?കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് ഓഗസ്റ്റ് മധ്യത്തോടെ തുടങ്ങിയേക്കുമെന്ന് എസ്ബിഐ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട്. സെപ്റ്റംബറോടെ മൂന്നാം തരംഗം ഉച്ഛസ്ഥായിയില്‍ എത്തുമെന്നും ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. രണ്ടാം തരംഗം അവസാനിക്കുന്നതിന് മുമ്പ് മൂന്നാം തരംഗം ഓഗസറ്റില്‍ ഓഗസറ്റില്‍ തുടങ്ങുമെന്നാണ് പ്രവചനം. വാക്‌സിനേഷനാണ് മഹാമാരിയില്‍നിന്ന് രക്ഷനേടാനുള്ള ഏകമാര്‍ഗമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ 4.6 ശതമാനത്തിന് മാത്രമാണ് പൂര്‍ണമായും വാക്‌സിന്‍ കുത്തിവെപ്പ് ലഭിച്ചത്. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണിത്. യു.എസ്സില്‍ ജനസംഖ്യയുടെ 47.1 ശതമാനത്തിനും യു.കെയില്‍ 48.7 ശതമാനത്തിനും രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചു.

?കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം നിസാര ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുന്ന വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കേണ്ട സമയമായെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന് ടൂള്‍കിറ്റിനോട് താത്പര്യമില്ലെങ്കില്‍ അതിനെ അവഗണിച്ചാല്‍ മാത്രം മതിയെന്ന് പറഞ്ഞ ജസ്റ്റിസ് ചന്ദ്രചൂഢ് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന കാര്യം താങ്കള്‍ക്ക് അറിയില്ലേ എന്നും ചോദിച്ചു.

?പശുവിന്റെ പേരില്‍ മുസ്ലിങ്ങളെ വേര്‍തിരിച്ച് ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ ഹിന്ദുത്വത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. മുസ്ലിങ്ങളെ ഉപദ്രവിക്കുന്ന ബി.ജെ.പി നേതാക്കളെയാണ് ആര്‍.എസ്.എസ് മേധാവി ഇക്കാര്യം ആദ്യം ബോധ്യപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു

?സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീണ്ടേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനാണ് ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായിരിക്കുന്നത്. എന്തെല്ലാം ഇളവുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം മുഖ്യമന്ത്രി ഇന്ന് വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നരയ്ക്കുള്ള യോഗശേഷം വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തിലാവും ലോക്ക്ഡൗണ്‍ നിയന്ത്രണം എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുക.

?കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പോലീസ് കമ്മിഷണറേറ്റുകള്‍ സ്ഥാപിക്കണമെന്ന് വീണ്ടും സര്‍ക്കാരിന് ശുപാര്‍ശ. പോലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിക്കുംമുമ്പ് ലോക്‌നാഥ് ബെഹ്‌റയാണ് ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയത്. കളക്ടര്‍മാര്‍ക്കുള്ള എല്ലാ മജിസ്റ്റീരിയല്‍ അധികാരങ്ങളും ആവശ്യമില്ലെന്നും ഗുണ്ടാനിയമം നടപ്പാക്കാനുള്ള അധികാരങ്ങള്‍മാത്രം നല്‍കിയാല്‍ മതിയെന്നുമാണ് ഇതിലുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലംമുതല്‍ ചര്‍ച്ചചെയ്യുന്ന പോലീസ് കമ്മിഷണറേറ്റ് എന്ന ആവശ്യം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയാവുകയാണ്.

?കിറ്റക്‌സിലെ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പോ മുന്‍കൈയെടുത്ത് ഒരു പരിശോധനയും കിറ്റക്‌സില്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പരിശോധനകളെ സംബന്ധിച്ച് ഔദ്യോഗിക പരാതി നല്‍കാതെ കിറ്റക്സ് മേധാവി സാബു എം ജേക്കബ് സംസ്ഥാന സര്‍ക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ഗൗരവതരമാണെന്നും രാജീവ് പറഞ്ഞു.

?വ്യവസായ മന്ത്രി പി. രാജീവിന് മറുപടിയുമായി കിറ്റക്‌സ് ഉടമ സാബു ജേക്കബ്. താന്‍ ആണ് കുഴപ്പക്കാരനെന്ന് ചിത്രീകരിക്കാന്‍ നോക്കുന്നതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സര്‍ക്കാരിനെയോ വ്യവസായ മന്ത്രിയെയോ വെല്ലുവിളിക്കാനോ ഒന്നുമല്ല, ഇവിടെ ഒരു വ്യവസായി നേരിട്ടത് പീഡനമാണ്, ഒരു മൃഗത്തെ പോലെ ഒരു വ്യവസായിയെ ഒരു മാസമിട്ട് പീഡിപ്പിച്ചു, തൊഴിലാളികളെ പീഡിപ്പിച്ചു. ഇതാണ് വ്യവസായ സൗഹൃദമെന്നും ഇതാണ് കേരളമെന്നും പറഞ്ഞ സാബു എല്ലാവരും വ്യവസായം തുടരട്ടെയെന്നും എല്ലായിടത്തു നിന്നും നിക്ഷേപം വരട്ടെയെന്നും ആശംസിച്ചു. എന്തായാലും തനിക്ക് തന്റേതായ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

?കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ ഇക്കാര്യം പറഞ്ഞത്. അഴിമതിക്കാരനെതിരെയാണ് എം.എല്‍.എമാര്‍ സഭയില്‍ പ്രതിഷേധിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചു.

?ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. നിയമസഭയിലെ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിയെ അറിയിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പി.സി. ജോര്‍ജിന്റെ പ്രതികരണം.

?കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അന്വേഷണസംഘത്തിനുമുന്നില്‍ ഇന്ന് ഹാജരാകില്ല. കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഇന്ന് പത്തിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. എപ്പോഴാണ് ഹാജരാകുന്നതെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു നോട്ടീസ് കിട്ടിയ ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

?സംഘപരിവാറിന്റെയും മോദി അമിത് ഷാ ഉന്മൂലന രാഷ്ട്രീയത്തിന്റെയും ഒടുവിലത്തെ രക്തസാക്ഷിയാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി എന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ ടി. സിദ്ധീഖ് എംഎല്‍എ. തികഞ്ഞ മനുഷ്യസ്നേഹിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമി, സമൂഹത്തിലെ ഏറ്റവും താഴെ തട്ടില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗിരിവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ള ജന വിഭാഗത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഗുരുശ്രേഷ്ഠനായിരുന്നുവെന്ന് സിദ്ദീഖ് പറഞ്ഞു.

?മരംമുറി വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ റവന്യു വകുപ്പിന്റെ ഫയല്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികാര നടപടി. റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി.ശാലിനിക്കെതിരെയാണ് സര്‍ക്കാര്‍ നടപടി. ഒ.ജി.ശാലിനിയോട് അവധിയില്‍ പോകാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ആവശ്യപ്പെട്ടു. തുടര്‍ന്ന് അവര്‍ അവധിക്ക് അപേക്ഷയും നല്‍കി.

?കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി യാക്കോബായ വിശ്വാസികള്‍ പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന യാക്കോബായ വിശ്വാസികളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

?ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ബന്ധം ഇന്ത്യയും പാകിസ്താനും പോലെയല്ലെന്നും മറിച്ച് കഴിഞ്ഞ ദിവസം വിവാഹമോചിതരായ ആമിര്‍ ഖാനേയും കിരണ്‍ റാവുവിനേയും പോലെയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഞങ്ങളുടെ രാഷ്ട്രീയവഴികള്‍ വ്യത്യസ്തമായിരിക്കും. പക്ഷെ ഞങ്ങളുടെ സൗഹൃദത്തിന് കേടുപറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും ശിവസേനയും ശത്രുക്കളല്ലെന്ന ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം.

?നിയമസഭയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ പന്ത്രണ്ട് ബി.ജെ.പി. എം.എല്‍.എമാരെ സ്പീക്കര്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. നിയമസഭ സ്പീക്കര്‍ ഭാസ്‌കര്‍ ജാദവിനെ കയ്യേറ്റം ചെയ്യുകയും മോശം പരാമര്‍ശങ്ങള്‍ നടത്തുകയും സഭയില്‍ ബഹളം ഉണ്ടാക്കുകയും ചെയ്തതിന്റെ പേരിലാണ് നടപടി.

?മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലാണ് അഭിജിത്ത് മുഖര്‍ജി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

?ഇറാനില്‍നിന്ന് കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ഹെറോയിന്‍ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 2000 കോടി വിലവരുന്ന 283 കിലോഗ്രാം ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. ഈയടുത്ത് രാജ്യത്തു നടന്ന വമ്പന്‍ ലഹരിമരുന്നു വേട്ടയാണിത്.

?പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് 2021 വര്‍ഷത്തെ ആഗോള തലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന റീട്ടെയില്‍ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. മിഡില്‍ ഈസ്റ്റില്‍ നിന്നും ലുലു ഗ്രൂപ്പ്, കാരിഫോര്‍ എന്നിവ മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചത്. അമേരിക്കന്‍ സ്ഥാപനങ്ങളായ വാള്‍മാര്‍ട്ട്, ആമസോണ്‍, കോസ്റ്റ്‌കോ കോര്‍പ്പറേഷന്‍ എന്നിവ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി.

?രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഒരേ സമയം യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം 50 ശതമാനത്തില്‍ നിന്ന് 65 ശതമാനമാക്കി ഉയര്‍ത്തി.

?ജൂലായ് 19 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ജനിതകമാറ്റം വന്ന കോവിഡ് വൈറസുകളുടെ ഫാക്ടറിയാക്കി രാജ്യത്തെ മാറ്റരുതെന്ന ഗവേഷകരായ സര്‍ക്കാര്‍ ഉപദേഷ്ടാക്കളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാനമന്ത്രിയുടെ പുതിയ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ ഉടന്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.

?ടോക്യോ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക ബോക്സിങ് താരം മേരികോമും ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂലൈ എട്ടിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗുസ്തി താരം ബജ്റംഗ് പുനിയ ആകും പതാകയേന്തുക.

?ടോക്യോ ഒളിമ്പിക്‌സിനുള്ള 26 അംഗ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സംഘത്തെ പ്രഖ്യാപിച്ച് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. പുരുഷന്മാരുടെ 4×400 മീറ്റര്‍ റിലേയില്‍ മുഹമ്മദ് അനസ്, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ് എന്നിവരുണ്ട്. 4×400 മിക്സഡ് റിലേ ടീമില്‍ മലയാളിയായ അലക്സ് ആന്റണിയും ഇടംപിടിച്ചു. മിക്സഡ് റിലേയില്‍ കേരളത്തില്‍നിന്നുള്ള വനിതകളില്ല. മലയാളി താരങ്ങളായ വി.കെ വിസ്മയക്കും ജിസ്‌ന മാത്യുവിനും സംഘത്തില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല.

?വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ കുതിപ്പ് തുടര്‍ന്ന് ടുണീഷ്യയുടെ ഓന്‍സ് ജാബ്യുര്‍. കഴിഞ്ഞ ദിവസം സ്പെയിനിന്റെ ഗബ്രിയേന്‍ മുഗുരുസയെ തോല്‍പ്പിച്ച് ഓന്‍സ് ജാബ്യുര്‍ വിംബിള്‍ഡണിന്റെ പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ അറബ് വനിത എന്ന ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ പ്രീ ക്വാര്‍ട്ടറില്‍ ഇരുപതുകാരിയായ പോളിഷ് താരം ഇഗ സ്വിയാറ്റെകിനെ തോല്‍പ്പിച്ച് ഓന്‍സ് ജാബ്യുര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി. വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡ് ആഷ്ലി ബാര്‍ട്ടി, രണ്ടാം സീഡ് അരയ്ന സബലേങ്ക, എട്ടാം സീഡ് കരോളിന പ്ലിസ്‌കോവ എന്നിവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി. പുരുഷ സിംഗിള്‍സില്‍ ഒന്നാം സീഡ് നൊവാക് ജോകോവിച്ച്, 10-ാം സീഡ് ഡെനിസ് ഷപൊവലോവ് എന്നിവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി.

?ഫുട്ബോള്‍ ലോകത്ത് തീപടര്‍ത്തി ഫ്രഞ്ച് താരങ്ങളായ ഒസ്മാനെ ഡെംബലയുടേയും അന്റോയ്ന്‍ ഗ്രീസ്മാന്റേയും വംശീയാധിക്ഷേപം. ഹോട്ടല്‍ റൂമില്‍ വീഡിയോ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യാനെത്തിയ ഏഷ്യന്‍ വംശജരെ വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അവരുടെ മുഖം വൃത്തികെട്ടതാണെന്നും ഭാഷ മോശമാണെന്നും രാജ്യം സാങ്കേതികമായി ഉയര്‍ന്നതാണോയെന്നെല്ലാം ഡെംബലെ ചോദിക്കുമ്പോള്‍ അതെല്ലാം കേട്ട് ചിരിക്കുന്ന ഗ്രീസ്മാന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.

?കേരളത്തില്‍ ഇന്നലെ 80,134 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,818 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7361 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 624 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,346 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,00,626 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 6ന് താഴെ 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്ക് 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്ക് 293, ടി.പി.ആര്‍. 18ന് മുകളില്‍ 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138.

?രാജ്യത്ത് ഇന്നലെ 34,026 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 51,827 പേര്‍ രോഗമുക്തി നേടി. മരണം 552. ഇതോടെ ആകെ മരണം 4,03,310 ആയി. ഇതുവരെ 3,06,18,939 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.58 ലക്ഷം കോവിഡ് രോഗികള്‍.

?മഹാരാഷ്ട്രയില്‍ ഇന്നലെ 6,740 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 3,715 പേര്‍ക്കും കര്‍ണാടകയില്‍ 2,848 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,100 പേര്‍ക്കും ഒഡീഷയില്‍ 2,803 പേര്‍ക്കും ആസാമില്‍ 2,640 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

?ആഗോളതലത്തില്‍ ഇന്നലെ 3,29,547 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 3,681 പേര്‍ക്കും ബ്രസീലില്‍ 22,703 പേര്‍ക്കും റഷ്യയില്‍ 24,353 പേര്‍ക്കും ഇംഗ്ലണ്ടില്‍ 27,334 പേര്‍ക്കും അര്‍ജന്റീനയില്‍ 17,277 പേര്‍ക്കും കൊളംബിയയില്‍ 25,366 പേര്‍ക്കും ഇറാനില്‍ 16,025 ഇന്‍ഡോനേഷ്യയില്‍ 29,745 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 12,513 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.49 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.16 കോടി കോവിഡ് രോഗികള്‍.

?ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. 5,749 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 18 പേരും ബ്രസീലില്‍ 637 പേരും റഷ്യയില്‍ 654 പേരും അര്‍ജന്റീനയില്‍ 617 പേരും കൊളംബിയയില്‍ 570 പേരും ഇന്‍ഡോനേഷ്യയില്‍ 558 പേരും സൗത്ത് ആഫ്രിക്കയില്‍ 331 പേരും ഇന്നലെ മരിച്ചു.

?ഇന്ത്യന്‍ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് 2.3 ബില്യണ്‍ ഡോളര്‍ (17,000 കോടി രൂപ) ധനസമാഹരണം ലക്ഷ്യമിട്ട് ആഭ്യന്തര പ്രാഥമിക ഓഹരി വില്‍പ്പനയിലേക്ക് (ഐപിഒ) കടക്കുന്നു. പുതിയ ഓഹരി വില്‍ക്കുന്നതിലൂടെയും ഷെയറുകളുടെ ദ്വിതീയ ഓഫറിലൂടെയും കമ്പനി പണം സമാഹരിക്കും. ചൈനയുടെ അലിബാബയുടെയും ജപ്പാനിലെ സോഫ്റ്റ്ബാങ്കിന്റെയും പിന്തുണയുളള കമ്പനി, 12,000 കോടി രൂപയുടെ (1.61 ബില്യണ്‍ ഡോളര്‍) വരെ പുതിയ സ്റ്റോക്ക് വില്‍ക്കാന്‍ ഇജിഎമ്മില്‍ ഓഹരി ഉടമകളുടെ അനുമതി തേടും, കൂടാതെ ഒരു ശതമാനം വരെ അധിക സബ്‌സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനും ഓപ്ഷന്‍ മുന്നോട്ട് വയ്ക്കുന്ന രീതിയിലാകും ഓഹരി വില്‍പ്പന.

?രണ്ട് മാസത്തെ വില്‍പ്പന പ്രവണതയെ മറികടന്ന് ജൂണില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ വിപണിയില്‍ അറ്റവാങ്ങലുകാരായി മാറി. ജൂണില്‍ 13,269 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്പിഐകള്‍ നടത്തിയത്. ജൂണ്‍ ഒന്നിനും ജൂണ്‍ 30 നും ഇടയില്‍ എഫ്പിഐകള്‍ 17,215 കോടി രൂപയുടെ അറ്റ നിക്ഷേപം ഇക്വിറ്റികളില്‍ നടത്തി. ഡെറ്റ് സെഗ്മെന്റിനെ സംബന്ധിച്ചിടത്തോളം എഫ്പിഐ 3,946 കോടി രൂപയുടെ പിന്‍വലിക്കലാണ് ജൂണില്‍ നടത്തിയത്. മൊത്തം 13,269 കോടി രൂപയുടെ അറ്റ നിക്ഷേപം. ഇതിന് മുമ്പ് വിദേശ നിക്ഷേപകര്‍ മെയ് മാസത്തില്‍ 2,666 കോടി രൂപയുടെയും ഏപ്രിലില്‍ 9,435 കോടി രൂപയുടെയും അറ്റ പിന്‍വലിക്കല്‍ ഓഹരിവിപണിയില്‍ നടത്തി.

?തെന്നിന്ത്യന്‍ സിനിമാലോകത്ത് വന്‍ ചര്‍ച്ചയാകുന്നത് നാഗാര്‍ജ്ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുടെ പുതിയ ചിത്രമാണ്. ഏജന്റ് എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയില്‍ അഖിലിന്റെ വില്ലനായി എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. രണ്ട് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി തെലുങ്കില്‍ എത്തുന്നത്. വന്‍ തുകയാണ് ചിത്രത്തിനായി മെഗാസ്റ്റാര്‍ വാങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ടോളിവുഡ് മാധ്യമമായ ടോളിവുഡ് ഡോട് നെറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 3 കോടി രൂപയാണ് ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രതിഫലം. യാത്രയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലെത്തുന്ന ചിത്രമാണ് എജന്റ്. പുതുമുഖതാരം സാക്ഷി വൈദ്യയാണ് അഖിന്റെ നായികയായി എത്തുന്നത്.

?ആര്‍ എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി. ഇപ്പോഴിതാ ശിവകാമിയുടെ ജീവിതവും സ്‌ക്രീനില്‍ ഒരുങ്ങുകയാണ്. വെബ്ബ് സീരിസായിട്ടാണ് ശിവകാമിയുടെ ജീവിതം സ്‌ക്രീനിലെത്തുന്നത്. ശിവഗാമിയുടെ കുട്ടിക്കാലവും യൗവനവും അവതരിപ്പിക്കുന്നത് സീരീസില്‍ മലയാളിക്ക് ഏറെ പരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബി ആണ്.’ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്’ എന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘ബാഹുബലി: ദി ബിഗിനിംഗ്’, ‘ബാഹുബലി: കണ്‍ക്ലൂഷന്‍’ എന്നിവയുടെ പ്രിക്വല്‍ ആണ്.

?ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസിന്റെയും ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് എത്തുന്നു. ഗ്ലോസി ബ്ലാക്ക് നിറവും ഡാര്‍ക്ക് എഡിഷന്‍ ബാഡ്ജിങ്ങുമാണ് റെഗുലര്‍ മോഡലില്‍ നിന്ന് ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നത്. അല്‍ട്രോസിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് ഡാര്‍ക്ക് എഡിഷന്‍ ആകുന്നതെന്നാണ് വിവരം. റെഗുലര്‍ മോഡലിനെക്കാള്‍ 30,000 രൂപ വരെ ഉയര്‍ന്ന വിലയും ഡാര്‍ക്ക് എഡിഷന് പ്രതീക്ഷിക്കാം.

?കഥകലുടെ ആഴങ്ങളിലേയ്ക്ക് വായനക്കാരനെ കൊണ്ടെത്തിക്കാനുള്ള പ്രേത്യേക കാന്തിശക്ഷിയുണ്ട് എം രാജീവ് കുമാറിന്റെ കഥകള്‍ക്ക്. ‘എന്റെ പ്രിയകഥകള്‍’ – എം രാജീവ് കുമാര്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 214 രൂപ.

