മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം അതിജീവനത്തിന്റെ കാഴ്ചകളാണ് ചൂരല്‍മലയില്‍ കാണാനുള്ളത്. ദുരന്തം തകർത്തെറിഞ്ഞ ചൂരല്‍മല ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നതിന് പിന്നാലെ പ്രദേശത്തെ തേയിലത്തോട്ടങ്ങളിലും വിളവെടുപ്പ് തുടങ്ങി.
സർക്കാർ അനുമതിയോടെ ചൊവ്വാഴ്ച മുതലാണ് തൊഴിലാളികള്‍ ജോലിയെടുത്തു തുടങ്ങിയത്. 50 ദിവസത്തിനുശേഷമാണ് തൊഴിലാളികള്‍ ജോലിക്ക് ഇറങ്ങുന്നത്. ഹാരിസൻസ് മലയാളം പ്ലാന്റേഷൻ സെന്റിനല്‍ റോക്ക് എസ്റ്റേറ്റിന്റെ ചൂരല്‍മല ,മുണ്ടക്കൈ ഡിവിഷനുകളിലാണ് തൊഴിലാളികള്‍ വീണ്ടും ജോലിക്കിറങ്ങിയത്. തേയില കൃത്യമായി വിളവെടുപ്പ് നടത്താത്തതിനാല്‍ തന്നെ മൂപ്പത്തിയിട്ടുണ്ട്. ഇവ വെട്ടി ഒഴിവാക്കിയശേഷമാണ് ഈ സ്ഥലങ്ങളില്‍ വിളവെടുപ്പ് നടത്തുക.
ചൂരല്‍മലയിലെ എസ്റ്റേറ്റ് ആശുപത്രിക്ക് സമീപത്ത് നിന്നും തേയില കൊളുന്ത് വെട്ടിയെടുക്കാൻ തുടങ്ങി. പ്രദേശവാസികളുടെ ഏക വരുമാനമാർഗം തോട്ടത്തിലെ ജോലിയായിരുന്നു. ജൂലൈ 30ന് പുലർച്ചയുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തോടെ തൊഴിലാളികളുടെ ജീവിതസാഹചര്യം തന്നെ മാറ്റിമറിക്കുകയായിരുന്നു. 42 തൊഴിലാളികള്‍ക്ക് ദുരന്തത്തില്‍ ജീവൻ നഷ്ടമായി. 20പേർക്ക് ദുരന്തത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. 200 ഓളംപേരുടെ വീട് തകർന്നു. 10 എസ്റ്റേറ്റ് പാടികള്‍ തകർന്നു. 50 ഓളം കുടുംബങ്ങളായിരുന്നു ഇതില്‍ താമസിച്ചിരുന്നത്. 6 എസ്റ്റേറ്റ് പാടികള്‍ പൂർണമായും തുടച്ചുനീക്കിയിരുന്നു.
ചൂരല്‍മല ,മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളിലായിരുന്നു തൊഴിലാളികള്‍ താമസിച്ചിരുന്നത്. ദുരന്തത്തെ തുടർന്ന് തൊഴിലാളി കുടുംബങ്ങള്‍ വിവിധ സ്ഥലങ്ങളിലായി വാടകയ്ക്ക് താമസിക്കുകയാണ്. കുറച്ചു കുടുംബങ്ങളെ ഹാരിസൻസ് മലയാളം പ്ലാന്റേഷൻ അരപ്പറ്റ ,കഡൂർ ഡിവിഷനുകളിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്തത്തിനുശേഷം വീണ്ടും എസ്റ്റേറ്റിലേക്ക് ജോലിക്കെത്താൻ കഴിഞ്ഞതില്‍ ആശ്വാസമെന്ന് തൊഴിലാളികള്‍ പറയുന്നു. കടുത്ത മാനസിക സംഘർഷമാണ് അനുഭവിക്കുന്നത്. കൂടെജോലി ചെയ്തിരുന്ന പലരും ഇന്നില്ല. അവരില്ലാത്ത തോട്ടത്തിലാണ് അവരുടെ ഓർമ്മകളുമായി തങ്ങള്‍ ജോലിയെടുക്കേണ്ടത്. മറ്റൊരു വരുമാനമാർഗവും ഇല്ലാത്തതിനാലാണ് ഇങ്ങനെ വീണ്ടുംജോലിക്കിറങ്ങേണ്ടി വന്നതെന്നും തൊഴിലാളികള്‍ പറയുന്നു.