കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ സഹായിക്കാനായി മുസ്ലിം ലീഗ് ആരംഭിച്ച പുനരധിവാസ പദ്ധതിയിലേക്ക് പ്രത്യേക ആപ് വഴി നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ചത് 36,08,11,688 രൂപ.
ഓഗസ്റ്റ് 31 അർധരാത്രി വരെയുള്ള കണക്കാണിത്. ഇതിനു പുറമേ 22 വീടുകളുടെ നിർമ്മാണത്തിന് 3,30,00,000 രൂപയുടെ വാഗ്ദാനവും ലഭിച്ചതായി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി എി.എം.എ. സലാം എന്നിവർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
2.31 ഏക്കർ സ്ഥലം സൗജന്യമായി ലഭിച്ചു. 1,40,68,860 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ഫണ്ട് സമാഹരണം അവസാനിപ്പിച്ചു. ചെലവഴിക്കുന്ന തുക ആപ് വഴി പ്രദർശിപ്പിക്കും 2,16,036 പേരാണ് ആപ് വഴിയുള്ള ഫണ്ട് സമാഹരണത്തില്‍ പങ്കാളികളായത്.
യുഎഇ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിലെ കെഎംസിസി കമ്മിറ്റികളാണ് കൂടുതല്‍ തുക നല്‍കിയത്. ഒമാൻ, ബഹ്റൈൻ, കുവൈത്ത്, യൂറോപ്യൻ യൂണിയൻ, അയർലണ്ട്, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലെ കെഎംസിസി കമ്മിറ്റികളും എഐകെഎംസിസിയും മികച്ച പങ്കാളിത്തം വഹിച്ചു.
കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക, ബിഹാർ, ലക്ഷദ്വീപ്, ഡല്‍ഹി, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബംഗാള്‍, ഗോവ, ഗുജറാത്ത്, ജമ്മു കഷ്മീർ, മേഘാലയ, പഞ്ചാബ്, മണിപ്പുർ, സിക്കിം, ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നും സഹായമെത്തിയതായി നേതാക്കള്‍ പറഞ്ഞു.
വിലങ്ങാടിനും സഹായം
കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവർക്കും സഹായഹസ്തവുമായി മുസ്ലിം ലീഗ്. ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടമായ മാത്യു മാസ്റ്ററിന്‍റെ കുടുംബത്തിന് ഒരു ലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
പൂർണമായും ഭാഗികമായും വീടുകള്‍ തകർന്ന 34 കുടുംബങ്ങള്‍ക്ക് 15,000 രൂപ ആശ്വാസധനമായി വിതരണം ചെയ്യും. സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളുമായി സഹകരിക്കുന്നതോടൊപ്പം വീട് നിർമാണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ആലോചിക്കുമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.