മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കായി സൂചിപ്പാറ മേഖയില്‍ നടത്തിയ തെരച്ചില്‍ കാലാവസ്ഥ പ്രതികൂലമായതോടെ മുടങ്ങി.
ഇന്നലെ രാവിലെ മഴയും മൂടല്‍മഞ്ഞും അനുഭവപ്പെട്ടതാണ് പരിശോധന തടസമായത്. റിപ്പണ്‍ ആനടിക്കാപ്പ് ഭാഗത്തു നിന്ന് തെരച്ചില്‍ ആരംഭിക്കാൻ ആയിരുന്നു തീരുമാനം. ഇതിനായി തെരച്ചില്‍ സംഘം റിപ്പണില്‍ എത്തി. എന്നാല്‍ ചാറ്റല്‍ മഴയും മൂടല്‍മഞ്ഞും മണിക്കൂറുകളോളം തുടർന്നതോടെ വനത്തിലേക്ക് പ്രവേശിക്കരുതെന്ന നിർദ്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് തെരച്ചില്‍ ഉപേക്ഷിച്ച് സംഘം മടങ്ങി. ഇന്ന് തെരച്ചില്‍ പുനരാരംഭിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കഴിഞ്ഞദിവസം ഈ മേഖലയില്‍ പരിശോധന നടത്തിയപ്പോള്‍ 6 ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവിടെ ഇനിയും തെരച്ചില്‍ അനിവാര്യമാണെന്നാണ് തെരച്ചില്‍ സംഘം പറയുന്നത്. കാണാതായവരുടെ ബന്ധുക്കളും ഇതേ ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. അതിനാല്‍ വരും ദിവസങ്ങളിലും തെരച്ചില്‍ തുടരുമെന്ന് മന്ത്രി പറഞ്ഞു. ദുർഘടമായ വനമേഖല ആയതിനാല്‍ കാലാവസ്ഥ കൂടി പരിഗണിച്ചായിരിക്കും ഈ ഭാഗത്തെ തെരച്ചില്‍.
ഞായറാഴ്ച നടത്തിയ പ്രത്യേക തെരച്ചിലില്‍ കണ്ടെത്തിയ 6 ശരീരഭാഗങ്ങളില്‍ 5 എണ്ണം മനുഷ്യരുടേതാണെന്ന് സുല്‍ത്താൻ ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോർട്ടത്തില്‍ വ്യക്തമായി. ഇവ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഇതുവരെ കണ്ടെത്തിയത് 231 മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളുമാണ്. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. 55 മൃതദേഹങ്ങളും 203 ശരീരഭാഗങ്ങളും എച്ച്. എം.എല്‍ പ്ലാന്റേഷനിലെ പുത്തുമല പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ഡി.എൻ.എ പരിശോധനയിലൂടെ 30 പേരെക്കൂടി തിരിച്ചറിഞ്ഞു.