ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ 2021 ജനുവരി 11 മുതല്‍ മുതിര്‍ന്ന ക്ലാസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആദ്യഘട്ടത്തില്‍ പൊതുപരീക്ഷ ക്ലാസുകള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ക്ലാസുകളാണ് പ്രവര്‍ത്തിക്കുക. കോവിഡ്-19 പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചും നിയന്ത്രണങ്ങള്‍ക്കുവിധേയമായുമായിരിക്കും മദ്‌റസകള്‍ പ്രവര്‍ത്തിക്കുക.

സംസ്ഥാനത്തിനകത്തും പുറത്തുമായി 10279 മദ്‌റസകളാണ് സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ്-19 മൂലം 2020 മാര്‍ച്ച്‌ 10 മുതല്‍ അടഞ്ഞുകിടന്ന മദ്‌റസകളാണ് 10 മാസത്തെ ഇടവേളകള്‍ക്കുശേഷം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നത്.

2020 ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ മുഖേനയായിരുന്നു മദ്‌റസ പഠനം നന്നിരുന്നത്. മദ്‌റസകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാനാവുന്നത് വരെ ഓണ്‍ലൈന്‍ പഠനം തുടരും.

മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുമ്ബ് ക്ലാസുകളും പരിസരവും ശുചീകരണം നടത്തിയും അണുവിമുക്തമാക്കിയും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ശ്രദ്ധിക്കണം. അകലം പാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചുമായിരിക്കണം ക്ലാസുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *