ഗോയിയാനിയ:> കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇക്വഡോറിനെ പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറി അർജന്റീന. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും ജയം. ബുധനാഴ്ച നടക്കുന്ന സെമിയിൽ കൊളംബിയയാണ് അർജന്റീനയുടെ എതിരാളികൾ.
റോഡ്രിഗോ ഡി പോൾ, ലൗറ്റാരോ മാർട്ടിനെസ്, ലയണൽ മെസ്സി എന്നിവരാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്. അർജന്റീനയുടെ ആദ്യ രണ്ടു ഗോളിനും വഴിയൊരുക്കിയതും മെസ്സിയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമണം അഴിച്ചുവിട്ട അർജന്റീന 40-ാം മിനിറ്റിലാണ് മുന്നിലെത്തിയത്. മെസ്സിയുടെ പാസിൽ നിന്ന് റോഡ്രിഗോ ഡി പോളാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്. മെസ്സിയുടെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മെസ്സിയിൽ നിന്ന് പന്ത് ലഭിച്ച ലൗറ്റാരോ മാർട്ടിനെസിന്റെ മുന്നേറ്റം ഇക്വഡോർ ഗോൾകീപ്പർ ഹെർനൻ ഗലിൻഡസ് തടഞ്ഞു. ഈ ശ്രമത്തിൽ നിന്ന് പന്ത് ലഭിച്ച മെസ്സി അത് നേരേ പോളിന് നീട്ടിനൽകുകയായിരുന്നു. ഗോൾകീപ്പർ സ്ഥാനം തെറ്റിനിന്ന അവസരം മുതലെടുത്ത് പോൾ പന്ത് വലയിലെത്തിച്ചു.
രണ്ടാം മിനിറ്റിൽ തന്നെ ലൗറ്റാരോ മാർട്ടിനെസിന്റെ ഗോൾശ്രമം ഗലിൻഡസ് തടയുന്നത് കണ്ടാണ് മത്സരം ആരംഭിച്ചത്. നാലാം മിനിറ്റിൽ ലോ സെൽസോയും അവസരം നഷ്ടപ്പെടുത്തി. 14-ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസിന്റെ ഉറച്ച ഗോളവസരം കൃത്യമായ ഇടപെടലിലൂടെ ഇക്വഡോർ ഡിഫൻഡർ ആർബൊലെഡ തടഞ്ഞു.
23-ാം മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ മെസ്സിയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി.
24-ാം മിനിറ്റിൽ ഇക്വഡോറിനും അവസരം ലഭിച്ചു. ജെഗസൺ മെൻഡസിന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് സേവ് ചെയ്തു. പിന്നാലെ 38-ാം മിനിറ്റിൽ എന്നെർ വലൻസിയക്കും ടീമിനെ മുന്നിലെത്തിക്കാൻ സാധിച്ചില്ല. പലപ്പോഴും അർജന്റീന പ്രതിരോധത്തിന്റെ ദൗർബല്യം മുതലെടുത്ത് ഇക്വഡോർ മികച്ച അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഫിനിഷിങ്ങിലെ പിഴവുകളാണ് അവർക്ക് തിരിച്ചടിയായത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗലിൻഡസ് ഇരട്ട സേവുമായി വീണ്ടും ഇക്വഡോറിന്റെ രക്ഷയ്ക്കെത്തി.എൻ്റെ മുക്കം കായികം ന്യൂസ്. മെസ്സിയുടെ ഫ്രീകിക്കിൽ നിന്നുള്ള നിക്കോളാസ് ഗോൾസാലസിന്റെ ഹെഡർ തടഞ്ഞിട്ട ഗലിൻഡെസ്, ഗോൾസാലസിന്റെ റീബൗണ്ട് ഷോട്ടും തടഞ്ഞിടുകയായിരുന്നു.
രണ്ടാം പകുതിയിലും ഇരു ടീമും മികച്ച ആക്രമണങ്ങളുമായി കളംനിറഞ്ഞു. 58-ാം മിനിറ്റിൽ എന്നർ വലൻസിയയുടെ ഷോട്ട് എമിലിയാനോ മാർട്ടിനെസ് തടഞ്ഞു.
84-ാം മിനിറ്റിൽ അർജന്റീന ലീഡുയർത്തി. ഇക്വഡോറിന്റെ പ്രതിരോധ പിഴവിൽ നിന്നായിരുന്നു ഗോൾ. ഈ അവസരം മുതലെടുത്ത് മെസ്സി നൽകിയ പാസ് മാർട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ ഇൻജുറി ടൈമിൽ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് മെസ്സി അർജന്റീനയുടെ ഗോൾപട്ടിക തികയ്ക്കുകയും ചെയ്തു.
ഏയ്ഞ്ചൽ ഡി മരിയക്കെതിരായ പിയെറോ ഹിൻകാപിയയുടെ ഫൗളിനെ തുടർന്നായിരുന്നു ഫ്രീകിക്ക്. വാർ പരിശോധിച്ച റഫറി ഈ ഫൗളിന് ഹിൻകാപിയക്ക് ചുവപ്പു കാർഡ് നൽകുകയും ചെയ്തു.