10.10 PM
BREAKING NEWS
തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ 3 മണിക്കൂറായി വൈദ്യുതി മുടങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് വൈദ്യതി മുടങ്ങിയത്. അത്യാഹിത വിഭാഗത്തിൽ വൈദ്യുതി ഇല്ലാതായതോടെ രോഗികൾ ദുരിതത്തിലായി. രോഗികളും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിക്കുകയാണ്.
ഗർഭിണികളും അമ്മമാരും നവജാത ശിശുക്കളും കിടക്കുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് കഴിഞ്ഞ 2 മണിക്കൂറിലേറെയായി വൈദ്യുതി മുടങ്ങിയിരിക്കുന്നത്.
വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും കേടായതാണ് പ്രതിസന്ധി കൂട്ടിയത്. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗം വൈദ്യുതി പുനസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. താൽക്കാലിക ജനറേറ്റർ ഉടൻ എത്തിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. പ്രതിഷേധം കനത്ത സാഹചര്യത്തിൽ ആശുപത്രിയിൽ കൂടുതൽ പൊലീസ് എത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.