കോഴിക്കോട്: വാക്കുകള്‍ക്കതീതമായ സേവനപ്രവർത്തനമാണ് വയനാട്ടിലെ ദുരന്തഭൂമിയില്‍ വൈറ്റ് ഗാർഡ് നടത്തിയതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കോഴിക്കോട് സരോവരം ട്രേഡ് സെന്റില്‍ നടന്ന വൈറ്റ് ഗാർഡ് സംഗമവും ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഇടിമിന്നല്‍ പോലെ വന്ന വയനാട് ദുരന്തം ഒരു പ്രദേശത്തിന്റെ ഭൂമിയുടെ ഘടന തന്നെ മാറ്റി. ഒരു ജനസമൂഹത്തിന്റെ ജീവിതത്തെ തകിടം മറിച്ചു. ഒരുപാട് മനുഷ്യരുടെ ജീവൻ നഷ്ടമായി.

ദുരന്തത്തിന്റെ ആദ്യ നിമിഷങ്ങളില്‍ പകച്ചുപോയെങ്കിലും പിന്നീട് മുസ്ലിംലീഗിന്റെ സകല സംവിധാനങ്ങളും ദുരന്തമുഖത്ത് സജീവമായി. വൈറ്റ് ഗാർഡ് സന്നദ്ധ സേന സജീവമായ ഇടപെടലാണ് നടത്തിയത്. മുസ്ലിംലീഗ് രൂപീകരിച്ച ഉപസമിതി വയനാട്ടില്‍ ക്യാമ്ബ് ചെയ്ത് സന്നദ്ധ സേവനത്തിന് നേതൃത്വം നല്‍കി. തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നത് പോലെയാണ് മുസ്ലിംലീഗ് ഹതാശരായ ജനതയെ ചേർത്തുനിർത്തുന്നത്. ഖാഇദെ മില്ലത്ത് പകർന്നുതന്ന സേവനരാഷ്ട്രീയത്തിന്റെ മനോഭാവമാണിതെന്നും തങ്ങള്‍ പറഞ്ഞു.

ഭൂമിയിലെ ജീവിതം മനുഷ്യന്റെ നിയന്ത്രണത്തിലല്ല. എങ്കിലും സ്രഷ്ടാവായ സർവ്വശക്തൻ ഓരോ മനുഷ്യനും ഓരോ നിയോഗങ്ങളും ഉത്തരവാദിത്തങ്ങളും നല്‍കിയിട്ടുണ്ട്. പുതിയ തലമുറ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിർവ്വഹിക്കുകയാണ്. നിങ്ങള്‍ യൗവ്വനം എന്തിന് വിനിയോഗിച്ചു എന്ന് പടച്ചവൻ ചോദിക്കുമ്ബോള്‍ ആശ്വാസത്തോടെ ഈ സേവനങ്ങളെ ഉയർത്തിപ്പിടിക്കാൻ വൈറ്റ് ഗാർഡിന് സാധിക്കും. ഈ ഹരിത പതാക സമ്മാനിച്ച മുസ്ലിംലിംലീഗും നിങ്ങളില്‍ അഭിമാനം കൊള്ളുകയാണ്. എന്നും ഓർമിക്കാവുന്ന സദസ്സായി ഈ സംഗമം മാറിയെന്നും തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *