തിരുവനന്തപുരം: തലസ്ഥാനത്ത് നാല് ദിവസമായുള്ള കുടിവെള്ള പ്രശ്‌നം ഇതുവരെ പരിഹരിച്ചില്ല. ഇനിയും ഒരു മണിക്കൂർ കൂടിക്കഴിഞ്ഞേ പമ്ബിംഗ് നടത്താൻ കഴിയുവെന്നാണ് അധികൃതർ പറയുന്നത്.
നേരത്തെ നാലുമണിയോടെ ജലവിതരണം പൂർണമായും ഉറപ്പാക്കുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. എന്നാല്‍ പമ്ബിംഗ് തുടങ്ങാൻ ഒരു മണിക്കൂർ എടുക്കുമെന്നാണ് മേയർ ആര്യാ രാജേന്ദ്രൻ ഉള്‍പ്പടെയുള്ള അധികൃതർ പറയുന്നത്.
പൈപ്പ് ലൈനില്‍ മറ്റ് ജോലികള്‍ പൂർത്തിയായി. ആങ്കർ ബ്ലോക്ക് സ്ഥാപിക്കലും വലിയ വാല്‍വ് ഘടിപ്പിക്കലും അവസാന ഘട്ടത്തിലാണെന്നും ഒരു മണിക്കൂറിനുള്ളില്‍ പമ്ബിംഗ് തുടങ്ങാനാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. വലിയ അനാസ്ഥയാണ് നാല് ദിവസമായി തലസ്ഥാനത്ത് നടന്നത്. തിരുവനന്തപുരത്തെ 44 വാർഡിലാണ് വെള്ളം ഇല്ലാത്തത്. കുടിവെള്ളം ഇല്ലാതെ ജനങ്ങള്‍ വലയുകയാണ്. ഇപ്പോഴത്തെ ആവശ്യത്തിനായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടാങ്കറുകള്‍ ഓരോ ലോഡ് വെള്ളം വീതം വാർഡുകളിലെത്തിക്കുന്നുണ്ട്. എന്നാല്‍ പല വാർഡുകളിലും ടാങ്കർ എത്തിയില്ലെന്നും ആരോപണമുണ്ട്. രോഗികളും പ്രായമുള്ളവരുമാണ് ഏറെ വലയുന്നത്.
ഇന്നുപുലർച്ചെ ഭാഗികമായി പമ്ബിംഗ് തുടങ്ങിയെങ്കിലും വാല്‍വില്‍ ലീക്ക് കണ്ടതോടെ നിറുത്തിവയ്ക്കുകയായിരുന്നു. പൈപ്പിടല്‍ ജോലിയും പൂർത്തിയായിട്ടില്ല. ഇന്ന് ഉച്ചയ്ക്കുമുമ്ബ് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുമെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി ഇന്നലെ ഉറപ്പുനല്‍കിയിരുന്നത്.
അതിനിടെ, ജല അതോറിട്ടിയും സ്‌മാർട്ട്സിറ്റിയും റോഡ് ഫണ്ട് ബോർഡും പരസ്‌പരം പഴിചാരി പ്രശ്‌നം സങ്കീർണമാക്കുകയാണെന്ന് ആന്റണി രാജു എം.എല്‍.എ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികള്‍ വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. പൈപ്പ് ലൈനുകള്‍ മാറ്റുമ്ബോഴും പ്ലാന്റുകളുടെ പ്രവർത്തനം നിറുത്തുമ്ബോഴും സ്‌മാർട്ട്സിറ്റി പദ്ധതിയുടെ നിർമ്മാണത്തിന്റെ പേരിലും ജലവിതരണം നിറുത്തുമ്ബോഴും ബദല്‍ സംവിധാനം ഏർപ്പെടുത്തുന്ന കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി.