സൗദി: സൗദി അറേബ്യ ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിച്ചു. ഇതോടെ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നു. ഇന്ന് ജിസിസി ഉച്ചകോടിക്ക് സൗദി വേദിയാകുന്ന പശ്ചാതലത്തിലുണ്ടായ പ്രഖ്യാപനം മേഖലയിൽ സന്തോഷം പടർത്തുകയാണ്. നാലു വർഷത്തോളം നീണ്ട പ്രതിസന്ധിക്കൊടുവിലാണ് സൗദി അറേബ്യ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നത്.
കുവൈത്ത് വിദേശ കാര്യ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ ഉപരോധത്തിലേക്ക് നയിച്ച വിഷയത്തില്‍ ഇരു രാജ്യങ്ങളും കരാറിലെത്തി. ആശയ ഭിന്നതയുള്ള വിഷയങ്ങളിൽ ചർച്ച തുടരാനാണ് തീരുമാനം. യുഎസ് വക്താവ് ജെറാള്‍ഡ് കുഷ്നറുടെ സന്ദർശനത്തിന് പിന്നാലെയാണ് ഉപരോധം പിന്‍വലിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായത്.
2017 ജൂൺ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ അതിർത്തികളടച്ചു. പ്രതിസന്ധി മറികടക്കാൻ ഖത്തർ സ്വന്തം നിലക്ക് ശ്രമം നടത്തി. ആരോപണങ്ങൾ നിലനിൽക്കെ മേഖലയുടെ സമാധാനം ലക്ഷ്യം വെച്ചാണ് ഇപ്പോൾ പുതിയ നീക്കം. ജിസിസി ഉച്ചകോടിക്ക് ഇന്ന് സൗദി വേദിയാകുന്ന പശ്ചാതലത്തിലാണ് ഖത്തറിനെതിരായ ഉപരോധം പിൻവലിക്കുന്നത്. എന്നാല്‍ യുഎഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ വിലക്ക് പിന്‍വലിച്ചിട്ടില്ല. പരസ്പരമുള്ള അഭിപ്രായ വിത്യാസങ്ങള്‍ ഉച്ചകോടിയില്‍ പരിഹരിക്കുമെന്നാണ് സൂചനകള്‍.
ഗൾഫ് മേഖലയുടെ കെട്ടുറപ്പിന് ഐക്യം അനിവാര്യമാണെന്ന് ഉപരോധം അവസാനിപ്പിച്ചു കൊണ്ട് സൗദി കിരീടാവകാശി പറഞ്ഞു. ഇതോടെ ഇന്ന് സൗദിയില്‍ നടക്കുന്ന ഉച്ചകോടിയിലേക്കാവും ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ.