NADAMMELPOYIL NEWS
JULY 27/2021
കോഴിക്കോട്; സംസ്ഥാന കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നടപടിയുണ്ടാവുമെന്ന് ഐ എൻ എൽ സംസ്ഥാന അധ്യക്ഷൻ എ പി അബ്ദുൾ വഹാബ്. മൂന്നാം തിയ്യതി ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ ഐഎന്‍എലിന്‍റെ ഭാവിയെപ്പറ്റിയുള്ള തീരുമാനങ്ങള്‍ ഉണ്ടാവും. കാസിം ഇരിക്കൂര്‍ പക്ഷത്ത് തന്നെ തുടരണമോയെന്ന് അഹമ്മദ് ദേവർകോവിലാണ് തീരുമാനിക്കേണ്ടതെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.
പരസ്യമായ ചേരിപ്പോര് അവസാനിപ്പിച്ച് എത്രയും പെട്ടന്ന് പ്രശ്നപരിഹാരം കാണണമെന്ന് സിപിഎം ആവശ്യപ്പെട്ടതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് മൂന്നാം തിയ്യതി യോഗം ചേരുന്നത്. യോഗത്തില്‍ കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് മാറ്റണമെന്ന നിലപാടില്‍ വഹാബ് പക്ഷം ഉറച്ചുനില്‍ക്കും. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ വഹാബ് പക്ഷത്തേക്ക് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കണമെന്നാണ് സിപിഎം നിര്‍ദേശം.
കാസിം ഇരിക്കൂര്‍ പക്ഷം വിട്ടുവരാന്‍ അഹമ്മദ് ദേവര്‍ കോവില്‍ തയ്യാറാവുകയാണെങ്കില്‍ വഹാബ് പക്ഷത്തിനും എതിര്‍പ്പില്ല. എന്നാല്‍ യോഗത്തിന് വന്നില്ലെങ്കില്‍ ദേവര്‍കോവിലിനെതിരെ നടപടിയുണ്ടാവും. വഹാബ് പക്ഷത്തോട് അടുത്തുനില്‍ക്കുന്ന സ്വതന്ത്ര എംഎല്‍എ പി.ടി.എ റഹീമിനെ പകരം മന്ത്രിയാക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ വഹാബ് വിളിച്ച യോഗത്തില്‍ ദേവര്‍കോവില്‍ പങ്കെടുക്കില്ലെന്ന് കാസിം ഇരിക്കൂര്‍ പറയുന്നു.
അദ്ദേഹം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ദേവര്‍കോവില്‍ ദേശീയനേതൃത്വത്തിനൊപ്പമാണെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. അതേസമയം പ്രവര്‍ത്തകസമിതി വിളിച്ച് ഭൂരിപക്ഷം തനിക്കൊപ്പമാണെന്ന് തെളിയിക്കാനുള്ള നീക്കത്തിലാണ് കാസിം ഇരിക്കൂര്‍. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന്‍ ഒപ്പമുണ്ടെന്നതാണ് കാസിം ഇരിക്കൂരിന്‍റെ ബലം.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് അബ്ദുല്‍ വഹാബിനെ പുറത്താക്കിയതെന്നും പുതിയ സംസ്ഥാന പ്രസിഡന്റിനെ ഉടന്‍ തിരഞ്ഞെടുക്കുമെന്നും മുഹമ്മദ് സുലൈമാന്‍ ഇന്നലെ പത്രക്കുറിപ്പിറക്കിയിരുന്നു. എന്നാല്‍ കൗണ്‍സിലില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ തന്നെ പുറത്താക്കാൻ ദേശീയ അധ്യക്ഷന് ഭരണഘടനാപരമായ അധികാരമില്ലെന്ന നിലപാടിലാണ് എ പി അബ്ദുൾ വഹാബ്.
മാത്രമല്ല മുഹമ്മദ് സുലൈമാന് പോപ്പുലര്‍ ഫ്രണ്ടുമായും ജമാഅത്തെ ഇസ്ലാമിയുമായുമുള്ള ബന്ധങ്ങളും വഹാബ് പക്ഷം ഉയര്‍ത്തുന്നുണ്ട്. ദേശീയ അധ്യക്ഷന്റെ നിലപാടുകൾ എൽ ഡി എഫിന്റെ നയങ്ങളോട് യോജിക്കുന്നതല്ലെന്നും എല്‍ ഡി എഫും സിപിഎമ്മും അത് മനസിലാക്കിയിട്ടുണ്ടെന്നും എ പി അബ്ദുൾ വഹാബ് പറഞ്ഞു. എന്നാല്‍ വഹാബിന് ഐഎന്‍എലിന്‍റെ ഭരണഘടനയെക്കുറിച്ചറിയാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നാണ് കാസിം ഇരിക്കൂരിന്‍റെ നടപടി.
സംഘടനാ തലത്തിലെ പ്രശ്നങ്ങളിൽ അന്തിമ വാക്ക് അഖിലേന്ത്യ അധ്യക്ഷന്റേതാണ്. സംസ്ഥാന പ്രസിഡണ്ടുള്‍പ്പെടെ ഏത് ഭാരവാഹിക്കെതിരെ നടപടിയെടുക്കാനും ദേശീയ അധ്യക്ഷന് അധികാരമുണ്ട്. ദേശീയ അധ്യക്ഷന് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും കാസിം ന്യൂസ് 18നോട് പറഞ്ഞു. ഐ എൻ എൽ പിളർത്താൻ പാർട്ടിയിൽ ഒരു വിഭാഗത്തെ പി കെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചെന്നും വഹാബ് പക്ഷം ആരോപിക്കുന്നുണ്ട്.
മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതിയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയരാന്‍ സാധ്യതയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ഐഎന്‍എല്‍ പിളര്‍ത്താന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസത്തെപ്രശ്നങ്ങള്‍ക്ക് തൊട്ടുപിന്നാലെ അതൃപ്തരെ മുസ്ലിം ലീഗിലേക്ക് സ്വാഗതം ചെയ്തത് ഇതിന്‍റെ തെളിവാണെന്നും വഹാബ് ആരോപിക്കുന്നു.
എന്നാല്‍ മുസ്ലിം ലീഗിലേക്ക് പോവാനൊരുങ്ങുന്നത് വഹാബാണെന്നാണ് കാസിം ഇരിക്കൂറിന്‍റെ മറുപടി. അടുത്ത തവണ വള്ളിക്കുന്ന് സീറ്റ് പ്രതീക്ഷിക്കുന്നുണ്ടാവാമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,