?പുതിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരേ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും സംയുക്ത കിസാന്‍ മോര്‍ച്ചയും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഇന്ന്. കര്‍ഷകര്‍ ഉന്നയിച്ച വിഷയങ്ങളില്‍ തുറന്നമനസ്സോടെ ചര്‍ച്ചയാവാമെന്നാണ് കൃഷിമന്ത്രാലയത്തിനുവേണ്ടി കഴിഞ്ഞദിവസം സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ നേതാക്കളെ അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വിജ്ഞാന്‍ഭവനില്‍ നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ പുതുവര്‍ഷം മുതല്‍ അതിരൂക്ഷമായ സമരത്തിന് തയ്യാറെടുക്കുകയാണ് കര്‍ഷകര്‍.

?സംസ്ഥാനങ്ങളുമായി ആലോചിക്കാതെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് രാജ്യത്തെ കാര്‍ഷിക മേഖലയെ മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് പറഞ്ഞ പവാര്‍ ആരും പറയുന്നത് കേള്‍ക്കില്ലെന്നും നിലപാടില്‍ ഒരു മാറ്റവും വരുത്തില്ലെന്നും ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു സര്‍ക്കാരിന് എങ്ങനെ പറയാനാകുമെന്നും ചോദിച്ചു.

?ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ളത് ആഴത്തിലുള്ള പ്രശ്നം ആണെന്ന് പിഎസ് ശ്രീധരന്‍ പിള്ള. പ്രശ്ന പരിഹാരത്തിന് സഭയ്ക്ക് അകത്ത് തന്നെ സമന്വയം ഉണ്ടാകണം. സുപ്രീം കോടതി വിധിയുടെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും സഭകളുമായി ഉള്ളത് നല്ല ബന്ധമാണെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

?സഭാ തര്‍ക്കം നിയമ നിര്‍മാണത്തിലൂടെ പരിഹരിക്കണം എന്നാവശ്യപ്പെട്ട് യാക്കോബായ സഭ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. വിശ്വാസികള്‍ ഒപ്പിട്ട ഭീമ ഹര്‍ജി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. രണ്ട് വിഭാഗങ്ങളെയും ഒന്നിച്ച് ഉച്ചഭക്ഷണത്തിനിരുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. മഞ്ഞുരുക്കാന്‍ സാധിക്കുമെങ്കില്‍ നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

?ഒരു വിഭാഗത്തിന്റെ വക്താവായി മുഖ്യമന്ത്രി സംസാരിക്കുന്നത് ഖേദകരമാണെന്ന് ഡോ.യുഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. സഭയെക്കുറിച്ച് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങളാണ് പറഞ്ഞതെന്നും സഭയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി സംസാരിച്ചത് അത്യന്തം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഒത്തുതീര്‍പ്പുകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭ വഴങ്ങുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേയാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതികരണം.

?ജനിതക മാറ്റം വന്ന വൈറസ് ലോകത്ത് പടരുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ കേരളത്തില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. യുകെയില്‍ നിന്ന് വന്നവര്‍ക്ക് ഈ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചാലും ചികിത്സ പ്രോട്ടോക്കോള്‍ പഴയത് തന്നെയായിരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി

?പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന പി ജെ ജോസഫിന്റെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്ന് മാണി സി കാപ്പന്‍. പാലാ സീറ്റ് ജോസഫ് വിഭാഗം മാണി സി കാപ്പന് വിട്ടുനല്‍കുമെന്നും എന്‍സിപിയായി തന്നെ കാപ്പന്‍ മത്സരിക്കുമെന്നുമായിരുന്നു ജോസഫിന്റെ പ്രതികരണം. ജോസഫിന്റെ വാദം നിഷേധിക്കാതിരുന്ന കാപ്പന്‍ എന്‍സിപിയും താനും നിലവില്‍ എല്‍ഡിഎഫില്‍ തന്നെയാണെന്ന് പ്രതികരിച്ചു.

?നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ തീകൊളുത്തി മരിച്ച രാജന്റെ ഭാര്യ അമ്പിളിയുടെ മൃതദേഹവും സംസ്‌കരിച്ചു. മൂന്നര സെന്റിലെ തര്‍ക്കഭൂമിയില്‍ രാജന്റെ കുഴിമാടത്തിന് സമീപം തന്നെയാണ് അമ്പിളിക്കും അന്ത്യവിശ്രമമൊരുക്കിയത്. രണ്ടര മണിക്കൂറോളം അമ്പിളിയുടെ മൃതദേഹം തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. മക്കള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് കളക്ടര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

?നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വഴി തുറന്ന പരാതിക്കാരി വസന്തയെ പൊലീസ് വീട്ടില്‍ നിന്നും മാറ്റി. ഹൈക്കോടതി വിധി വരാന്‍ പോലും കാത്തുനില്‍ക്കാതെ വീടൊഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത് വസന്തയുടെ ഇടപെടല്‍ മൂലമാണെന്ന് നേരത്തെ മരണപ്പെട്ട രാജന്‍ – അമ്പിളി ദമ്പതികളുടെ മക്കള്‍ ആരോപിച്ചിരുന്നു.

?കേരളത്തില്‍ 61,778 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5887 പേര്‍ക്ക് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 555 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5029 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,861 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, വയനാട് 208, ഇടുക്കി 100, കാസര്‍ഗോഡ് 59.

?സംസ്ഥാനത്ത് ഇന്നലെ ഒരു പുതിയ ഹോട്ട് സ്‌പോട്ട്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 463 ഹോട്ട് സ്‌പോട്ടുകള്‍.

?തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എസ്.ഷാനവാസിന് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ കളക്ടര്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹവുമായി ഇടപെട്ടവരുടെ പട്ടിക തയ്യാറാക്കി വരികയാണ്.

?തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ കാസര്‍കോട് ഡിസിസിയില്‍ പൊട്ടിത്തെറി. നിലവിലെ ഡിസിസി അധ്യക്ഷന്‍ ഹക്കീം കുന്നിലിനെ അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് കത്ത് നല്‍കി.

?നഗരസഭാ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ മൂന്നു ബ്രാഞ്ചുസെക്രട്ടറിമാരെ പുറത്താക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം മാറ്റി. ഇവരില്‍നിന്ന് വിശദീകരണം തേടിയാല്‍ മതിയെന്നാണു പുതിയ തീരുമാനം.

?തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഉത്സവത്തിന് സ്റ്റേജ് ഷോകള്‍ വേണ്ടെന്ന തീരുമാനത്തില്‍ ഇളവ് വരുത്തുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്റ്റേജ് ഷോകള്‍ നടത്താം. മലയാള സിനിമ പിന്നണി ഗായകരുടെ സംഘടനയായ സമം, മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

?ഇറ്റലിയിലെ വേള്‍ഡ് അക്കാദമി ഓഫ് സയന്‍സും ചൈനീസ് അക്കാദമി ഓഫ് സയന്‍സും ചേര്‍ന്ന് നല്‍കുന്ന പ്രഥമ യുവ ശാസ്ത്ര പുരസ്‌കാരത്തിന് അര്‍ഹനായി മലയാളി. മലപ്പുറം സ്വദേശിയായ ഡോ അജിത് പരമേശ്വരനാണ് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകര്‍ക്ക് നല്‍കുന്നതാണ് ഈ പുരസ്‌കാരം.

?ആരോഗ്യനില മോശമായത് ദൈവത്തിന്റെ മുന്നറിയിപ്പെന്ന് രജനികാന്ത്. തന്നെ വിശ്വസിച്ച് ഇറങ്ങുന്നവരെ ബലിയാടുകളാക്കാന്‍ ഉദ്ദേശമില്ലെന്നും പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച രജനികാന്ത് വ്യക്തമാക്കി. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മാത്രം പ്രചരണം നടത്തിയാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്താനോ വലിയ വിജയം നേടാനോ കഴിയില്ലെന്നും രാഷ്ട്രീയാനുഭവം ഉള്ള ആരും ഈ യാഥാര്‍ത്ഥ്യം തള്ളിക്കളയില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

?രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ തീരുമാനം നിരാശാജനകമെന്ന് കമല്‍ഹാസന്‍. ചെന്നൈയില്‍ എത്തിയാല്‍ ഉടന്‍ രജനികാന്തിനെ കാണും. രജനി രാഷ്ട്രീയത്തിലേക്ക് വരണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ രജനികാന്തിന്റെ ആരോഗ്യവും മുഖ്യമെന്ന് കമല്‍ പറഞ്ഞു.

?എന്ത് ഭക്ഷണം കഴിക്കണമെന്നത് തന്റെ അവകാശമാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ചില വിഷയങ്ങളില്‍ പ്രതികരിക്കാനുള്ള പാര്‍ട്ടി നേതാക്കന്മാരുടെ ധൈര്യമില്ലായ്മയെ രൂക്ഷമായി വിമര്‍ശിച്ചാണ് സിദ്ധരാമയ്യുടെ പ്രസ്താവന. താന്‍ കന്നുകാലി മാംസം കഴിക്കാറുള്ള ആളാണ്. അത് ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ് ? താനിത് അസംബ്ലിയിലും പറഞ്ഞിട്ടുള്ളതാണ്. നിങ്ങള്‍ക്ക് കഴിക്കേണ്ട എന്നാണെങ്കില്‍ നിങ്ങള്‍ കഴിക്കണ്ട, അതിനാരും നിര്‍ബന്ധിക്കുന്നില്ല.

?ഇന്ത്യയില്‍ ഇന്നലെ 20,529 കോവിഡ് രോഗികള്‍. മരണം 285. ഇതോടെ ആകെ മരണം 1,48,475 ആയി, ഇതുവരെ 1,02,45,326 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 98.33 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 2.60 ലക്ഷം കോവിഡ് രോഗികള്‍.

?മഹാരാഷ്ട്രയില്‍ ഇന്നലെ 3,018 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 703 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,244 പേര്‍ക്കും കര്‍ണാടകയില്‍ 662 പേര്‍ക്കും ആന്ധ്രയില്‍ 326 പേര്‍ക്കും തമിഴ്നാട്ടില്‍ 957 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

?ആഗോളതലത്തില്‍ ഇന്നലെ 5,75,353 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,67,710 പേര്‍ക്കും ബ്രസീലില്‍ 57,227 പേര്‍ക്കും ഇംഗ്ലണ്ടില്‍ 53,135 പേര്‍ക്കും റഷ്യയില്‍ 27,002 പേര്‍ക്കും രോഗം ബാധിച്ചു. 12,946 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,077 പേരും ബ്രസീലില്‍ 1,075 പേരും ജര്‍മനിയില്‍ 935 പേരും ഇറ്റലിയില്‍ 659 പേരും റഷ്യയില്‍ 562 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 8.22 കോടി കോവിഡ് രോഗികളും 17.94 ലക്ഷം മരണവും സ്ഥിരീകരിച്ചു.

?യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഒരു മാസം രാജ്യത്ത് സൗജന്യമായി താമസിക്കാം. യുഎഇ വൈസ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമാണ് ഒരു മാസത്തേക്ക് ഇളവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിട്ടത്.

?മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഓസ്ട്രേലിയക്ക് തിരിച്ചടിയായി കനത്ത പിഴയും. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഓസീസ് ടീമിന് മാച്ച് ഫീയുടെ 40 ശതമാനം പിഴയായി വിധിച്ച മാച്ച് റഫറി, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റില്‍ നിന്ന് ഓസീസിന്റെ നാലു പോയന്റ് വെട്ടികുറക്കുകയും ചെയ്തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റില്‍ ഇന്ത്യക്ക് മുന്നില്‍ ഒന്നാം സ്ഥാനത്താണ് ഓസീസ് ഇപ്പോള്‍.

?ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ പേസര്‍ ഉമേഷ് യാദവിന് മൂന്നാം ടെസ്റ്റ് നഷ്ടമാകാന്‍ സാധ്യത. ബൗള്‍ ചെയ്യുന്നതിനിടെ കാലിലെ പേശിക്ക് വേദന അനുഭവപ്പെട്ട ഉമേഷിന് മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് ടീമിനോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഓസീസിനെതിരായ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ തിളങ്ങിയ തമിഴ്‌നാട്ടുകാരന്‍ ടി. നടരാജന് ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

?ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനത്തുള്ള എ ടി കെ മോഹന്‍ ബഗാനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്‌സി. പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നത് ചെന്നൈയിനായിരുന്നെങ്കിലും വിജയഗോള്‍ നേടാന്‍ മാത്രം അവര്‍ക്കായില്ല.

?ആമസോണ്‍ ഇന്ത്യയില്‍ ‘മെഗാ സാലറി ഡെയ്സ്’ വില്‍പ്പന പ്രഖ്യാപിച്ചു. ക്യാമറകള്‍, ലാപ്ടോപ്പുകള്‍, ഡെസ്‌ക്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഹെഡ്ഫോണുകള്‍,ആക്സസറികള്‍, ടിവികള്‍, റഫ്രിജറേറ്ററുകള്‍, വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചര്‍, വാഷിംഗ് മെഷീന്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്കാണ് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മെഗാ സാലറി ഡേയ്‌സ് വില്‍പ്പന ജനുവരി ഒന്നിന് ആരംഭിക്കുമെന്നും ജനുവരി 3 വരെ തുടരുമെന്നും ഇ-കൊമേഴ്സ് ഭീമന്‍ അറിയിച്ചു. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡുകളുള്ളവര്‍ക്ക് നിരവധി ബാങ്ക് ഓഫറുകളും അതുപോലെ തന്നെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. വില്‍പ്പന സമയത്ത് എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും. ഇതോടെ, വാങ്ങുന്നവര്‍ക്ക് 10% തല്‍ക്ഷണ കിഴിവും ലഭിക്കും.

?മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സുമായി കൈകോര്‍ക്കുന്നു. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയാണ് എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ്. എല്ലാവിധ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തി മുത്തൂറ്റ് മിനിയെ രാജ്യത്തെ എറ്റവും വലിയ നോണ്‍ ബാംങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയാക്കുകായാണ് ലക്ഷ്യം. ഇനി മുതല്‍ മുത്തൂറ്റ് ശാഖകളില്‍ നിലവില്‍ ലഭ്യമായിക്കൊിരിക്കുന്ന ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് പുറമെ എക്‌സൈഡിന്റെ ഇന്‍ഷുറന്‍സിന്റെ സേവനങ്ങളും കൂടി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

?ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി ‘മാസ്റ്റര്‍’ ടീം. മാസ്റ്ററിന്റെ തിയേറ്റര്‍ റിലീസ് തിയതിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം പൊങ്കല്‍ റിലീസായി ജനുവരി 13-ന് തിയേറ്ററില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ ട്വിറ്ററിലൂടെ അറിയിച്ചു. സൂപ്പര്‍ ഹിറ്റ് ചിത്രം കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറോമിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒരു കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് വേഷമിടുന്നത്.

?കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘ഉടുമ്പി’ന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. സെന്തില്‍ കൃഷ്ണ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഡൈര്‍ക്ക് ത്രില്ലറായാണ് ഒരുങ്ങുന്നത്. മലയാള സിനിമയില്‍ അധികം കാണാത്ത ഒരു വിഭാഗമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഒരു പക്കാ ഡാര്‍ക്ക് മൂഡില്‍ സെന്തില്‍, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവരുടെ മാസ് ലുക്കാണ് പോസ്റ്ററിലുള്ളത്. ഡോണുകളുടെയും, ഗാങ്സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രമാണിത്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്‌സെന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്.

?ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഇന്ത്യയിലെ ജനപ്രിയ മോഡലാണ് കോംപസ്. വാഹനത്തിന്റെ പുതിയ പതിപ്പ് 2021 ജനുവരി 7-ന് വിപണിയിലേക്കെത്തും. പുതിയ ഫ്രണ്ട് ബമ്പര്‍, സ്ലിമ്മര്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവപോലുള്ള ചെറിയ മാറ്റങ്ങളോടെയാണ് എസ്യുവി എത്തുന്നത്. നിലവില്‍ 16.49 ലക്ഷം മുതല്‍ 24.99 ലക്ഷം വരെയാണ് ജീപ്പ് കോംപസിന്റെ എക്‌സ്-ഷോറൂം വില. പരിഷ്‌കരിച്ചെത്തുന്ന മോഡലിന് സ്വാഭാവികമായും വില വര്‍ദ്ധിക്കും.

?മനുഷ്യന്റെ ഉള്ളില്‍ കുടികൊള്ളുന്ന നൈസര്‍ഗിക വികാരമാണ് പാതകം. പക്ഷേ,സാമൂഹിക ജീവിതത്തില്‍, അത് പ്രതിഫലിപ്പിക്കാന്‍ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വമാണ്. കൈകാര്യം ചെയ്യുന്ന രീതിയനുസരിച്ച് അത്തരം സാഹിത്യം അപസര്‍പ്പക അതിരുകള്‍ കടന്ന്, ഉദാത്ത സാഹിത്യത്തിലേക്ക് ഉയരുന്നു. ആ ശാഖയില്‍ക്കൂടിയുള്ള ഒരോട്ടപ്രദക്ഷിണമാണ് ഈ കൃതി. ‘അപസര്‍പ്പക കഥകള്‍ ചരിത്ര വഴികളിലൂടെ’. ഹമീദ്. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 100 രൂപ.

?വയോജനങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് സോഡിയം കുറയുന്നതും അതിനെത്തുടര്‍ന്നുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളും. രക്ത സമ്മര്‍ദം നിലനിര്‍ത്താനും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും വളരെയേറെ ആവശ്യമുള്ള ഒരു മൂലകമാണ് സോഡിയം. രക്തത്തിലെ സോഡിയത്തിന്റെ സാധാരണ അളവ് 125 മുതല്‍ 135 വരെയാണ്. ഛര്‍ദി, അതിസാരം, അമിതമായി വിയര്‍പ്പ്, വൃക്കരോഗങ്ങള്‍, മൂത്രം കൂടുതലായി പോകാന്‍ ഉപയോഗിക്കുന്ന ഡയൂററ്റിക് മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാം. കൂടാതെ മസ്തിഷ്‌കത്തെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, മസ്തിഷ്‌കജ്വരം (എന്‍സഫലൈറ്റിസ്) ന്യുമോണിയ, സ്ട്രോക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദം തുടങ്ങിയവയും സോഡിയത്തിന്റെ അളവു കുറയ്ക്കും. ക്ഷീണം, തളര്‍ച്ച, തലവേദന, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങളാണ് സോഡിയം കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍. തുടര്‍ന്ന് അസാധാരണമായ പെരുമാറ്റം, അപസ്മാര ലക്ഷണങ്ങള്‍ അഗാധമായ അബോധാവസ്ഥ (കോമ) തുടങ്ങിയവയിലേക്കു നയിക്കും. ഛര്‍ദിയും വയറിളക്കവുമുള്ള സാഹചര്യത്തില്‍ ജലാംശത്തോടൊപ്പം ലവണാംശവും നിലനിര്‍ത്തണം. ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഒരു നുള്ള് ഉപ്പും ഒരു ടീ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തു തയ്യാറാക്കുന്ന മിശ്രിതം ഓരോ തവണയും ഛര്‍ദിയും വയറിളക്കവുമുണ്ടാകുമ്പോള്‍ കുടിക്കാന്‍ നല്‍കണം. കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടു നല്‍കുന്നതും കരിക്കിന്‍ വെള്ളത്തില്‍ ഉപ്പിട്ടു നല്‍കുന്നതും സോഡിയത്തിന്റെ നഷ്ടം ഒഴിവാക്കാന്‍ സഹായിക്കും. മൂത്രം പോകാനായി ഡയൂററ്റിക് മരുന്നുകള്‍ കഴിക്കുമ്പോള്‍ സോഡിയത്തിന്റെ അളവ് കുറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചില പ്രത്യേക സാഹചര്യങ്ങളില്‍ രോഗിയെ ആശുപത്രിയില്‍ കിടത്തി ഡ്രിപ്പായി സോഡിയം അടങ്ങിയ സലൈന്‍ നല്‍കേണ്ടി വരും.

ശുഭദിനം

ചിത്രകാരന് ഒരാഗ്രഹം തോന്നി, ദൈവിക തേജസ്സുള്ള ഒരാളുടെ ചിത്രം വരയ്ക്കണം. അതിനായി ഒരുപാട് അലഞ്ഞ് ഒരു മുഖം അയാള്‍ കണ്ടെത്തി. അയാളുടെ മുഖം ചിത്രകാരന്‍ വരച്ചു. അതിന്റെ ധാരാളം കോപ്പികള്‍ വിറ്റുപോയി. വര്‍ഷങ്ങള്‍ കടന്നുപോയി, ചിത്രകാരന് പ്രായമായി , അപ്പോള്‍ വീണ്ടുമയാള്‍ക്കൊരു ആഗ്രഹം. മരിക്കും മുന്‍പ് മനുഷ്യനിലെ പൈശാചികത പ്രതിഫലിക്കുന്ന ഒരുചിത്രം കൂടി വരയ്ക്കണം. അതിനുള്ള അന്വേഷണം ഒരു തടവുപുളളിയില്‍ എത്തി. ചിത്രം വരച്ചുകഴിഞ്ഞപ്പോള്‍, മനുഷ്യന്റെ രണ്ടറ്റത്തുള്ള രണ്ട് അവസ്ഥകളില്‍ താന്‍ വരച്ച ചിത്രം ഒരുമിച്ചു ചേര്‍ത്തു. ആദ്യം വരച്ച ചിത്രം കണ്ട് തടവുപുള്ളി നിര്‍ത്താതെ കരയാന്‍ തുടങ്ങി. ചിത്രകാരന്‍ ചോദിച്ചു: നീ എന്തിനാണ് കരയുന്നത്? അയാള്‍ പറഞ്ഞു: ഈ രണ്ടു ചിത്രവും എന്റേതു തന്നെയാണ്. അറിഞ്ഞോ അറിയാതെയോ പിന്തുടരുന്ന പാതകളും രൂപപ്പെടുത്തുന്ന പദ്ധതികളുമാണ് ദിനവൃത്താന്തങ്ങള്‍ ക്രമീകരിക്കുന്നത്. ഏത് പരിസരത്ത് ജീവിക്കുന്നു, എന്തിനോട് ആഭിമുഖ്യം പുലര്‍ത്തുന്നു, എന്തിന്റെ പിറകെ സഞ്ചരിക്കുന്നു തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ക്കുള്ളില്‍ നിന്നാണ് ജീവിതത്തിന്റെ നടപ്പാതകള്‍ രൂപം കൊള്ളുന്നത്. മറ്റുള്ളവരുടെ നിര്‍ബന്ധങ്ങളിലൂടെ സഞ്ചരിച്ചു എന്നത് ഒരുന്യായീകരണം മാത്രമാണ്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ജീവിതത്തിന്റെ സൗന്ദര്യം. ജനനം ഒരു തിരഞ്ഞെടുപ്പല്ല, മരണം ഒരുതിരഞ്ഞെടുപ്പാകാനും പാടില്ല. അതിനിടയിലുള്ള ജീവിതം ഒരു വിധിപോലെ വന്നുചേരുന്നതാകരുത്. സ്വയം തീരുമാനിച്ചു നടപ്പില്‍ വരുത്തുന്നതാകണം.
തെറ്റായവഴികളിലൂടെ നടന്നതിലുള്ള പശ്ചാതാപം എത്ര നേരത്തേ ഉണ്ടാകുന്നുവോ അത്രയും നേരത്തേ ഇനി നടക്കാനുള്ള വഴികളില്‍ വെളിച്ചം ലഭിക്കും. തിരഞ്ഞുനടന്നോ, ചിലപ്പോള്‍ മാറി നടന്നോ, എങ്ങനെയായാലും ശരിയായ ജീവിതപാതകള്‍ കണ്ടെത്താന്‍ നമുക്ക് സാധിക്കട്ടെ – ശുഭദിനം

Leave a Reply

Your email address will not be published. Required fields are marked *