കോഴിക്കോട്: കോർപ്പറേഷൻ പരിധിയില്‍ മഞ്ഞപ്പിത്തം പടരുന്നു. കോർപ്പറേഷനിലെ 30ാം വാർഡായ കൊമ്മേരി എരവത്തുകുന്ന് പ്രദേശത്താണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്.
രോഗം സ്ഥിരീകരിച്ച 19 പേർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതില്‍ 24 കാരിയുടെ നില അതീവ ഗുരുതരമാണ്. രോഗ ലക്ഷണങ്ങളുമായി നിരവധി പേർ ഇതിനകം ചികിത്സ തേടി. ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ള മഞ്ഞപ്പിത്തമാണ് പടരുന്നത്. സ്രോതസ് കണ്ടെത്താൻ ആരോഗ്യ വകുപ്പ് പരിശോധന ആരംഭിച്ചു. ഈ ഭാഗത്തെ പ്രാദേശിക കുടിവെള്ള പദ്ധതിയുടെ ടാങ്കില്‍ നിന്നാണ് മഞ്ഞപ്പിത്തം പടർന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. പദ്ധതി പ്രദേശത്തെ വീടുകളിലുള്ളവർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന മൂന്ന്കിണറുകള്‍ കോർപ്പറേഷൻ ആരോഗ്യവിഭാഗം സൂപ്പർ ക്ളോറിനേറ്ര് ചെയ്തു. വെള്ളം സാമ്ബിളുകള്‍ മലാപ്പറമ്ബിലെ വാട്ടർ അതോറിറ്രിയുടെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം വന്നാല്‍ മാത്രമെ ഉറവിടം വ്യക്തമാവുകയുള്ളുവെന്ന് കോർപറേഷൻ ഹെല്‍ത്ത് ഓഫീസർ ഡോ. മുനവർ പറഞ്ഞു. പരിശോധന ഫലം വരുംവരെ കുടിവെള്ളവിതരണം നിർത്തിവെക്കാൻ കോർപ്പറേഷൻ നിർദേശിച്ചിരിക്കുകയാണ്.
പ്രതിരോധം ശക്തം
പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കുന്നതിനായി കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ഡി.എം.ഒ, വാർഡ് കൗണ്‍സിലർമാർ എന്നിവരുടെ നേതൃത്വത്തില്‍ കോർപ്പറേഷനില്‍ ഇന്ന് യോഗം ചേരും. പ്രദേശത്ത് ഹെല്‍ത്ത് ഓഫീസർമാർ, ജെ.എച്ച്.ഐ, ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദർശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിന ജലത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ നിർദ്ദേശിച്ചു. മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും സെപ്റ്റിക് ടാങ്കുകളിലെ ചോർച്ച വഴി കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും മഞ്ഞപ്പിത്തം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. മറ്റ് അനുബന്ധ രോഗങ്ങളുള്ളവർക്ക് മഞ്ഞപ്പിത്തം ബാധിച്ചാല്‍ ഗുരുതരമാകാൻ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. രോഗലക്ഷണം കണ്ടാല്‍ ഉടൻ ചികിത്സ തേടണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോർപ്പറേഷൻ ഹെല്‍ത്ത് ഓഫീസർ അറിയിച്ചു.