കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി കോർ ടിം ഗ്രൂപ്പ് യോഗം ചേർന്നു. നഗര സഭാ പരിധിയിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ യോഗം തീരുമാനിച്ചു. 

തീരുമാനപ്രകാരം ഹോട്ടൽ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് മാസത്തിലൊരിക്കൽ ആന്റിജൻ ടെസ്റ്റ്‌ നിർബന്ധമാക്കും. ഇതിനായി നഗര സഭ സെക്രട്ടറി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും. ടെസ്റ്റ്‌ കഴിഞ്ഞവരുടെ സർട്ടിഫിക്കറ്റ് കടകളിൽ സൂക്ഷിക്കേണ്ടതാണ്. 

ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ മുക്കം പോലീസ്സും സെക്ടർ മാജിസ്‌ട്രേറ്റും നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. ആർ.ആർ.ടി മാർ വിവരം കൗൺസിലർമാർ വഴി പോലീസിനെയും നഗരസഭയെയും അറിയിക്കേണ്ടതാണ്. 

ഇനി മുതൽ പ്രാഥമിക സമ്പർക്കത്തിലുള്ളവർ നിർബന്ധമായും കോവിഡ് ടെസ്റ്റ്‌ നടത്തേണ്ടതാണ്. ഇതിനായി പ്രത്യേക സൗകര്യം കോവിഡ് ടെസ്റ്റ്‌ കേന്ദ്രത്തിൽ ഒരുക്കുന്നതാണ്.

കച്ചവടസ്ഥാപനങ്ങളിലെയും സൂപ്പർ മാർക്കറ്റുകളിലെയും തിരക്ക് കുറയ്ക്കാൻ പോലീസിന്റെയും സെക്ടർ മാജിസ്‌ട്രേറ്റിന്റെയും നിരീക്ഷണം ശക്തമാക്കും. പ്രോട്ടോകോൾ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പിഴ അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണ് . 

വിവാഹം, സൽക്കാരം, മരണാനന്തര ചടങ്ങുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ അനുവദനീയമായ എണ്ണം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഇവിടങ്ങളിൽ സെക്ടർ മജിസ്‌റേറ്റുമാരുടെയും മുക്കം പോലീസിന്റെയും നിരീക്ഷണം ശക്തമാക്കും. മൂന്നാം തരംഗത്തെ മുൻ നിർത്തി ആർ. ആർ. ടി മാർക്ക് നഗര സഭ വാർ റൂമിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നതാണ്. വാക്‌സിനേഷൻവർധിപ്പിക്കുന്നതിനായി കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതാണ്. 

കോർ ടീം യോഗത്തിൽ നഗര സഭ ചെയർമാൻ പി ടി ബാബു അധ്യക്ഷനായി. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദിനി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്‌, ഡോക്ടമാരായ ഷാജി, നൗഷാദ്, കൗൺസിലർമാരായ വേണു കല്ലുരുട്ടി, വേണു മാസ്റ്റർ, ഗഫൂർ മാസ്റ്റർ, മുഹമ്മദ്‌ അബ്ദുൽ മജീദ്,നഗര സഭ സെക്രട്ടറി സുമയ്യ ബീവി മുക്കം എസ്.എച്ച്. ഒ.നിസ്സാം, സെക്ടർ മജിസ്‌ട്രേറ്റ് അബ്ദുൽ കരീം, വാർ റൂം പ്രതിനിധി മനോജ്‌കുമാർ പി.കെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *