മുഹമ്മദ് അപ്പമണ്ണില്‍

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചേക്കും. രഞ്ജിത്തിനോട് രാജി വെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി സൂചന.
ലൈംഗികാതിക്രമ ആരോപണത്തില്‍ സംവിധായകനും സംസ്ഥാന ചലചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിന് പ്രതിരോധം തീര്‍ത്താണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്ന് രാവിലെ പ്രതികരിച്ചത്. ആക്ഷേപത്തില്‍ കേസെടുക്കാനാകില്ല. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കില്ലെന്നും മറിച്ച് പരാതി ലഭിച്ചാല്‍ എത്ര ഉന്നതനാണെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ നയം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കേവലം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ല. രഞ്ജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും. രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ മികച്ച കലാകാരനാണ്. അദ്ദേഹത്തിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരസ്യമായി ഒരു വ്യക്തി ആരോപണം ഉന്നയിച്ചു, പരസ്യമായി ആരോപണവിധേയന്‍ അത് തള്ളി. പരാതി ലഭിച്ചാല്‍ അന്വേഷിക്കും എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *