കോഴിക്കോട്: ബി. ഉണ്ണികൃഷ്ണന്‍റെ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. അഞ്ചംഗ സംഘം സെറ്റിലെത്തി പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ആക്രമിക്കുകയായിരുന്നു.
കോഴിക്കോട്ടെ സിവില്‍ സ്‌റ്റേഷന് സമീപമുള്ള ഷൂട്ടിംഗ് സെറ്റില്‍ വ്യാഴാഴ്ച രാത്രി 11ഓടെയാണ് സംഭവം. ഇവിടെയെത്തിയ ഗുണ്ടാ സംഘം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിബുവിനെ ആക്രമിക്കുകയുമായിരുന്നു.
ഇയാളെ കത്തിക്കൊണ്ട് കുത്തുകയും മര്‍ദിക്കുകയുമായിരുന്നു. പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷൈന്‍ നിഗം നായകനാകുന്ന ചിത്രത്തിന്‍റെ സെറ്റിലാണ് ഗുണ്ടാ സംഘത്തിന്‍റെ ആക്രമണമുണ്ടായത്. വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.
സംഭവത്തില്‍ അഞ്ചംഗ സംഘത്തിനെതിരേ നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.