?കോവിഡ് രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യത്തില്‍ കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവാസ്‌കുലര്‍ നെക്രോസിസ് എന്ന അസ്ഥികോശങ്ങള്‍ നശിക്കുന്ന രോഗാവസ്ഥ കണ്ടെത്തിയത്. ബ്ലാക്ക് ഫംഗസ് പോലെ സ്റ്റിറോയിഡ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്കിടയില്‍ രോഗം വരാന്‍ സാധ്യത കൂടുതലാണ്. കോവിഡ് ചികിത്സയ്ക്ക് സ്റ്റിറോയിഡ് ഉപയോഗിക്കുന്നുണ്ട്. സ്റ്റിറോയിഡ് ഉപയോഗിച്ചവരില്‍ ആറുമുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഈ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തിയാല്‍ എളുപ്പം അസുഖം ഭേദമാക്കാന്‍ സാധിക്കും. അങ്ങനെയങ്കില്‍ ശസ്ത്രക്രിയ ഒഴിവാക്കാം. അസ്ഥികളിലേക്ക് താത്കാലികമായോ പൂര്‍ണമായോ രക്തയോട്ടം നിലയ്ക്കുന്നതാണ് അവസ്ഥ.അസ്ഥികോശങ്ങള്‍ നശിക്കുന്നതോടെ അസ്ഥികളുടെ പ്രവര്‍ത്തനം നിലയ്ക്കാം. സന്ധികളെയും ഇത് ബാധിക്കാം. സന്ധിവേദനയാണ് ഇതിന്റെ മുഖ്യലക്ഷണം. സ്റ്റിറോയിഡുകളുടെ ദീര്‍ഘകാലമായ ഉപയോഗത്തിന് പുറമേ പരിക്ക്, പൊട്ടല്‍, രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കല്‍ എന്നി കാരണങ്ങള്‍ കൊണ്ടും അവാസ്‌കുലര്‍ നെക്രോസിസ് സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ശുഭദിനം
കവിത കണ്ണന്‍
ഗ്രീക്ക് തത്വചിന്തകനായ ഡയോജനീസ് വഴിയിലേക്ക് നോക്കി നിന്നു ചിരിക്കുന്നതു കണ്ട് ഒരാള്‍ കാരണം ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘വഴിയുടെ നടുവില്‍ കിടക്കുന്ന ആ കരിങ്കല്‍ കഷ്ണം കണ്ടോ. ഒട്ടേറെ പേര്‍ അതില്‍ തട്ടിവീഴുകയും പലര്‍ക്കും മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരാള്‍പോലും ആ കല്ലുമാറ്റാന്‍ തയ്യാറായില്ല. ആളുകളുടെ സ്വാര്‍ത്ഥത ഓര്‍ത്താണ് ഞാന്‍ ചിരിച്ചത്’. മറ്റാരെങ്കിലും ചെയ്യുമെന്ന് എല്ലാവരും കരുതിയാല്‍ പിന്നെ ആരും ഒന്നും ചെയ്യില്ല. ഈ കടമ നിര്‍വ്വഹിക്കേണ്ടത് ഉത്തരവാദിത്തപ്പെട്ടവരാണെന്ന് ചിന്തിച്ചാല്‍ പിന്നെ ആര്‍ക്കും ഒന്നിനോടും പ്രതിബദ്ധതയുണ്ടാവില്ല. തനിക്കുണ്ടായ ദുരനുഭവം മറ്റുള്ളവര്‍ക്കും ലഭിക്കണം എന്ന മനോവൈകൃതങ്ങളിലേക്കെത്തിയാല്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകും. എന്നെ ബാധിക്കുന്ന കാര്യങ്ങളിലേ ഞാന്‍ ഇടപെടൂ എന്ന ചിന്തയാണ് നോക്കുകുത്തികളായ പല ആളുകളേയും സൃഷ്ടിക്കുന്നത്. എല്ലാ മുന്നേറ്റങ്ങളും ആരെങ്കിലുമൊരാള്‍ തുടങ്ങിവെച്ചതാണ്. ആ ഒരാള്‍ ഞാനാകണമെന്ന് ചിന്തിക്കുന്നിടത്താണ് നമ്മുടെ സഞ്ചാരപഥങ്ങള്‍ തടസ്സരഹിതവും വിശാലവുമാകുന്നത്. തനിച്ചിറങ്ങിയാല്‍ എല്ലാ ദൗത്യങ്ങളും പൂര്‍ത്തിയാകണമെന്നില്ല. പക്ഷേ, തുനിഞ്ഞിറങ്ങിയാല്‍ പൂര്‍ത്തിയാകാത്ത ഒരു ദൗത്യവുമില്ല. നമുക്ക് വഴിതെളിക്കാം… മുന്നേറാം – ശുഭദിനം

Leave a Reply

Your email address will not be published. Required fields are marked *