ബാലുശ്ശേരി: കക്കയം ഡാം സൈറ്റില്‍ കടുവയും കക്കയം മല ഭാഗത്ത് റോഡില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തുകളുമിറങ്ങി.
കക്കയം ഡാം സൈറ്റ് റിസർവോയറിലൂടെയുള്ള ഹൈഡല്‍ ടൂറിസം ബോട്ടു യാത്രക്കിടെയാണ് വിനോദ സഞ്ചാരികള്‍ കഴിഞ്ഞ ദിവസം കടുവയെ കണ്ടത്. ഡാമില്‍ വെള്ളത്തിലൂടെ നീന്തി വന്ന കടുവ കരകയറി കാട്ടിലേക്കു പോകുന്ന ദൃശ്യമാണ് ബോട്ട് യാത്രക്കാർ കണ്ടത്.

സഞ്ചാരികള്‍ ഇതിന്‍റെ വിഡിയോ എടുക്കുകയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിട്ടുണ്ട്. കക്കയം ഡാം സൈറ്റ് ഭാഗത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നേരത്തെ ജീവനക്കാർ പറഞ്ഞിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്ബ് ഡാമില്‍ ബോട്ട് യാത്രക്കിടെ സഞ്ചാരികള്‍ പുലിയെയും കണ്ടിരുന്നു. ഡാമിലെ റിസർവോയർ കരഭാഗത്തുള്ള വനത്തില്‍ ആനയും കാട്ടുപോത്തും മാനും യഥേഷ്ടമുണ്ട്. ഡാം സൈറ്റ് റോഡില്‍ ഏഴാം പാലത്തിനടുത്ത് ജനവാസ മേഖലയില്‍ കാട്ടുപോത്തിൻ കൂട്ടവും കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. സ്കറിയാ മണ്ണനാല്‍, രാമചന്ദ്രൻ കുന്നുംപുറത്ത്, സജി കൊച്ചുപുരക്കല്‍, ജോണ്‍സണ്‍ എന്നിവരുടെ വീടിന്‍റെ പരിസരത്ത് പുലർച്ചവരെ കാട്ടുപോത്തുകള്‍ മേഞ്ഞതായി വീട്ടുകാർ പറഞ്ഞു.

കഴിഞ്ഞ മേയ് മാസം പാലാട്ടിയില്‍ അബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചു കൊന്നതിന് ശേഷം ജനവാസ മേഖലയില്‍ ഫെൻസിങ് നിർമാണം നടത്തുമെന്ന് ജില്ല കലക്ടർ ഉറപ്പ് നല്‍കിയിരുെന്നങ്കിലും ഫെൻസിങ് നിർമാണം ഇതുവരെ നടന്നിട്ടില്ല. കലക്ടർ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് കക്കയം വാലി റെസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജോണ്‍സണ്‍ കക്കയം, സജി കൊച്ചുപുരക്കല്‍, ജോർജ് കോയിക്ക, കുന്നേല്‍ ബെന്നി കുറുമുട്ടത്ത്, ആന്‍റണി, വേമ്ബുവിള, ബിജു പൂവത്തിങ്കല്‍ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *