കോഴിക്കോട്: ഓണ വിപണിയിലെ അളവ് തൂക്ക ക്രമക്കേടുകള്‍ പൂർണമായും ഒഴിവാക്കുന്നതിന് പരിശോധനകള്‍ വർധിപ്പിച്ച്‌ ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പ്.
ഈ മാസം അഞ്ചിന് ആരംഭിച്ച പരിശോധന ഉത്രാട ദിനമായ 14 വരെ തുടരും.

അളവിലും തൂക്കത്തിലും ഉള്ള വെട്ടിപ്പ്, യഥാസമയം പുനഃപരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വ്യാപാരം, നിർബന്ധിതമായ പ്രഖ്യാപനങ്ങള്‍ ഇല്ലാതെയുള്ള പാക്കറ്റ് ഉത്പന്നങ്ങളുടെ വില്പന എന്നിവ കണ്ടെത്തുന്നതിന് ഡെപ്യൂട്ടി കണ്‍ട്രോളർമാരുടെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.

പെട്രോള്‍ പമ്ബുകള്‍, ഗ്യാസ് ഏജൻസികള്‍, സൂപ്പർമാർക്കറ്റുകള്‍, ഇലക്‌ട്രിക് ഇലക്‌ട്രോണിക് ഉത്പന്ന വ്യാപാര സ്ഥാപനങ്ങള്‍, ടെക്‌സ്റ്റൈലുകള്‍, പഴം-പച്ചക്കറി മാർക്കറ്റുകള്‍ തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വ്യാപകമായ പരിശോധന ഊർജിതപ്പെടുത്തും. പെട്രോള്‍ പമ്ബുകളില്‍ വിതരണം ചെയ്യുന്ന ഇന്ധനത്തിന്‍റെ അളവില്‍ സംശയമുണ്ടെങ്കില്‍ അവിടെ സൂക്ഷിച്ചിരിക്കുന്ന മുദ്ര ചെയ്ത അഞ്ച് ലിറ്ററിന്‍റെ പാത്രം ഉപയോഗിച്ച്‌ പരിശോധിച്ചു ബോധ്യപ്പെടാം.

പാചകവാതക വിതരണ വാഹനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ത്രാസ് ഉപയോഗിച്ച്‌ സിലിണ്ടറിന്‍റെ തൂക്കം ബോധ്യപ്പെടാവുന്നതാണെന്നും ലീഗല്‍ മെട്രോളജി വകുപ്പ് അറിയിച്ചു. പരിശോധന വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചതായും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *