കുന്നമംഗലം : രാജ്യ തലസ്ഥാനത്ത് കർഷകർ നടത്തിവരുന്ന ഐതിഹാസിക സമരത്തിന് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയുടെയും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെയും ആഭിമുഖ്യത്തിൽ ട്രാക്ടർ റാലിയും ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ചു.

കർഷക സമരത്തെ ചോരയിൽ മുക്കികൊല്ലാൻ രാജ്യത്തെ ജനത അനുവദിക്കില്ല എന്നും കോർപ്പറേറ്റുകളുടെ മുന്നിൽ രാജ്യത്തെയൊന്നാകെ മോദി സർക്കാർ അടിയറ വെയ്ക്കുന്നതിനെതിരായാണ് റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകകളേന്തി കർഷകർ ട്രാക്ടർ മാർച്ച് നടത്തിയത് എന്നും വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ ഇ.പി. അൻവർ സാദത്ത് പറഞ്ഞു. പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ വിരുദ്ധവും കർഷകദ്രോഹപരവുമായ കാർഷിക നിയമങ്ങൾ പിൻവലിച്ച് കർഷകരുടെ സമരം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടത്. അതിനു പകരം സായുധ പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താനുള്ള നീക്കമാണ് മോദി സർക്കാർ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

ട്രാക്ടർ റാലിക്ക് എം.പി. ഫാസിൽ, പി.എം. ശരീഫുദ്ധീൻ, ഷഫിൻമുഹമ്മദ്, എം.സി. മജീദ്, അദീം യുസുഫ്, എൻ. റഷീദ്, സി. അബ്ദുസ്സലാം, എൻ. ദാനിഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *