കോഴിക്കോട്:മലപ്പുറം വണ്ടൂരില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ആരോഗ്യ വകുപ്പ്.
കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കും. മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നിപ അവലോകനയോഗം ചേരും.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തും. ഇന്നലെ നടത്തിയ സർവേയില്‍ 175 പേരുള്ള സമ്ബർക്ക പട്ടികയിലെ ഒരാളടക്കം 49 പനിബാധിതരെ കണ്ടെത്തിയിട്ടുണ്ട്. നിപ ബാധിച്ചു മരിച്ച യുവാവിന്‍റെ റൂട്ട് മാപ്പ് അനുസരിച്ച് മലപ്പുറം ജില്ലയിലെ 175 പേരില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
126 പേര്‍ പ്രൈമറി കോണ്‍ടാക്‌ട് പട്ടികയിലും 49 പേര്‍ സെക്കന്‍ഡറി കോണ്‍ടാക്‌ട് പട്ടികയിലുമാണ്. സമ്ബര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.
മരിച്ച വ്യക്തിയുടെ വീടിന്‍റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ഫീല്‍ഡ് സര്‍വേ ആരംഭിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.