മുക്കം: മണാശേരി എം.എ.എം.ഒ കോളജില്‍ വിദ്യാർത്ഥികള്‍ നടത്തിയ സമരം സംഘർഷത്തില്‍ കലാശിച്ചു. വിദ്യാർത്ഥികളെ പൊലീസ് ലാത്തിവീശി പിരിച്ചയച്ചു.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഘർഷമുണ്ടായത്. കോളേജ് പരിസരത്ത് മണാശ്ശേരി- ചേന്ദമംഗല്ലൂർ റോഡിന്റെ ഇരുവശങ്ങളിലും വിദ്യാർത്ഥികള്‍ വാഹനങ്ങള്‍ പാർക്കു ചെയ്യുന്നത് ഗതാഗത തടസത്തിനിടയാക്കുകയും അതിനെ ചൊല്ലി നാട്ടുകാരുമായി തർക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടെ ഇന്നലെ കോളേജില്‍ ഓണാഘോഷം നടത്താൻ വിദ്യാർത്ഥികള്‍ തീരുമാനിച്ചെങ്കിലും അധികൃതർ അനുമതി നല്‍കിയില്ല. ഇതോടെ വിദ്യാർത്ഥികള്‍ മുദ്രാവാക്യം വിളിച്ച് സമരമാരംഭിക്കുകയും പ്രിൻസിപ്പല്‍ അടക്കമുള്ള കോളേജ് അധികൃതരെ പൂട്ടിയിടുകയും ചെയ്തു.
കോളേജിന്റെ പ്രധാന ഗേറ്റടച്ച് തടസമുണ്ടാക്കിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. കോളേജ് അധികൃതർ മുക്കം പൊലീസിനെ വിവരമറിയിച്ചു. പൊലീസിനെയും വിദ്യാർത്ഥികള്‍ ക്യാമ്ബസില്‍ പൂട്ടിയിട്ടു. തുടർന്നാണ് പൊലീസ് ലാത്തിവീശി വിദ്യാർത്ഥികളെ പുറത്താക്കിയത്. പെണ്‍കുട്ടികളെയടക്കം പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. ഏതാനും വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു.