മുഹമ്മദ് അപ്പമണ്ണില്‍

കോഴിക്കോട്: ജനവാസമേഖലയില്‍ കാട്ടാനയുടെ സാന്നിധ്യം മൂലം ജീവിതം ദുരിതത്തിലായി നിരവധി കുടുംബങ്ങള്‍. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡായ മരുതിലാവില്‍ ആണ് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.
അതേസമയം ആനയെ വിരട്ടാനായി പടക്കം പൊട്ടിച്ചാല്‍ പോലും അതിന്റെ പേരില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീടുകളിലെത്തി പരിശോധന നടത്തുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

വട്ടച്ചിറ മരുതിലാവ് പ്രദേശത്തെ വാഴ, തെങ്ങ്, കമുക്, കാപ്പി തുടങ്ങിയ കൃഷിയാണ് വ്യാപകമായി നശിപ്പിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള അധികൃതർ കൃത്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആനയുടെ ആക്രമണം ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് തങ്ങളെന്നും ഇവർ സൂചിപ്പിച്ചു. ആന വരുമ്ബോള്‍ പേടിപ്പിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ നല്‍കിയ പടക്കം പൊട്ടിച്ചതിന്റെ പേരില്‍ അനാവശ്യമായി വീടുകളില്‍ പരിശോധന നടത്തുകയാണ്.

നശിപ്പിക്കപ്പെട്ട കൃഷിക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുകയും വളരെ തുച്ഛമാണ്. ആനയുടെ ശല്യം കാരണം നിരവധി കുടുംബങ്ങള്‍ ഇവിടെ നിന്നും ഒഴിഞ്ഞു പോയിതായും പ്രദേശ വാസികള്‍ പറഞ്ഞു. വനാതിർത്തിയില്‍ വൈദ്യുതി വേലികള്‍ സ്ഥാപിച്ച്‌ വാച്ചർമാരെ നിയോഗിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നാട്ടുകാരോടുള്ള സമീപനത്തില്‍ മാറ്റം വരണമെന്നും സ്ഥലം സന്ദർശിച്ച കോടഞ്ചേരി പഞ്ചായത് പ്രസിഡന്റ് അലക്സ് ചെമ്ബകശ്ശേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *