ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ 0.18 ശതമാനം പേരില്‍ മാത്രമാണ് നേരിയ പാര്‍ശ്വഫലമുണ്ടായതെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 0.002 പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും താരതമ്യേന കുറഞ്ഞ നിരക്കാണിതെന്നും നിതി ആയോഗ് ചെയര്‍മാന്‍ വി.കെ. പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങളെയും ഗുരുതര പ്രശ്‌നങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസക്തിയില്ലെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു. കോവിഷീല്‍ഡ്, കോവാക്‌സിനും സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം, വെറും 0.18 പേരില്‍ മാത്രമാണ് ഇമ്യൂണൈസേഷന് ശേഷം പാര്‍ശ്വഫലങ്ങള്‍-എ.ഇ.എഫ്.ഐ.(Adverse Event Following Immunization) ഉണ്ടായിട്ടുള്ളത്. ഇമ്യൂണൈസേഷനു ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത് 0.002 പേരെയാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു.

ഈ നിരക്കുകള്‍ താരതമ്യേന കുറവാണ്. ലോകത്ത് വാക്‌സിനേഷന്‍ നടന്ന ആദ്യ മൂന്നു ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കുറച്ച് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായത് ഇന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍പേര്‍ക്ക് ആദ്യദിനം വാക്‌സിന്‍ നല്‍കിയത് ഇന്ത്യയിലാണെന്നും രാജേഷ് ഭൂഷന്‍ പറഞ്ഞു.

ജനുവരി 16-നാണ് രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് എന്നീ വാക്‌സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *