2021 ജനുവരി 23 | 1196 മകരം 10 | ശനി | കാർത്തിക|

?കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി നടന്ന പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണെന്നാണ് സൂചന. നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഒന്നരവര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം ഏറ്റവും മികച്ചതും, ഒടുവിലത്തേതുമാണെന്ന് സര്‍ക്കാര്‍ കര്‍ഷകരോടു പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ പുനഃപരിശോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

?റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലി അലോങ്കലപ്പെടുത്താനും കര്‍ഷക നേതാക്കളെ വെടിവെച്ചു കൊലപ്പെടുത്താനും രണ്ടും സംഘങ്ങളെ നിയോഗിച്ചെന്ന് ആരോപിച്ച് കര്‍ഷകര്‍. സംഘത്തില്‍പ്പെട്ടയാളെന്ന് ആരോപിച്ച് ഒരു മുഖംമൂടിധാരിയെ കര്‍ഷകര്‍ മാധ്യമങ്ങള്‍ക്ക് ഹാജരാക്കുകയും തുടര്‍ന്ന് പോലീസിന് കൈമാറുകയും ചെയ്തു.

?സ്വച്ഛ് ഭാരത് മിഷന്‍ രാജ്യത്ത് ശുചിത്വം ഉറപ്പാക്കിയെന്നും കോവിഡിനെതിരായ പോരാട്ടത്തെ സഹായിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിച്ചുവെന്നുമാത്രമല്ല കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ ഇന്ത്യക്ക് നിരവധി രാജ്യങ്ങളെ സഹായിക്കാന്‍ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

?ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ച് ദിവസങ്ങള്‍ മാത്രമേ ആയുള്ളൂവെങ്കിലും വാക്‌സിന്‍ നിര്‍മിക്കാനുള്ള ഇന്ത്യയുടെ കഴിവിന്റെ കീര്‍ത്തി അതിര്‍ത്തികളും കടന്ന് പറക്കുകയാണ്. അയല്‍രാജ്യങ്ങളിലുള്‍പ്പെടെ ഇന്ത്യയുടെ സല്‍പ്പേര് ഉയര്‍ത്താന്‍ ഇതിനോടകം രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്നാണ് വിദേശമാധ്യമങ്ങളുടെയടക്കം വിലയിരുത്തല്‍. ലോകരാജ്യങ്ങളുടെ ആരോഗ്യസംബന്ധിയായ ആവശ്യങ്ങളില്‍ ദീര്‍ഘകാല പങ്കാളിയാവാന്‍ സാധിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദുരിതകാലത്തും രാജ്യം മുന്നോട്ടുവെയ്ക്കുന്ന വാക്‌സിന്‍ നയതന്ത്രം ആഗോളതലത്തില്‍ ഇന്ത്യയുടെ മൈലേജ് കൂട്ടുമെന്നാണ് വിലയിരുത്തല്‍.

?പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതി ഇന്ത്യ ആരംഭിച്ചു. ബ്രസീല്‍, മൊറോക്ക എന്നീ രാജ്യങ്ങളിലേക്കാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ കയറ്റുമതി. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും വാക്‌സിന്‍ കയറ്റുമതി ചെയ്യും.

?പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപ്പിടിത്തം കൊറോണ പ്രതിരോധ വാക്‌സിന്‍- കോവിഷീല്‍ഡിന്റെ വിതരണത്തെ ബാധിക്കില്ലെന്ന് കമ്പനി സി.ഇ.ഒ അദാര്‍ പൂനാവാല. തീപ്പിടിത്തത്തില്‍ കോവിഷീല്‍ഡ് വാക്‌സിനുകള്‍ക്ക് കേടുപാടുണ്ടായിട്ടില്ലെന്നും കോവിഷീല്‍ഡ് നിര്‍മിച്ച് സൂക്ഷിച്ചിരുന്നിടത്ത് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആയിരംകോടി മൂല്യംവരുന്ന ഉപകരണങ്ങളും ഉത്പന്നങ്ങളും തീപ്പിടിത്തത്തില്‍ നശിച്ചതായും പൂനാവാല പറഞ്ഞു.

?റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫായ അര്‍ണബ് ഗോസ്വാമിയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിര്‍വാഹക സമിതി. ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തുന്നത് സംബന്ധിച്ച് അര്‍ണബ് ഗോസ്വാമിക്ക് മുന്‍കൂട്ടി വിവരമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസ്ഗുപ്തയുമായി അര്‍ണബ് നടത്തിയിരുക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍.

?സിഎജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ തള്ളിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രമേയത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് നിയമസഭയില്‍ പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കമാണെന്ന് മുരളീധരന്‍ ആരോപിച്ചു. ജനാധിപത്യത്തിന് അപമാനമുണ്ടാക്കിയ പ്രമേയം പാസാക്കിയത് ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

?ബി.ജെ.പിയുടെ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ദേശീയ അധ്യക്ഷന്‍ ജെ.പിനഡ്ഡ കേരളത്തിലേക്ക്. ഫെബ്രുവരി ആദ്യവാരം രണ്ടുദിവസം നഡ്ഡ കേരളത്തിലുണ്ടാകും. തിരുവനന്തപുരത്ത് ചര്‍ച്ചകളിലും തൃശ്ശൂരില്‍ പൊതുയോഗത്തിലും നഡ്ഡ പങ്കെടുക്കും. ബി.ജെ.പികോര്‍ കമ്മിറ്റിയിലും അദ്ദേഹം പങ്കെടുക്കും.

?മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കും വിരാമം ഇട്ടുകൊണ്ട് ജൂണില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. മേയ് മാസത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.

?കെ.വി തോമസ് ഇന്ന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവെച്ചു. കോണ്‍ഗ്രസ് നേതൃത്വം കെ.വി തോമസിനെ ഇന്ന് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഈ യോഗത്തില്‍ തോമസ് പങ്കെടുക്കും. ഉമ്മന്‍ചാണ്ടി അടക്കമുളള പ്രധാനപ്പെട്ട നേതാക്കള്‍ കെ.വി തോമസുമായി ഫോണില്‍ ആശയവിനിമയം നടത്തി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം. ഇന്ന് നടത്താനിരുന്ന യുഡിഎഫ് ജില്ലാ നേതൃയോഗവും മാറ്റിവെച്ചിട്ടുണ്ട്.

?മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിസഭയിലെ മിക്കവാറും എല്ലാ സി.പി.എം അംഗങ്ങളും ഒരിക്കല്‍ക്കൂടി ജനവിധി തേടുമെന്ന് റിപ്പോര്‍ട്ട്. ഔപചാരികമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും മന്ത്രിമാരെ വ്യവസ്ഥകളൊന്നും നോക്കാതെതന്നെ വീണ്ടും മത്സരരംഗത്തേക്ക് ഇറക്കാനാണ് ധാരണയെന്ന് റിപ്പോര്‍ട്ടുകള്‍.

?കേരളത്തില്‍ ഇന്നലെ 58,057 സാമ്പിളുകള്‍ പരിശോധിച്ചത് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3564 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 510 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 70,395 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം : എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67.

?യു.കെ.യില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയ്ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 68 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

?സംസ്ഥാനത്ത് ഇന്നലെ 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട് സ്‌പോട്ടുകള്‍.

?തിരുവല്ല പെരുന്തുരുത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ ചെങ്ങന്നൂര്‍ പെരളശ്ശേരി സ്വദേശി ജെയിംസ് ചാക്കോയും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത സ്ത്രീയുമാണ് മരിച്ചത്.

?മദ്യലഹരിയില്‍ അയല്‍വാസി മര്‍ദിച്ച കേസില്‍ വയോധികയുടെ പരാതി സംബന്ധിച്ച് ചോദിക്കാന്‍ വിളിച്ച വ്യക്തിയോട് കയര്‍ത്ത സംസാരിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. 89 വയസുള്ള വയോധികയുടെ പരാതി എന്തിനാണ് വനിതാ കമ്മിഷന് നല്‍കുന്നതെന്നും പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിങ്ങിന് എത്തണമെന്നും എം.സി ജോസഫൈന്‍.

?ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവെച്ചു പിടിച്ച് കൊന്നു ഭക്ഷിച്ച അഞ്ചുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാങ്കുളം മുനിപാറയിലാണ് സംഭവം. മുനിപാറ സ്വദേശികളായ പി.കെ വിനോദ്, വി.പി കുര്യാക്കോസ്, സി.എസ് ബിനു, സാലിം കുഞ്ഞപ്പന്‍, വിന്‍സെന്റ് എന്നിവരെയാണ് മാങ്കുളം വനം റേഞ്ച് ഓഫീസര്‍ ഉദയസൂര്യന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

?ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള അന്തിമ റൗണ്ടില്‍ 17 മലയാളം ചിത്രങ്ങള്‍. മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം, സമീര്‍, വാസന്തി, കുമ്പളങ്ങി നെറ്റ്‌സ്, വൈറസ്, ഇഷ്‌ക്, ജല്ലിക്കെട്ട്, മൂത്തോന്‍ തുടങ്ങിയ ചിത്രങ്ങളാണ് അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്.

?തമിഴ്‌നാട്ടിലെ മസിനഗുഡിയില്‍ കാട്ടാന പൊള്ളലേറ്റ് ചരിഞ്ഞു. നാട്ടിലിറങ്ങിയ ആനയെ ഓടിക്കുന്നതിനായി എറിഞ്ഞ തീപ്പന്തം ചെവിയില്‍ കുരുങ്ങിയാണ് ആനയ്ക്ക് പൊള്ളലേറ്റത്. ചെവിക്ക് ചുറ്റും മുറിവേറ്റ് രക്തവും പഴുപ്പും ഒഴുകുന്ന നിലയിലായിരുന്നു ആനയെ പിന്നീട് ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയാണ് ആന ചരിയുന്നത്.

?ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് ഇപ്പോള്‍ ലാലു ഉള്ളത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ റിംസില്‍ പ്രവേശിപ്പിച്ചത്.

?പ്രശസ്ത ഭജന്‍ ഗായകന്‍ നരേന്ദ്ര ചഞ്ചല്‍ (80) അന്തരിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലായിരുന്നു. കീര്‍ത്തനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും പുറമേ ബോബി, ആഞ്ചാനേ തുടങ്ങിയ നിരവധി ചിത്രങ്ങളിലും നരേന്ദ്ര ചഞ്ചല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

?ഇന്ത്യയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിന്‍ കയറ്റുമതി ആരംഭിച്ചതിലൂടെ പ്രതിഫലിക്കുന്നത് ‘വസുധൈവ കുടുംബകം’ എന്ന ഇന്ത്യയുടെ ചിരപുരാതന വിശ്വാസപ്രമാണമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലോകത്തെ ഒന്നായി ഒരു കുടുംബമായാണ് നാം കരുതുന്നതെന്നും അതിനാല്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന രണ്ട് കോവിഡ് വാക്സിനുകളുടെ വിതരണം രാജ്യത്തിനകത്ത് മാത്രമായി ചുരുക്കാതെ ആവശ്യമുള്ള അയല്‍രാജ്യങ്ങള്‍ക്കും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

?മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് കേന്ദ്രസര്‍ക്കാര്‍ ‘ഇസഡ് പ്ലസ്’ സുരക്ഷ അനുവദിച്ചു. 8-12 സിആര്‍പിഎഫ് കമാന്‍ഡോകളുടെ സുരക്ഷ ഇനിമുതല്‍ രഞ്ജന്‍ ഗൊഗോയിക്ക് യാത്രയിലുടനീളം ലഭിക്കും. രാജ്യത്ത് ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്ന 63-ാമത്തെ ആളാണ് ഗൊഗോയ്.

?ബംഗാള്‍ നിയസഭാ തിരഞ്ഞെടുപ്പില്‍ ബി.എസ്.എഫിനെ ഉപയോഗപ്പെടുത്തി ബി.ജെ.പി നേതൃത്വം വോട്ടുപിടിക്കുകയാണെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം നിര്‍ഭാഗ്യകരമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ യുദ്ധക്കളത്തിലേക്ക് ബി.എസ്.എഫിനെ വലിച്ചിഴയ്ക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.

?മേഘാലയയിലെ കിഴക്കന്‍ ജയന്തിയ ഹില്‍സിലെ വനത്തിനുള്ളില്‍ അസമില്‍ നിന്നുള്ള ആറ് കുടിയേറ്റ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. 150 അടിയോളം താഴ്ചയുള്ള കുഴിയില്‍ വീണാണ് ആറ് തൊഴിലാളികളും മരിച്ചത്. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം മുമ്പ് ഉപേക്ഷിച്ച കല്‍ക്കര ഖനി പ്രവര്‍ത്തിച്ചിരുന്ന ഇടത്താണ് അപകടം. 2018 ഡിസംബറില്‍ അധനികൃതമായി പ്രവര്‍ത്തിച്ച ഖനി തകര്‍ന്ന് 15 പേരെ കാണാതായതും ഇതേ പ്രദേശത്താണ്.

?പശ്ചിമ ബംഗാള്‍ വനം വകുപ്പ് മന്ത്രി രാജിബ് ബാനര്‍ജി മന്ത്രിസ്ഥാനം രാജിവെച്ചു. എന്ത് കൊണ്ടാണ് രാജി എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മമത മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് രാജീബ് ബാനര്‍ജി. ബി.ജെ.പിയില്‍ ചേരുന്നതിന് മുന്നോടിയായാണ് രാജി എന്നാണ് അഭ്യൂഹം.

?ഇന്ത്യയില്‍ ഇന്നലെ 14,321 കോവിഡ് രോഗികള്‍. മരണം 153. ഇതോടെ ആകെ മരണം 1,53,221 ആയി. ഇതുവരെ 1,06,40,544 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.82 ലക്ഷം കോവിഡ് രോഗികള്‍.

?മഹാരാഷ്ട്രയില്‍ ഇന്നലെ 2,779 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 266 പേര്‍ക്കും പശ്ചിമബംഗാളില്‍ 406 പേര്‍ക്കും കര്‍ണാടകയില്‍ 324 പേര്‍ക്കും ആന്ധ്രയില്‍ 137 പേര്‍ക്കും തമിഴ്‌നാട്ടില്‍ 574 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

?ആഗോളതലത്തില്‍ ഇന്നലെ 6,15,672 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,65,672 പേര്‍ക്കും ബ്രസീലില്‍ 55,319 പേര്‍ക്കും സ്പെയിനില്‍ 42,885 പേര്‍ക്കും ഇംഗ്ലണ്ടില്‍ 40,261 പേര്‍ക്കും റഷ്യയില്‍ 21,513 പേര്‍ക്കും ഫ്രാന്‍സില്‍ 23,292 പേര്‍ക്കും മെക്സിക്കോയില്‍ 22,339 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 9.86 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.57 കോടി കോവിഡ് രോഗികള്‍.

?ആഗോളതലത്തില്‍ 15,179 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,380 പേരും മെക്സിക്കോയില്‍ 1,803 പേരും ഇംഗ്ലണ്ടില്‍ 1,401 പേരും ബ്രസീലില്‍ 1,071 പേരും ജര്‍മനിയില്‍ 869 പേരും റഷ്യയില്‍ 580 പേരും ദക്ഷിണാഫ്രിക്കയില്‍ 575 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 21.14 ലക്ഷം മരണം സ്ഥിരീകരിച്ചു.

?ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് സഖ്യമായ സാത്വിക് സായ് രാജ് -അശ്വിനി പൊന്നപ്പ ജോടി തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ആവേശോജ്വലമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യന്‍ താരങ്ങളെയാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്.

?ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച് മുംബൈ സിറ്റി എഫ്.സി. പ്രതിരോധതാരം മുര്‍ത്താദ ഫാളാണ് ടീമിനായി വിജയഗോള്‍ നേടിയത്. ഫാള്‍ തന്നെയാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയത്.

?ഓഹരി വിപണിയില്‍ പേരു ചേര്‍ക്കാനുള്ള പുറപ്പാടിലാണ് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ. ഓഹരി വില്‍പ്പനയ്ക്ക് ഇറങ്ങും മുന്‍പുതന്നെ 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഗുരുഗ്രാം ആസ്ഥാനമായ കമ്പനി കണ്ടെത്തിയിരിക്കുന്നു. ധനസമാഹരണം പൂര്‍ത്തിയായാല്‍ സൊമാറ്റോയുടെ മൊത്തം മൂല്യം 5.5 ബില്യണ്‍ ഡോളറായി ഉയരും. പുതിയ ഫൈനാന്‍സിങ് നടപടികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കമ്പനി. ടൈഗര്‍ ഗ്ലോബല്‍, കോറ ഇന്‍വെസ്റ്റ്മെന്റ്സ്, സ്റ്റെഡ്വ്യൂ, ഫിഡെലിറ്റി, ബോ വേവ്, വൈ ക്യാപിറ്റല്‍ എന്നീ നിലവിലെ നിക്ഷേപകര്‍ക്കൊപ്പം പുതിയ നിക്ഷേപകരായ ഡ്രാഗണീയര്‍ ഗ്രൂപ്പും സൊമാറ്റോയുടെ ഫൈനാന്‍സിങ് റൗണ്ടില്‍ പങ്കെടുക്കും.

?തമിഴ്നാട്ടില്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിനായി സീമെന്‍സിന്റെ സാങ്കേതിക സഹായം തേടുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചതായി ഒല കമ്പനി വ്യക്തമാക്കി. ഡിസംബറിലാണ് 2,400 കോടി രൂപ നിക്ഷേപിച്ച് സംസ്ഥാനത്ത് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണ പ്ലാന്റ് തുടങ്ങാനുള്ള കരാറില്‍ തമിഴ്‌നാട് സര്‍ക്കാരും ഒല കമ്പനിയും ഒപ്പുവച്ചത്. രാജ്യത്തെ ഏറ്റവും ആധുനികമായ പ്ലാന്റായിരിക്കും തമിഴ്‌നാട്ടില്‍ ഒല നിര്‍മ്മിക്കുകയെന്നാണ് വിവരം. 5000 റോബോട്ടുകളെ വിവിധ കാര്യങ്ങള്‍ക്കായി ഇവിടെ നിയോഗിക്കും. സീമെന്‍സുമായി ഒപ്പുവച്ച കരാര്‍ പ്രകാരം, സീമെന്‍സിന്റെ ഡിജിറ്റല്‍ ട്വിന്‍ ഡിസൈന്‍ ആന്റ് മാനുഫാക്ചറിങ് സൊല്യൂഷന്‍സില്‍ ഒലയ്ക്ക് ആക്‌സസ് ഉണ്ടാവും.

?നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ നായകനാകുന്ന ‘റഷ്യ’ സിനിമയുടെ ടീസര്‍ പുറത്ത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയെത്തുന്ന ചിത്രത്തിന്റെ നിഗൂഢതയുണര്‍ത്തുന്ന ടീസറാണ് പുറത്തു വന്നിരിക്കുന്നത്. നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ‘ഉറങ്ങാനാവാത്ത 15 ദിനങ്ങള്‍’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരികസംഘര്‍ഷമാണ് പറയുക. കൂടെ അതിന്റെ ശാസ്ത്രീയവശങ്ങളും ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.

?പാര്‍വതി തിരുവോത്തിനെ നായികയാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘വര്‍ത്തമാനം’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി എത്തിയ ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആര്യാടന്‍ ഷൗക്കത്ത് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം.

?ആറോളം പുതിയ കളര്‍ ഓപ്ഷനുകളിലാണ് ഹോണ്ട ഗ്രാസിയ വിപണിയില്‍ എത്തുന്നത്. പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക് എന്ന കളര്‍ ഓപ്ഷനാണ് ഒന്ന്. ഇതില്‍ ചില ഭാഗങ്ങളില്‍ റെഡ് ആക്സന്റുകള്‍ ഉണ്ട്. രണ്ടാം ഓഫ്ഷനില്‍ വൈറ്റ് ഹൈലൈറ്റുകള്‍ക്കൊപ്പം സ്പോര്‍ട്സ് റെഡ് പെയിന്റ് സ്‌കീം വരുന്നു. ഇത് കൂടാതെ, ഹോണ്ട ഗ്രാസിയ മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് സൈബര്‍ യെല്ലോ, പേള്‍ സൈറന്‍ ബ്ലൂ, പേള്‍ സ്പാര്‍ട്ടന്‍ റെഡ് എന്നി നാല് സ്റ്റാന്‍ഡേര്‍ഡ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഡ്രം ബ്രേക്കുകളോ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ഓപ്ഷനിലോ ഈ നാല് കളര്‍ വേരിയന്റുകള്‍ ലഭ്യമാകും. ഡ്രം, ഡിസ്‌ക് ബ്രേക്ക് മോഡലുകള്‍ക്ക് യഥാക്രമം 74,815 രൂപയും 82,140 രൂപയുമാണ് എക്സ്-ഷോറൂം വില. സ്‌പോര്‍ട്‌സ് എഡിഷന് വില 83,140 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *