ഫുട്ബോൾ മത്സരങ്ങൾക്ക് ആവേശം പകരാൻ ഗ്യാലറിയിലേക്ക് ആരാധകരെ തിരികെയെത്തിക്കാനൊരുങ്ങി ബുണ്ടസ്ലീഗ. 25,000 ആരാധകരെ സ്റ്റേഡിയത്തില്‍ എത്തിച്ച് ലീഗ് ആരംഭിക്കാനാണ് ശ്രമം. ജര്‍മ്മന്‍ സ്റ്റേറ്റ് അധികാരികളും സെനറ്റ് വൈസ്ചാന്‍സലര്‍മാരുമാണ് ആരാധകരെ സ്റ്റേഡിയത്തില്‍ അനുവദിക്കുന്നതിനെ കുറിച്ച് അന്തിമ തീരുമാനമെടുത്തത്.
ജർമ്മനിയിൽ കൊവിഡ് നിരക്ക് കുത്തനെ ഇടിഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. സ്പോർട്സ് സ്റ്റേഡിയങ്ങൾ 50 ശതമാനം കാണികളെ ഉൾക്കൊള്ളിച്ച് മത്സരങ്ങൾ നടത്താൻ അനുമതി നൽകി. ഇതിന് പിന്നാലെയാണ് പുതിയ സീസൺ ഓഗസ്റ്റ് 13 ന് ആരംഭിക്കാനിരിക്കെ ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കുന്നത്.
ബുണ്ടസ്ലീഗ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ആദ്യ മത്സരത്തില്‍ 20,000 ആരാധകരെ സ്റ്റേഡിയത്തില്‍ എത്തിക്കും. സോഷ്യല്‍ ഡിസ്റ്റന്‍സിംഗും കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് അടക്കമുള്ള സുരക്ഷമാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ആരാധകര്‍ക്ക് പ്രവേശനം നൽകുന്നത്. പുതിയ പരിശീലകനായ ജൂലിയന്‍ നാഗെല്‍സ്മാന്റെ കീഴില്‍ ബൊറുസിയ മൊഷന്‍ഗ്ലാഡ്ബാക്കിനെതിരെ ആണ് ബയേണിന്റെ ആദ്യ മത്സരം.