കോഴിക്കോട്: തന്നോടൊപ്പം കളിലോറി ഓടിച്ചുകളിച്ച അച്ഛൻ വെള്ളപുതച്ച്‌ ചിതയില്‍ കിടക്കുമ്ബോള്‍ അമ്മയുടെ ഒക്കത്ത് ഒന്നുമറിയാതെ നില്‍ക്കുകയാണ് കുഞ്ഞ് അയാൻ.
ചിതയ്ക്ക് സഹോദരങ്ങള്‍ തീ കൊളുത്തുമ്ബോഴും അച്ഛൻ തിരികെ വരില്ലെന്ന് അവൻ അറിയുന്നുണ്ടാവില്ല. ഒടുവില്‍, അതിരാവിലെ മുതല്‍ കാത്തിരുന്ന പതിനായിരങ്ങളെ സാക്ഷിയാക്കി അർജുനെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.

കണ്ണാടിക്കല്‍ മൂലാടിക്കുഴിയിലെ വീടിന്റെ മുറ്റത്ത് മതിലിനോട് ചേർന്ന് ഒരുക്കിയ ചിതയിലാണ് സംസ്കാരച്ചടങ്ങുകള്‍ നടത്തിയത്. 11.20 വരെ പൊതുദർശനത്തിന് വെച്ച മൃതദേഹത്തില്‍ മന്ത്രിമാരും എം.എല്‍.എമാരും ജനപ്രതിനിധികളുമടക്കം നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.

ജൂലൈ എട്ടിന് വീട്ടില്‍നിന്നിറങ്ങിയ അർജുൻ, 16നാണ് ഷിരൂർ ദേശീയപാതയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ജീവൻ പൊലിഞ്ഞത്. 72 നാളിന് ശേഷം ഗംഗാവാലി പുഴയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം കാർവാറിലെ ഗവ. ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് ഡി.എൻ.എ പരിശോധാഫലം വന്നതിന് പിന്നാലെയാണ് ഭൗതികശരീരം കുടുംബത്തിന് കൈമാറിയത്.

ഒടുവില്‍, 82 ദിവസത്തിനു ശേഷം അവൻ വീടിന്റെ പടികടന്ന് തിരികെയെത്തി. തന്റെ വിയർപ്പില്‍ പണിതുയർത്തിയ വീട്ടില്‍ ചേതനയറ്റ ശരീരമായാണ് അവസാനവരവ്. ഇനിയീ പടികടന്ന് അവൻ പുറത്തേക്കു പോകില്ല. ലോറിയുടെ വളയം പിടിച്ച്‌ അകലങ്ങളിലേക്ക് യാത്ര പോവില്ല. നാട്ടുകാരുടെ, വീട്ടുകാരുടെ, കൂട്ടുകാരുടെ പ്രിയപ്പെട്ട അർജുൻ.

നിറകണ്ണുകളോടെ അർജുന്റെ സഹോദരൻ അഭിജിത്തും ഭാര്യാസഹോദരൻ ജിതിനും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങിയ അർജുൻ്റെ മൃതദേഹത്തില്‍ കാസർകോട് ബസ്സ്റ്റാന്റ് പരിസരത്ത് ജില്ല കലക്ടർ കെ. ഇമ്ബശേഖർ പുഷ്പചക്രമർപ്പിച്ചു. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു.
മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കലക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

കോഴിക്കോട്ടേക്ക് തിരിക്കുന്നതിനിടെ ഒരിക്കല്‍കൂടി ഷിരൂരിലെ ദുരന്തസ്ഥലത്ത് വാഹനവ്യൂഹം നിർത്തി. സങ്കടം പെയ്യുന്ന മനസ്സോടെ അഞ്ചുമിനിറ്റോളം സർവരുടെയും പ്രാർഥന. മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നില്‍ നിന്ന് ലോറി ഓണേർസ് അസോസിയേഷന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്ബടിയോടെയാണ് കണ്ണാടിക്കലിലെത്തിയത്. ആദ്യം വീടിനകത്ത് ബന്ധുക്കള്‍ക്ക് മാത്രം കുറച്ച്‌ സമയം മൃതദേഹം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ വിട്ടുകൊടുത്തശേഷണമാണ് നാട്ടുകാർക്കും മറ്റുള്ളവർക്കും ആദരമർപ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദർശനത്തിന് വെച്ചത്.

കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയ്‌ല്‍, മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫ്, ഷിരൂരിലെ മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പേ, മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, എകെ ശശീന്ദ്രൻ, ലോറി ഉടമ മനാഫ് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. അതിവൈകാരികമായ നിമിഷങ്ങള്‍ക്കാണ് കണ്ണീരണിഞ്ഞ് കണ്ണാടിക്കല്‍ ഗ്രാമം സാക്ഷിയായത്.

Leave a Reply

Your email address will not be published. Required fields are marked *