മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ 23 വയസുകാരൻ മരിച്ചത് നിപ ബാധിച്ചാണെന്ന് ഉറപ്പിച്ചു. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലവും പോസീറ്റീവായി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനാ ഫലം ഇന്നലെ പോസിറ്റീവായിരുന്നു. 151 പേരാണ് യുവാവുമായുള്ള പ്രാഥമിക സമ്ബർക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നേരിട്ട് സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷേനില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രോഗ ലക്ഷണം പ്രകടിപ്പിച്ച അഞ്ചു പേരുടെ സാമ്ബിളുകള്‍ പരിശോധനക്കായി പൂനെയ്ക്ക് അയച്ചു. തിരുവാലി ഗ്രാമപഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഇവിടെ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. അപൂര്‍വമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്‍ടാക്‌ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തില്‍ ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ആര്‍ക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍തന്നെ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുന്നതിനും പുതുതായി ആര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ബംഗളുരുവില്‍ പഠിക്കുന്ന വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഡോക്ടർമാർക്ക് തോന്നിയ സംശയത്തെ തുടർന്ന് യുവാവിൻ്റെ സാംപിള്‍ മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിരുന്നു.
പാണ്ടിക്കാട് ചെമ്ബ്രശേരിയില്‍ രണ്ടു മാസം മുമ്ബ് 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചിരുന്നു. നടുവത്ത് നിന്ന് 10 കിലോമീറ്റർ ദൂരം മാത്രമാണ് ചെമ്ബ്രശേരിയിലേക്കുള്ളത്. 2018 മെയ് 19നാണ് കേരളത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിക്കുന്നത്. പിന്നീട് വിവിധ സമയങ്ങളിലായി നാല് തവണ കേരളത്തില്‍ നിപ ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യം രോഗം കണ്ടെത്തിയ 2018 മെയ് മാസത്തിനും ജൂണ്‍ ഒന്നിനും ഇടയില്‍ 17 പേരാണ് മരണപ്പെട്ടത്. ഇക്കാലയളവില്‍ മലപ്പുറം ജിലയിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു 2021 ല്‍ പന്ത്രണ്ടുകാരനും 2023 ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.
ഹെനിപാ വൈറസ് (Henipavirus) ജീനസിലെ ഒരു ആർഎൻഎ വൈറസ് ആണ് നിപ (Nipah). മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധി രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവരിലും അതിസങ്കീർണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരും.
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇൻക്യുബേഷൻ പിരീഡ്) നാലു മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛർദ്ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്ബിളുകളുടെ ആർടിപിസിആർ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.