തിരുവമ്പാടി:കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഗൃഹനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മലയോര മേഖലയായ കോഴിക്കോട് കൂടരഞ്ഞി കോലോത്തും കടവില്‍ താമസിക്കുന്ന നെടുങ്ങോട് ഷാഫി (54)യെ ആണ് പന്നിക്കൂട്ടം ആക്രമിച്ചത്.
കൂടരഞ്ഞി അങ്ങാടിയിലെ ചായക്കട തുറക്കുന്നതിനായി പുലര്‍ച്ചെ അഞ്ചോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. കൂടരഞ്ഞിക്ക് സമീപത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.
പന്നികള്‍ വാഹനം കുത്തി മറിച്ചിട്ടതിനെ തുടര്‍ന്ന് ഷാഫി റോഡില്‍ വീഴുകയും തോളെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ഉപദ്രവം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. കൃഷികളും വിളകളും നശിപ്പിക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാറ്റം വരാന്‍ അധികൃതര്‍ കൃത്യമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.