തിരുവനന്തപുരം: കേരളത്തിൽ കൊറോണ കേസുകൾ ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ . പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ മുന്നറിയിപ്പ് നൽകി . കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേസുകള്‍ കൂടി. പോരായ്മകള്‍ ഈ സംസ്ഥാനങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രോഗ വ്യാപനം മറ്റു സംസ്ഥാനങ്ങളിൽ പ്രതീക്ഷിച്ചതിനെക്കാൾ കുറയുമ്പോൾ കേരളം ഏറ്റവും മുന്നിലേക്ക് പോകുകയാണ് . പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടെസ്റ്റ് പോസിറ്റിവിറ്റി) ഇന്ത്യയിൽ 2.2% ആയിരിക്കുമ്പോൾ കേരളത്തിൽ കഴിഞ്ഞ ദിവസം 10.01% ആയിരുന്നു.

ആകെ 79.5% കൊറോണ ബാധിതരും പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ കേരളമാണു മുന്നിൽ. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 35,038 പുതിയ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അയ്യായിരം പുതിയ കേസുകളാണ് ഓരോ ദിവസവും കേരളത്തില്‍ പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

കൊറോണ വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം നാളെ കേരളത്തിലെത്തും . നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് കേന്ദ്രസംഘം എത്തുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസസ് കണ്‍ട്രോള്‍ മേധാവി ഡോ.എസ്.കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെത്തുക.

Leave a Reply

Your email address will not be published. Required fields are marked *