മുഹമ്മദ് അപ്പമണ്ണില്‍
കോഴിക്കോട്: ടിക്കറ്റില്ല, വയനാട്ടിലെ നമ്മുടെ കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ കൈയിലുള്ളത് നല്‍കാം…” ഇന്നലെ കോഴിക്കോട്ടെ ബസില്‍ കയറിവർക്ക് മുമ്ബില്‍ കണ്ടക്ടർ ഒരു ബക്കറ്റ് നീട്ടിയപ്പോള്‍ പതിവ് യാത്രക്കാർക്കൊന്നും സംശയമേതുമില്ലായിരുന്നു.
പതിവായി പത്തുരൂപ ടിക്കറ്റെടുക്കുന്നവർ കൈയിലുണ്ടായിരുന്ന അമ്ബതും നൂറും നല്‍കി. മഹത്തായ യജ്ഞത്തിലേക്കുള്ള കരുതല്‍. സംസ്ഥാന തലത്തിലുള്ള ആഹ്വാന പ്രകാരം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷനും ഓപ്പറേറ്റേഴ്സ് ഫെഡറേഷനുമടക്കം ജില്ലയിലെ ബസുടമകളും തൊഴിലാളികളുമെല്ലാം ഒരേ മനസോടെയാണ് വയനാടിനായി കൈകോർത്തത്.
കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്താകെയുള്ള സ്വകാര്യ ബസുകള്‍ ഇത്തരത്തില്‍ സർവീസ് നടത്തി മൂന്നുകോടി 15 ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയപ്പോള്‍ കോഴിക്കോടിന്റെ മാത്രം സംഭാവന അന്ന് 33 ലക്ഷമായിരുന്നു. ഇന്നലെ കോഴിക്കോട് ജില്ലയിലോടിയ ബസുകളില്‍ 650 ഓളം ബസുകള്‍ ഓടിയത് വയനാടിന് വേണ്ടിയായിരുന്നു. ബാക്കി ബസുകള്‍ വരും ദിവസങ്ങളിലും സർവീസ് നടത്തും.
ദുരന്തബാധിതർക്കായി ഒരു ദിവസത്തെ വരുമാനം മാറ്റിവയ്ക്കുകയായിരുന്നു സ്വകാര്യബസുകള്‍. ഡീസലിന്റെ പണമൊഴികെ ബാക്കി തുക വീടുനിർമാണത്തിന് ഉപയോഗിക്കും. 25 വീടുകള്‍ നിർമ്മിച്ച് നല്‍കാനാണ് ആലോചന. യാത്രക്കാരും ജീവനക്കാരും കാരുണ്യയാത്രയോട് സഹകരിച്ചെന്നും കൂടുതല്‍ തുക നല്‍കിയവരുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. 35 ലക്ഷം രൂപയാണ് ജില്ലയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോ. പ്രസിഡന്റ് കെ.ടി.വാസുദേവൻ പറഞ്ഞു. വയനാട്ടിലേക്ക് ഒരു കൈത്താങ്ങ് ഫണ്ട് ശേഖരണാർത്ഥം സർവീസ് നടത്തുന്ന ബസുകളുടെ ജില്ലാതല ഉദ്ഘാടനം സിവില്‍ സ്റ്റേഷൻ പരിസരത്ത് ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി. കെ ബീരാൻ കോയ, എം.എസ് സാജു, ഇ. റിനീഷ്, ടി.വി ബാബു, കെ. കെ മനോജ്, അബ്‌ദുള്‍ സത്താർ, രഞ്ജിത്ത്,സി.ഐ.ടി.യുവിനെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി കുഞ്ഞൻ, ബി.എം.എസ് ജില്ലാ പ്രസിഡന്റ് ദേവാനന്ദൻ എന്നിവർ പ്രസംഗിച്ചു.