രാമനാട്ടുകര: വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് തടയിടാൻ പോലീസ് പദ്ധതികൾ ആവിഷ്കരിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് കരിപ്പൂരിലെത്തിയ മലപ്പുറം എസ്.പി. എസ്. സുജിത് ദാസ് സാഹചര്യങ്ങൾ വിലയിരുത്തിയശേഷം വിമാനത്താവള റോഡിൽ വാഹനപരിശോധനാകേന്ദ്രം തുടങ്ങാൻ നിർദേശിച്ചു.

രാത്രികാലങ്ങളിൽ എയർപോർട്ടിലെത്തുന്നതും പുറപ്പെടുന്നതുമായ വാഹനങ്ങൾ പോലീസ് പരിശോധിച്ചശേഷമേ കടത്തിവിടുകയുള്ളൂവെന്ന് ഡിവൈ.എസ്.പി. കെ. അഷ്‌റഫ് പറഞ്ഞു. അഞ്ചുയുവാക്കളുടെ മരണത്തിനിടയാക്കിയ രാമനാട്ടുകരയിലെ അപകടത്തെത്തുടർന്നാണ് സ്വർണക്കടത്തുസംഘങ്ങളിലേക്ക് പോലീസിന് വഴിതെളിഞ്ഞത്.

വിമാനത്താവളത്തിനുപുറത്തുള്ള നീക്കുപോക്കുകളും വടംവലിയും കുടിപ്പക തീർക്കലും കണ്ടെത്താനും നിയന്ത്രിക്കാനും പോലീസിന് കാര്യമായ സംവിധാനങ്ങളില്ല. പുതിയ പരിഷ്കാരം നടപ്പാക്കുകയാണെങ്കിൽ ഈസ്ഥിതിയിൽ മാറ്റംവരും. വിമാനത്താവളത്തിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കാനും ധാരണയായിട്ടുണ്ട്. എയർപോർട്ട്‌ പരിസരത്തെ റോഡിലെ വാഹനങ്ങളുടെ പാർക്കിങ് നിരോധിക്കാനും ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *