കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ സ്ഥിരം ഡോക്ടർമാരുടെ സേവനമില്ലാതെ രോഗികള്‍ വലയുന്നു.
മെഡിക്കല്‍ ഓഫീസർ ഉള്‍പ്പെടെ ഡോക്ടർമാർ ദീർഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഉച്ചയ്ക്കുശേഷം ഒപി പ്രവർത്തിക്കുന്നില്ല. ഞായറാഴ്ചകളില്‍ ആശുപത്രി അടച്ചിടേണ്ടി വരികയാണ്.
താത്കാലികമായി നിയമിച്ച ഏക ഡോക്ടറുമായാണ് മാസത്തിലേറെയായി ഇവിടെ പ്രവർത്തനം നടക്കുന്നത്. മെഡിക്കല്‍ ഓഫീസർ അവധിയെടുക്കുന്ന ദിവസങ്ങളില്‍ ആശുപത്രിതന്നെ അടച്ചിടേണ്ട അവസ്ഥയാണ്. നഴ്സിംഗ് അസിസ്റ്റന്‍റിന്‍റെ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്.
മെഡിക്കല്‍ ഓഫീസറെ മാറ്റി പുതിയ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ട് മാസങ്ങളായിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഇദ്ദേഹം ചുമതലയിലുള്ളപ്പോഴും വല്ലപ്പോഴും മാത്രമായിരുന്നു ആശുപത്രിയില്‍ എത്താറെന്നും ആരോപണമുണ്ട്.
മലയോരത്ത് മഴ തുടരുന്നതിനാല്‍ പനി ഉള്‍പ്പെടെയുള്ള അസുഖബാധിതരുടെ എണ്ണം കൂടുതലാണ്. കൈ കുഞ്ഞുങ്ങളുമായി അമ്മമാരും മുതിർന്നവരും ഉള്‍പ്പെടെ ആശുപത്രിയിലെത്തി ഡോക്ടറില്ലെന്നറിഞ്ഞ് തിരിച്ചു പോകുന്ന കാഴ്ച പതിവാണ്.
അത്യാവശ്യക്കാർക്ക് വൻതുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.