുരുഷ ഫുട്‌ബോളില്‍ ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ക്വാർട്ടറിൽ പ്രവേശിച്ചത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ ക്വാർട്ടറിലെത്തിയത്. മറ്റൊരു മത്സരത്തിൽ അർജന്റീന സ്പെയിനിനോട് സമനില വഴങ്ങി ക്വാര്‍ട്ടര്‍ കാണാതെ ഒളിമ്പിക്സ് ഫുട്ബോളിൽ നിന്നും പുറത്തായി. അവസാന മത്സരത്തിൽ സ്പെയിനിനെ പരാജയപ്പെടുത്തിയാൽ മാത്രമേ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍ സാധ്യതകൾ ഉണ്ടായിരുന്നുള്ളു. സ്പെയിനിനോട് 1-1ന്റെ സമനില വഴങ്ങാനെ അര്‍ജന്റീനയ്ക്ക് ആയുള്ളൂ.
എവര്‍ട്ടന്‍ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസന്റെ ഇരട്ട ഗോളുകളാണ് ബ്രസീലിന് ഇന്ന് കരുത്തായത്. 76ആം മിനിറ്റിലും 91ആം മിനിറ്റിലും ആയിരുന്നു റിച്ചാര്‍ലിസന്റെ ഗോളുകള്‍. താരം ഇന്നത്തെ രണ്ടു ഗോളുകള്‍ ഉള്‍പ്പെടെ ആകെ അഞ്ചു ഗോളുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നേടി.
ബ്രസീലിന്റെ താരമായ കുൻഹയിലൂടെയാണ് ബ്രസീലിന് ആദ്യ ലീഡ് ലഭിച്ചത് .എന്നാൽ കളിയുടെ 27 ആം മിനിറ്റിൽ സൗദിയുടെ താരമായ അല്‍ അംറിയിലൂടെ തിരിച്ചടി നൽകി.തുടർന്ന് രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ബാക്കി രണ്ടു ഗോളുകള്‍ വന്നത്. മൂന്ന് മത്സരങ്ങളില്‍ 7 പോയിന്റുമായാണ് ബ്രസീല്‍ ഒന്നാമത് എത്തിയത്. അഞ്ചു പോയിന്റുമായി ഐവറി കോസ്റ്റ ഗ്രൂപ്പില്‍ രണ്ടാമതുമുണ്ട്.
അര്ജന്റീനയ്‌ക്കെതിരെ സ്‌പെയിന്‍ 66ആം മിനുട്ടില്‍ മെറിനോയിലൂടെ ആണ് ലീഡ് എടുത്തത് എന്നാൽ 87ആം മിനുട്ടില്‍ ബെല്‍മോണ്ടെ അർജന്റീനയ്ക്ക് ഗോൾ സമ്മാനിച്ചു എങ്കിലും ഒരു വിജയ ഗോള്‍ കൂടെ കണ്ടെത്താനുള്ള സമയം അര്‍ജന്റീനയ്ക്ക് ഉണ്ടായിരുന്നില്ല. 3 മത്സരങ്ങളില്‍ നിന്ന് 5 പോയിന്റുമായി സ്‌പെയിന്‍ ഗ്രൂപ്പില്‍ ഒന്നാമത് ഫിനിഷ് ചെയ്തു.