കോഴിക്കോട്: ഇത്തവണ ഓണത്തിന് പച്ചക്കറി കെെപൊള്ളിക്കില്ല. കുറഞ്ഞ വിലയില്‍ കൂടുതല്‍ വാങ്ങാം. രണ്ടുമാസം മുമ്ബ് തീപിടിച്ച വിലയായിരുന്ന പച്ചക്കറി വില നേർപകുതിയായി.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ പച്ചക്കറി കൂടുതലെത്തുകയും ഓണക്കാലം ലക്ഷ്യമിട്ട്‌ നാടുനീളെ നടത്തിയ കൃഷിയില്‍ മികച്ച വിളവുണ്ടായതുമാണ് പച്ചക്കറി വില കുറയാൻ കാരണമായത്. 10 മുതല്‍ 15 രൂപ വരെയാണ് പ്രധാന ഇനങ്ങള്‍ക്കെല്ലാം കുറഞ്ഞത്.

മുളക്, ബീറ്റ്‌റൂട്ട്, ചെറിയ ഉള്ളി , കാരറ്റ്, വഴുതന, കാബേജ്, ഉരുളക്കിഴങ്ങ് എന്നിവയ്ക്കാണ് വില കുറഞ്ഞത്. എന്നാല്‍ സവാള, ഇഞ്ചി എന്നീ ഇനങ്ങള്‍ക്ക് 10 രൂപ വീതം കൂടിയിട്ടുണ്ട്. തക്കാളി 25, വെണ്ട 40, മുളക്- 30, കാബേജ്-15, ഇഞ്ചി 40, വഴുതന 35, ഉരുളക്കിഴങ്ങ് 42 എന്നിങ്ങനെയാണ് കിലോയ്‌ക്ക്‌ വില. നാടൻ ഏത്തക്കായ കിലോയ്‌ക്ക്‌ 65 രൂപയ്‌ക്ക്‌ ലഭിക്കും. നാടൻ ഏത്തക്കായ കിലോയ്‌ക്ക്‌ 50 രൂപയ്‌ക്ക്‌ ലഭിക്കും. 400 ന് മുകളിലെത്തിയ വെളുത്തുള്ളിക്ക് ഇപ്പോള്‍ മൊത്ത വിപണിയില്‍ 300 രൂപയാണ് വില. സവാളയ്ക്ക് മാത്രമാണ് വിലയില്‍ നേരിയ കയറ്റം ഉണ്ടായത്. കിലോയ്ക്ക് 52 രൂപയാണ് മൊത്ത വിപണിയില്‍ വില. ചുരുക്കം ഇനങ്ങള്‍ക്ക്‌
മാത്രമാണ്‌ പതിവിലും അല്‍പ്പം വില കൂടുതല്‍.

ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്നത് കോയമ്ബത്തൂർ, പാവൂർ സത്രം, തിരുനെല്‍വേലി, മൈസൂർ, മേട്ടുപ്പാളയം, അലൻകുളം, കമ്ബം, തേനി എന്നിവിടങ്ങളില്‍ നിന്നാണ്. ഹോർട്ടികോർപ്പ്, കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഓണം മുന്നില്‍ കണ്ട് ആരംഭിച്ച ചന്തകളില്‍ തദ്ദേശീയമായി കൃഷി ചെയ്ത പച്ചക്കറികളും ആവശ്യത്തിനുണ്ട്. ഓണം സീസണില്‍ ആദ്യമായാണ് പച്ചക്കറി വിലയില്‍ വർധന ഉണ്ടാവാത്തതെന്ന് പാളയത്തെ കച്ചവടക്കാരും പറയുന്നു. വിഷു, ഓണം സീസണുകള്‍ ആരംഭിക്കുന്നതിന് ഒരു മാസം മുമ്ബ് തന്നെ പച്ചക്കറി വിലയില്‍ വർധന ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇത്തവണ വില കുറയുന്ന സ്ഥിതിയാണെങ്കിലും ഓണത്തിന്റെ തലേന്ന് വിലകൂടുമെന്നാണ് കച്ചവടക്കാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *