കോഴിക്കോട്: ഓണം അടുത്തതോടെ കുതിച്ചുയർന്ന് പഴം വില. ഞാലിപ്പൂവൻ സെഞ്ച്വറി അടിക്കാനൊരുങ്ങിയാണ് . കിലോ വില 85 രൂപയായി.
നേന്ത്രപഴം, പൂവൻപഴം, ഞാലിപൂവൻ, മൈസൂർപഴം, റോബസ്റ്റ എന്നിവയ്ക്കും വില കുതിക്കുകയാണ്. ഒരു മാസത്തിനിടെ 40 മുതല്‍ 50 രൂപവരെയാണ് കൂടിയത്. 40 – 45 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു കിലോ നേന്ത്രപ്പഴത്തിന് 70 – 75 രൂപയായി. മൈസൂർപ്പഴത്തിന്റെ വില 45 രൂപയിലെത്തി. മാസങ്ങള്‍ക്ക് ശേഷമാണ് മൈസൂർ പഴത്തിന് ഇത്രകണ്ട് വില ഉയരുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
കാലവർഷക്കെടുതിയില്‍ വാഴകൃഷിക്കുണ്ടായ നാശമാണ് വില ഉയരാനിടയായത്. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഈ വർഷം മൂന്നിലൊന്ന് വാഴക്കൃഷിയാണ് നശിച്ചത്. വരള്‍ച്ച, കാറ്റ് എന്നിവ മൂലമായിരുന്നു കൃഷി നാശം. ഉത്പാദനം കാര്യമായി കുറഞ്ഞതോടെ ഞാലിപ്പൂവനും നേന്ത്രപഴത്തിനും വില കൂടി. ഇനിയും വില ഉയരുമെന്ന സൂചനയാണ് വിപണിയില്‍. കേരളത്തില്‍ ഓണവും കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ വിവിധ ആഘോഷങ്ങളും അടുത്തതോടെ പഴത്തിന് ആവശ്യക്കാരും വിലയും ഉയരും.
ശക്തമായ വരള്‍ച്ചയായിരുന്നു ആദ്യപ്രതിസന്ധി. കുഴല്‍ക്കിണറുകള്‍ വറ്റിയതോടെ ജലസേചനം മുടങ്ങി. അവശേഷിച്ച വാഴകളില്‍ ഏറെയും കാലവർഷാരംഭത്തിലെ കൊടുങ്കാറ്റില്‍ വീണു. കർഷകർക്ക് കാര്യമായ നഷ്ടമുണ്ടായി. പുഴുശല്യം പ്രതിസന്ധിയായി നിലനില്‍ക്കുന്നുണ്ടെങ്കിലും പഴത്തിനെ ബാധിക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതെസമയം
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പച്ചക്കറി വില കാര്യമായി കുറഞ്ഞു. സംസ്ഥാനത്തിനകത്തും അയല്‍ സംസ്ഥാനങ്ങളിലും ഉത്പാദനം കൂടിയതും കൂടുതല്‍ പച്ചക്കറി വിപണിയില്‍ എത്തിയതുമാണ് വില കുറയാൻ കാരണമായത്. ഓണം അടുക്കുന്നതോടെ വില ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പഴങ്ങളുടെ വില (റീട്ടെയില്‍, ഹോള്‍ സെയില്‍)
നേന്ത്രപഴം – 70 -75, 52
ഞാലിപൂവൻ – 85 ,74
മൈസൂർ പഴം – 45 ,42
റോബസ്റ്റ – 45 ,30
മറ്റു പഴങ്ങള്‍ക്ക്
ആപ്പിള്‍ – 160 – 180
മുന്തിരി – 120
പേരയ്ക്ക – 80
റംബുട്ടാൻ – 220
തണ്ണിമത്തൻ – 30
മുസംബി – 80
പൈനാപ്പിള്‍ – 100
മാതളനാരങ്ങ – 200 (140 – സെക്കൻഡ് ക്വാളിറ്റി)
ചെറുനാരങ്ങ – 100
പച്ചക്കറി വില (പാളയം മാർക്കറ്റ്)
പയർ – 40, വെണ്ട – 20, തക്കാളി – 20, പച്ചമുളക് – 50, വഴുതനങ്ങ – 30, പാവല്‍ – 30, വെള്ളരി -20, പടവലങ്ങ – 30, ചെറിയ ഉള്ളി – 40 – 50, സവാള – 50 , ക്യബേജ് -30 , കാരറ്റ് – 30, ബീറ്റ്റൂട്ട് – 35, ഇഞ്ചി -50, ബീൻസ് -60, മുരിങ്ങക്കായ – 30.
ഓണം ആവുമ്ബോഴേക്കും പഴങ്ങളുടെ വില ഇനിയും കൂടിയേക്കാം. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് വരവ് കുറയുന്നും നാട്ടില്‍ ഓണത്തിനാവശ്യമായ പഴമില്ലാത്തതും പ്രതിസന്ധിയാവും.
കൃഷ്ണദാസ് പി.കെ, പഴം കടയുടമ, പാളയം.