കോഴിക്കോട്: രാമനാട്ടുകര അപകടത്തിൽ പുതിയ വിവരങ്ങളുമായി പൊലീസ്. ചെർപ്പുളശ്ശേരിയിൽനിന്നുള്ള സംഘമെത്തിയത് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാനാണെന്ന് വിവരം ലഭിച്ചു.
കൊടുവള്ളി സംഘത്തിൽനിന്ന് സ്വർണം തട്ടിയെടുക്കാനായിരുന്നു പദ്ധതി. ഇരുസംഘങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായും സൂചനയുണ്ട്.
സ്വർണക്കടത്ത് സംഘത്തെ പിന്തുടരുന്നതിനിടയിലാണ് അപകടം. ചെർപ്പുളശ്ശേരിയിലെ സംഘം മുമ്പും സ്വർണം കവർന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ കരിപ്പൂർ പൊലീസിന് കൈമാറും.
ബൊലേറോയും സിമന്‍റ് കയറ്റിയ ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് തിങ്കളാഴ്ച പുലർച്ചെ 4.45ഓടെ രാമനാട്ടുകരക്കടുത്ത് പുളിഞ്ചോട് വെച്ച് അപകടമുണ്ടായത്. പാലക്കാട് വല്ലപ്പുഴ തെങ്ങും വളപ്പിൽ ഷഹീർ, മുളയങ്കാവ് സ്വദേശി നാസർ, ചെർപ്പുളശ്ശേരി സ്വദേശി കൂടമംഗലം താഹിർ, നെല്ലായ ചെമ്മൻകുഴി അങ്ങാടിയിൽ സുബൈർ, നെല്ലായ സ്വദേശി അസൈനാർ എന്നിവരാണ് മരിച്ചത്.
പുളിഞ്ചോടു വളവിൽ അമിത വേഗത്തിലായിരുന്ന വാഹനം എതിർദിശയിൽ ലോറിയിലിടിക്കും മുമ്പ് മറിഞ്ഞിരുന്നതായി ഡ്രൈവർ മൊഴി നൽകിയിരുന്നു. മൂന്നു തവണ മലക്കംമറിഞ്ഞ ശേഷമാണ് ലോറിയിൽ ഇടിച്ചതെന്നാണ് മൊഴി