ബലാൽസംഗക്കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ സിദ്ദിഖിനെ ഒരു പകലും രാത്രിയും പിന്നിട്ടിട്ടും കണ്ടെത്താനാകാതെ
അന്വേഷണസംഘം. സിദ്ദിഖിന്റെ ബന്ധുക്കളുടെയും വീടുകളിലും പോകാൻ സാധ്യതയുള്ള ഇടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. സിദിഖ് കീഴടങ്ങുമെന്ന അഭ്യൂഹവും വെറുതെയായി. സുപ്രീം കോടതിയെ സമീപിക്കും വരെ സിദ്ദിഖ് ഒളിവിൽ കഴിയുമെന്നാണ് പൊലീസ് വിലയിരുത്തൽ. സംസ്ഥാനത്തിന് പുറത്തേക്ക് പോയതായും സൂചനയുണ്ട്. അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ച അന്വേഷണസംഘം സിദ്ദിഖിനായി ഇപ്പോഴും തിരച്ചിലിലാണ്. എന്നാൽ, കാടിളക്കി തിരഞ്ഞ് സാഹചര്യമില്ലെന്നാണ് പൊലീസ് നിലപാട്. സുപ്രീംകോടതിയെ സമീപിച്ചാലും തിരിച്ചടിയല്ലെന്നാണ് പൊലീസിന്റെ അവകാവ വാദം.
അതേസമയം, മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ സിദ്ദിഖ് ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും. അന്വേഷണസംഘം അറസ്റ്റിന് തയ്യാറായ സാഹചര്യത്തിൽ,സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുമായി സിദ്ദിഖ് ആശയവിനിമയം നടത്തി. അതിജീവിത പരാതി നൽകാൻ വൈകിയതുള്‍പ്പെടെ ചൂണ്ടിക്കാട്ടി ഹർജി നൽകാനാണ് ആലോചന. ഹൈക്കോടതിയിൽ നിന്ന് സിദ്ദിഖിനെതിരെയുണ്ടായ പരാമർശങ്ങൾ സുപ്രീംകോടതിയിലും സ്വാധീനിക്കപ്പെട്ടാൽ തിരിച്ചടിയുണ്ടാകുമോയെന്നതും ചർച്ചചെയ്യുന്നുണ്ട്. ഇന്ന് ഹർജി ഫയൽ ചെയ്താൽ മുഗൾ റോഹ്ത്തഗി തന്നെ സിദ്ദിഖിനായി ഹാജരാകും.
അതിനിടെ തടസ ഹർജിയുമായി അതിജീവിതയും സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സിദ്ദിഖ് അപ്പീൽ നൽകിയാൽ തന്‍റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് അതിജീവിത കോടതിയെ അറിയിക്കും.
പരാതി നൽകാൻ എന്തുകൊണ്ട് വൈകി എന്നതിൽ സുപ്രീം കോടതിയിലും തന്റെ വാദം അവതരിപ്പിക്കാനാണ് അതിജീവിതയുടെ തീരുമാനം. ഹൈക്കോടതിയിലെ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിലും അതിജീവിത തന്റെ എതിർപ്പ് അറിയിച്ചിരുന്നു.