തിരുവനന്തപുരം: 80 കളുടെ തുടക്കം വരെ മലയാള സിനിമാ ലോകത്തെ ത്രസിപ്പിച്ച നടന്‍ ജയന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ ഉപേക്ഷിച്ചതായി പുഷ്പക ഏവിയേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍. ആര്‍ക്കും ഇത് വിറ്റിട്ടില്ല എന്ന് മുന്‍ മാനേജിംഗ് ഡയറക്ടര്‍ എച്ച് സുരേഷ് റാവു ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ജയന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ ഓസ്‌ട്രേലിയന്‍ കമ്പനിക്ക് വിറ്റു എന്നും 2010 വരെ പ്രവര്‍ത്തനക്ഷമമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

1969ല്‍ അമേരിക്കന്‍ കമ്പനിയായ ബെല്‍ ടെക്‌സ്‌റ്റ്രോണ്‍ നിര്‍മ്മിച്ച ചോപ്പര്‍ ഇന്ത്യന്‍ കമ്പനിയാണ് ഓസ്‌ട്രേലിയന്‍ കമ്പനിക്ക് വിറ്റതെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ക്യൂന്‍സ്‌ലന്‍ഡില്‍ എയര്‍ഷോയില്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നതായും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍ തള്ളി 1980 നവംബറില്‍ കോളിളക്കം സിനിമയുടെ ഷൂട്ടിങ്ങിനിടെ ജയന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്ററിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പുഷ്പക ഏവിയേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ജയന്റെ 40-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഹെലികോപ്റ്റര്‍ എവിടെയാണ് എന്നതിനെ സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചാരണം കൊഴുത്തത്. പുഷ്പക ഏവിയേഷന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം നിര്‍ത്തിയതായി സുരേഷ് റാവു പറഞ്ഞു.

നിലവില്‍ മുംബൈയില്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയാണ് സുരേഷ് റാവു. ചോപ്പര്‍ പുഷ്പക ഏവിയേഷന്റേതായിരുന്നു എന്ന് വാദം അംഗീകരിക്കുന്നു എന്ന് പറഞ്ഞ സുരേഷ് റാവു, അപകടത്തിന് ശേഷം ഇത് ഉപേക്ഷിച്ചതായി വ്യക്തമാക്കി.കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിച്ച വേളയിലാണ് ഇത് ഉപേക്ഷിച്ചത്. ആര്‍ക്കും ഇത് വിറ്റിട്ടില്ല. എന്നാല്‍ എന്നാണ് ഇത് ഉപേക്ഷിച്ചത് എന്ന് ഇപ്പോള്‍ വ്യക്തമല്ല. ആര്‍ക്കെങ്കിലും കൊടുത്തതാണോ എന്ന കാര്യവും അറിയില്ലെന്നും സുരേഷ് റാവു പറഞ്ഞു. അപകടത്തിന് ശേഷം ഇതിന്റെ ഉപയോഗം നിര്‍ത്തി എന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ ഹെലികോപ്റ്ററിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഏവിയേഷന്‍ വിദഗ്ധര്‍ തെറ്റിദ്ധരിച്ചതാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് കാരണം.

ഹെലികോപ്റ്ററിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വിടി-ഇഎഡി എന്നാണ് എന്ന് തെറ്റിദ്ധരിച്ചാണ് പ്രചാരണം നടന്നത്. എന്നാല്‍ ഇതിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ യഥാര്‍ത്ഥത്തില്‍ വിടി-ഇഎഒ ആണെന്നതാണ് വസ്തുത. രജിസ്‌ട്രേഷന്‍ നമ്പര്‍ തെറ്റായി ധരിച്ചതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ കമ്പനിക്ക് ഹെലികോപ്റ്റര്‍ വിറ്റു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നത്.

Leave a Reply

Your email address will not be published. Required fields are marked *