?നാളത്തെ ഭാരത് ബന്ദ് സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍. അവശ്യ സര്‍വ്വീസുകളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹസംഘങ്ങളെയും തടയില്ല. ദില്ലിയിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കുമെന്നും കര്‍ഷകസംഘടനകള്‍. കര്‍ഷകരെ പിന്തുണച്ച് സിനിമാതാരങ്ങളും കായിക താരങ്ങളും.
?കര്‍ഷകര്‍ക്ക് പിന്തുണയുമായി നടന്‍ കമല്‍ഹാസനും നടി പ്രിയങ്കാചോപ്രയും. നമ്മുടെ കര്‍ഷകര്‍ ഇന്ത്യയുടെ ഭക്ഷ്യസൈന്യമാണ്. അവരുടെ ഭയത്തെ ദൂരീകരിച്ചേ മതിയാകൂവെന്ന് ട്വീറ്റ് ചെയ്താണ് പ്രിയങ്ക കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചാണ് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ കര്‍ഷക സമരത്തിന് പിന്തുണയേകിയത്. മക്കള്‍ നീതി മയ്യം കര്‍ഷക സമരത്തില്‍ ഭാഗമാകുമെന്നും കമല്‍ഹാസന്‍ പ്രഖ്യാപിച്ചു.
?കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ തീര്‍ത്തും കരിനിയമങ്ങളാണെന്നും അവ പിന്‍വലിക്കുന്നല്ലെങ്കില്‍ തനിക്ക് ലഭിച്ച രാജീവ് ഗാന്ധി ഖേല്‍ രത്ന തിരിച്ചുനല്‍കും എന്നും പ്രൊഫഷണല്‍ ബോക്സിംഗ് താരവും ഒളിംപിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ്. ഞായറാഴ്ച സിങ്കു അതിര്‍ത്തിയില്‍ നേരിട്ട് എത്തി വിജേന്ദര്‍ സിംഗ് കര്‍ഷകരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
?ആദ്യഘട്ട തദ്ദേശതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം. അവസാന നിമിഷം പലയിടത്തും കൊവിഡ് നിയന്ത്രണങ്ങള്‍ പോലും മറികടന്നായിരുന്നു പ്രചാരണം. അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങും.
?തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വി മുന്നില്‍ കണ്ടുളള മുന്‍കൂര്‍ ജാമ്യമാണ് സി പി എം നേതാക്കളുടെ യു ഡി എഫ്- ബി ജെ പി ബാന്ധവമെന്ന ആരോപണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം മുഖ്യമന്ത്രിയെ പോലും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത ഇടതുമുന്നണി, കള്ളപ്രചരണങ്ങളും വര്‍ഗീയ കാര്‍ഡുമായി രംഗത്ത് വന്നതാണെന്നും ചെന്നിത്തല.
?തദ്ദേശ തിരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായതോടെ എല്‍.ഡി.എഫും യു.ഡി.എഫും വര്‍ഗീയ പ്രചാരണം അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന അത്യാധുനിക രണ്ടാം കാമ്പസിന് ഗുരുജി ഗോള്‍വാള്‍ക്കറുടെ പേര് ഇടുന്നത് സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
?രാജീവിഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിന് എന്ത് അയോഗ്യതയാണ് ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഗോള്‍വാള്‍ക്കറുടെ പേര് ഇടാന്‍ പറ്റില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടന്ന കേരളത്തിലെ ഒരു ഇടത് പക്ഷ നേതാവിന്റെ പേരും കേരളത്തിലെ ഒരു സ്ഥാപനങ്ങള്‍ക്കും ഇടാന്‍ സാധിക്കില്ലല്ലോയെന്നും മന്ത്രി വി മുരളീധരന്‍.
?സിപിഎം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി വി എ സക്കീര്‍ ഹുസൈനെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വന്‍തോതില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നും പാര്‍ട്ടി അനുവാദമില്ലാതെ വിദേശയാത്ര നടത്തിയെന്നുമാണ് കണ്ടെത്തല്‍. അനധികൃത സ്വത്തുസമ്പാദനത്തിന് സക്കീര്‍ ഹുസൈനെതിരെ അന്വേഷണമാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിനും പരാതി കിട്ടിയിട്ടുണ്ട്.
?കേരളത്തില്‍ ഇന്നലെ 51,893 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4,777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങള്‍ കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2418 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 60,924 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര്‍ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169, കാസര്‍കോട് 75
?കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം കൊയ്ത്തൂക്കോണം സ്വദേശി കൊളമ്മ (80), കൊല്ലം പെരുമാന്നൂര്‍ സ്വദേശി ഗോപകുമാര്‍ (49), തിരുമുള്ളവാരം സ്വദേശി ഗോപന്‍ (55), ആലപ്പുഴ പുളിങ്കുന്ന് സ്വദേശി മണിയന്‍ (74), കല്ലൂപ്പാലം സ്വദേശി സൂപി (49), ആവളുക്കുന്ന് സ്വദേശിനി ഗൗരിക്കുട്ടി (71), വടക്കല്‍ സ്വദേശി മംഗളാനന്ദന്‍ (67), കോട്ടയം മീനാച്ചില്‍ സ്വദേശി അബ്ദുള്‍ സമദ് (65), എറണാകുളം പിറവം സ്വദേശി ഭവാനി രവീന്ദ്രന്‍ (62), തോപ്പുംപടി സ്വദേശി കെ.ജി. നോര്‍ബര്‍ട്ട് (80), തിരുവള്ളൂര്‍ സ്വദേശി രാജന്‍ (74), തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിനി ഫാത്തിമ ബീവി (77), പറപ്പൂക്കര സ്വദേശി കുട്ടന്‍ (72), പറവട്ടി സ്വദേശിനി ഫാത്തിമ (88), മലപ്പുറം താഴേക്കോട് സ്വദേശി മുഹമ്മദ് (82), എആര്‍ നഗര്‍ സ്വദേശി കുഞ്ഞിക്കണ്ണന്‍ (63), അക്കാപറമ്പ് സ്വദേശി മരക്കാര്‍ (83), കോഴിക്കോട് മുച്ചുകുന്ന് സ്വദേശി ഗോപാലന്‍ (71), ഫറൂഖ് കോളേജ് സ്വദേശി ബിച്ചികോയ (68), കുതിരവട്ടം സ്വദേശി മണി (65), വെസ്റ്റ് ഹില്‍ സ്വദേശിനി ശാന്ത (82), പെരുവണ്ണാമുഴിപ്പ് സ്വദേശിനി ജാനകി (69), വടകര സ്വദേശി അസീസ് (62), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പവിത്രന്‍ (60), കാടാച്ചിറ സ്വദേശിനി സി.കെ. അയിഷ (68), കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ഖാദിര്‍ (77), കാസര്‍ഗോഡ് തെക്കില്‍ സ്വദേശി കണ്ണന്‍ (68), സെറാമിക് റോഡ് സ്വദേശിനി നഫീസ (72) .
?സംസ്ഥാനത്ത് ഇന്നലെ പുതിയ 3 ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തെ മാത്രമാണ് ഇന്നലെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്ത് ആകെ 446 ഹോട്ട് സ്‌പോട്ടുകള്‍.
?സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
?സിഡബ്ല്യുസി ജില്ലാ ചെയര്‍മാനെതിരെ പോക്സോ കേസിലെ ഇരയുടെ പരാതി അതീവ ഗൗരവമുള്ളതെന്ന് ബാലാവകാശ കമ്മീഷന്‍. വിഷയം ചര്‍ച്ച ചെയ്ത് തുടര്‍ നടപടി സ്വീകരിക്കാന്‍ കമ്മിഷന്‍ ഇന്ന് യോഗം ചേരും.
?നിര്‍മാതാവും മെരിലാന്‍ഡ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പി. സുബ്രഹ്മണ്യത്തിന്റെ മകന്‍ എസ്. കുമാര്‍ (90) അന്തരിച്ചു. എണ്‍പതുകളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ശാസ്താ പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണക്കമ്പനിയുടെ ഉടമസ്ഥനായിരുന്നു.
?മണ്‍റോത്തുരുത്തില്‍ ഹോംസ്റ്റേ ഉടമ കുത്തേറ്റു മരിച്ചു. വില്ലിമംഗലം നിധി പാലസ് വീട്ടില്‍ മയൂഖം ഹോംസ്റ്റേ ഉടമ മണിലാല്‍ (ലാല്‍-53) ആണ് മരിച്ചത്.
ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച പട്ടംതുരുത്ത്് തൂപ്പാശ്ശേരില്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
?ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവായ തേജസ്വിയാദവ്. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നും കര്‍ഷകരുടെ ആവശ്യത്തെ പിന്തുണച്ച് പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വെല്ലുവിളിച്ചാണ് തേജസ്വി യാദവ് രംഗത്തെത്തിയത്.
?കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച തെലുങ്ക് സിനിമതാരം വിജയശാന്തി ബിജെപിയില്‍ ചേരും. കഴിഞ്ഞ ദിവസം ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്നലെ കൂടികാഴ്ച നടത്തിയ ഇവര്‍ ഉടന്‍ ബിജെപി അംഗത്വം സ്വീകരിക്കും എന്നാണ് റിപ്പോര്‍ട്ട്.
?കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച വീഴ്ചയാണ് ട്രംപിന്റെ തോല്‍വിക്ക് കാരണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. അതേസമയം കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗണ്‍ എന്ന ധീരമായ തീരുമാനമെടുത്തെന്നും ആരോഗ്യമേഖലയും സമ്പദ് വ്യവസ്ഥയും തമ്മിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കക്ക് ഇപ്പോഴും വ്യക്തതയില്ലെന്നും ജെപി നഡ്ഡ.
?ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള ഈ വര്‍ഷത്തെ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസിന് ഇന്ത്യന്‍ അധ്യാപകന്‍ രഞ്ജിത് സിന്‍ഹ് ഡിസാലെ അര്‍ഹനായി. മഹാരാഷ്ട്ര സോലാപൂര്‍ ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ പഠനത്തിനായി രന്‍ജിത് സിങ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം.
?ഇന്ത്യയില്‍ ഇന്നലെ 32,272 കോവിഡ് രോഗികള്‍. മരണം 370. ഇതോടെ ആകെ മരണം 1,40,590 ആയി, ഇതുവരെ 96.76 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.95 ലക്ഷം രോഗികള്‍. 91.38 ലക്ഷം പേര്‍ രോഗമുക്തി നേടി.
?മഹാരാഷ്ട്രയില്‍ ഇന്നലെ 4,757 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 2,706 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,143 പേര്‍ക്കും കര്‍ണാടകയില്‍ 1,321 പേര്‍ക്കും ആന്ധ്രയില്‍ 667 പേര്‍ക്കും തമിഴ്നാട്ടില്‍ 1,320 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
?ആഗോളതലത്തില്‍ ഇന്നലെ 5,22,342 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,65,350 പേര്‍ക്കും ബ്രസീലില്‍ 26,363 പേര്‍ക്കും തുര്‍ക്കിയില്‍ 30,402 പേര്‍ക്കും റഷ്യയില്‍ 29,039 പേര്‍ക്കും രോഗം ബാധിച്ചു. 7,418 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1049 പേരും ഇറ്റലിയില്‍ 564 പേരും മെക്സിക്കോയില്‍ 593 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 6.73 കോടി കോവിഡ് രോഗികളും 15.41 ലക്ഷം മരണവും സ്ഥിരീകരിച്ചു.
?യുകെയില്‍ കോവിഡ് വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്ന ആദ്യയാളുകളില്‍ 94കാരിയായ എലിസബത്ത് രാജ്ഞിയും 99 കാരനായ ഫിലിപ്പ് രാജകുമാരനും. ഫൈസര്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ആദ്യം അനുമതി നല്‍കുന്ന രാജ്യമാണ് ബ്രിട്ടന്‍.
?അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പടിഞ്ഞാറന്‍ അരുണാചല്‍ പ്രദേശിന് സമീപം ചൈന മൂന്നോളം ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ഇവിടങ്ങളിലേക്ക് താമസക്കാരെ എത്തിച്ചതായും റിപ്പോര്‍ട്ടുകള്‍.
?പകരത്തിന് പകരം വീട്ടി ടീം ഇന്ത്യ. ഓസ്ട്രേലിയയോട് ഏകദിന പരമ്പരയിലേറ്റ തോല്‍വിക്ക് അതേ നാണയത്തില്‍ ട്വന്റി 20 യില്‍ പകരം വീട്ടുകയാണ് ടീം ഇന്ത്യ. ഇന്നലെ നടന്ന രണ്ടാമത്തെ ട്വന്റി 20യില്‍ ആറ് വിക്കറ്റിന് ഓസ്ട്രേലിയെ തകര്‍ത്ത് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ പകരം വീട്ടിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 22 പന്തുകള്‍ നേരിട്ട് രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 42 റണ്‍സോടെ പുറത്താകാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയശില്‍പി.
?ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്ക് ജയം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഒഡിഷ എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് മുംബൈ സിറ്റി വിജയം കരസ്ഥമാക്കിയത്. 30-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബര്‍ത്തലോമു ഓഗ്ബച്ചെയും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റൗളിന്‍ ബോര്‍ഗസുമാണ് മുംബൈക്കായി സ്‌കോര്‍ ചെയ്തത്.
?ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം തോല്‍വി. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഗോവ ബ്ലാസ്റ്റേഴ്‌സാണ് കേരള ബ്ലാസ്റ്റ്േഴ്സിനെ തകര്‍ത്തത്. 30-ാം മിനിറ്റിലും ഇന്‍ജുറി ടൈമിലും ഇഗോര്‍ അംഗുളോയും 52-ാം മിനിറ്റില്‍ ജോര്‍ജ് മെന്‍ഡോസയുമാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്. 90-ാം മിനിറ്റില്‍ വിസന്റെ ഗോമസാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഏക ഗോള്‍ നേടിയത്.
?വിവിധ വാക്സിന്‍ ഫലങ്ങളെ സംബന്ധിച്ച അനുകൂല റിപ്പോര്‍ട്ടുകളും ലോകമെമ്പാടുമുള്ള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുളള ശുഭ സൂചനകളും ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപകരുടെ സാന്നിധ്യം ശക്തമാക്കി. ഡിസംബറിലെ ആദ്യ നാല് വ്യാപാര സെഷനുകളില്‍ ഇന്ത്യന്‍ വിപണികളിലേക്ക് 17,818 കോടി രൂപയുടെ എഫ്പിഐ (വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍) നിക്ഷേപം എത്തി. ഡിപോസിറ്ററികളുടെ ഡാറ്റ അനുസരിച്ച്, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഡിസംബര്‍ 1-4 വരെയുളള കാലയളവില്‍ 16,520 കോടി രൂപ ഇക്വിറ്റി വിപണിയിലേക്കും ഡെറ്റ് വിഭാഗത്തില്‍ 1,298 കോടി രൂപയും നിക്ഷേപം നടത്തി. അവലോകന കാലയളവില്‍ മൊത്ത നിക്ഷേപം 17,818 കോടി രൂപയായി മാറി. നവംബറില്‍ എഫ്പിഐകളുടെ മൊത്ത നിക്ഷേപം 62,951 കോടി രൂപയായിരുന്നു.
?2021 ഫെബ്രുവരിയോടെ വന്‍ മാറ്റവുമായി വാട്ട്സ്ആപ്പ്. പ്രധാനമായും രണ്ട് മാറ്റമാണ് ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് വരുത്തുന്നത് എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാറ്റങ്ങള്‍ ആന്‍ഡ്രോയ്ഡില്‍ ബീറ്റ വി2.20.206.19 അപ്ഡേറ്റിലും, ഐഒഎസ് ഡിവൈസുകളില്‍ വി2.20.206.19 എന്ന ബീറ്റ അപ്ഡേറ്റിലും ലഭ്യമാണ്. ടെലഗ്രാമില്‍ പുതിയ അപ്ഡേറ്റ് അവരുടെ ചാറ്റ് ബോട്ട് നല്‍കും അത്തരത്തില്‍ ഒരു പരീക്ഷണമാണ് വാട്ട്സ്ആപ്പും പരീക്ഷിക്കുന്നത് എന്നാണ് സൂചന. വരുന്ന ഫെബ്രുവരി 8ന് പുതിയ പ്രത്യേകത വാട്ട്സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭിക്കും എന്നാണ് വിവരം. ഇതിന്റെ ഭാഗമായി പുതിയ ഗൈഡ് ലൈന്‍ അലെര്‍ട്ടും വാട്ട്സ്ആപ്പ് നടപ്പിലാക്കും.
?മോഹന്‍ലാല്‍-ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ആറാട്ട്’ ചിത്രത്തന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. 2255 നമ്പറുള്ള കറുത്ത വിന്റേജ് ബെന്‍സ് കാറില്‍ വന്നിറങ്ങുന്ന മോഹന്‍ലാലിന്റെ പിന്നില്‍ നിന്നുള്ള ഷോട്ടാണ് ഫസ്റ്റ്‌ലുക്കില്‍. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. സംവിധായകനും നടനുമായ ജോണി ആന്റണിയും അഭിനയിക്കുന്നുണ്ട്. ഇട്ടിമാണിക്കു ശേഷം മോഹന്‍ലാലിനൊപ്പം ജോണി ആന്റണി അഭിനയിക്കുന്ന ചിത്രമാണ്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ആദ്യമായും.
?നടി പ്രിയാ ലാലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ ഗുവ ഗോരിങ്ക പ്രദര്‍ശനത്തിനെത്തുന്നു. ദുബായിലെ റാസല്‍ ഖൈമയില്‍ ജനിച്ച് , യുകെയിലെ ലിവര്‍പൂളില്‍ പഠിച്ചു വളര്‍ന്ന പ്രവാസി മലയാളിയായ പ്രിയാലാല്‍ സുരേഷ് ഗോപിയുടെ ‘ ജനകന്‍ ‘ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. തെലുങ്കു യുവതാരം സത്യദേവാണ് ചിത്രത്തില്‍ പ്രിയയുടെ നായകന്‍. ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമിലൂടെ ‘ഗുവ ഗോരിങ്ക ‘ റിലീസാവുകയാണ്.
?പരിഷ്‌കരിച്ച ഡ്യൂക്ക് 125നെ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങി ഓസ്ട്രിയന്‍ കമ്പനിയായ കെടിഎം. പുതുക്കിയ ബൈക്കിന്റെ അരങ്ങേറ്റം ഉടനുണ്ടാകും. 2021 കെടിഎം ഡ്യൂക്ക് 125 മോഡലിന് 200 ഡ്യൂക്ക് വേരിയന്റില്‍ വാഗ്ദാനം ചെയ്യുന്ന നവീകരിച്ച ഫ്രെയിം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ കുഞ്ഞന്‍ ഡ്യൂക്ക് കാഴ്ച്ചയിലും 200 മോഡലിന് സമാനമായിരിക്കും. സിംഗിള്‍-ചാനല്‍ എബിഎസാകും ബൈക്കില്‍.
?ശിവപുരവും തൃശിവപേരൂരും തൃശൂരും ട്രിച്ചൂറുമായി കാലഘട്ടങ്ങളിലൂടെ പരിണമിച്ച ഒരു ഊരിന്റെ കഥ. തൃശൂര്‍ പട്ടണത്തിന്റെ പേരും പെരുമയും അന്വേഷിക്കുന്ന ഈ പുസ്തകം, സ്ഥലനാമ ഉത്പത്തിയില്‍ ആരംഭിച്ച് ഓണക്കാല പുലിക്കളിയില്‍ അവസാനിക്കുന്നു. വടക്കുന്നാഥക്ഷേത്രത്തിന്റെ പഴമയും ശക്തന്‍തമ്പുരാന്റെ മഹിമയും പൂരത്തിന്റെ മാഹാത്മ്യവും മറ്റും മറ്റും ഇവിടെ ദര്‍ശിക്കാവുന്നതാണ്. ‘തൃശൂര്‍ ട്രിച്ചൂര്‍’. പുത്തേഴത്ത് രാമന്‍ മേനോന്‍. എച്ച് ആന്‍ഡ് സി ബുക്സ്. വില 114 രൂപ.
?വെള്ള അരിയേക്കാള്‍ ചുവന്ന അരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. രണ്ടിലും കാര്‍ബോഹൈട്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്ന അരിയിലാണ്. 100 ഗ്രാം ചുവന്ന അരിയില്‍ നിന്നും 1.8 ഗ്രാം ഫൈബര്‍ ലഭിക്കുമ്പോള്‍, അതേ അളവിലുള്ള വെള്ള അരിയില്‍ നിന്നും 0.4 ഗ്രാം ഫൈബര്‍ മാത്രമാണ് ലഭിക്കുന്നത്. ചുവന്ന അരിയില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ചുകൊണ്ടുവരാന്‍ ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ വിശപ്പിനെ നിയന്ത്രിക്കും. അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് നാരുകള്‍ തടയുന്നു. അതുകൊണ്ടുതന്നെ ചുവന്ന അരി, വെള്ള അരിയെ അപേക്ഷിച്ച് പ്രമേഹം, പെണ്ണത്തടി എന്നിവയെ ഫലപ്രദമായി ചെറുക്കുന്നു. വെള്ള അരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ചുവന്ന അരി ധൈര്യമായി കഴിക്കാം. ഉയര്‍ന്ന കൊളസ്‌ട്രോള്‍ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. ഒപ്പം ഹൃദയത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും മികച്ചത് ചുവന്ന അരിയാണെന്നാണ് ഡയറ്റീഷ്യന്മാര്‍ പറയുന്നത്.