മുഹമ്മദ് അപ്പമണ്ണില്‍
കോഴിക്കോട്:വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി വീഡിയോ ഗാനം പുറത്തിറക്കി കേരളത്തിലെ സംഗീത കലാകാരന്മാർ.
ഗായകർ ചേർന്ന് പാടിയ ഹൃദയമേ സംഗിത വീഡിയോ അല്‍ബത്തില്‍ നിന്നുള്ള വരുമാനം വയനാട്ടിലെ ദുരിത ബാധിതർക്ക് നല്‍കും.
ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിന് സംഗീതത്തിലൂടെ സാന്ത്വനം ഏകുകയാണ് കേരളത്തിലെ സംഗീത കലാകാരന്മാർ. ഹൃദയമേ എന്ന ഗാനം ഇന്ത്യയിലെ പ്രശസ്തരായ 25 ഗായകർ ചേർന്നാണ് പാടിയത്. വയനാടിന്റെ കണ്ണീർ കാഴ്ചകളും രക്ഷപ്രവർത്തനവുമാണ് ഗാനത്തിന്റെ ദൃശ്യങ്ങളില്‍. ദുരന്തമുഖത്തെ ഇന്ത്യൻ സൈനികരുടെ സമർപ്പണത്തിനുള്ള ആദരം കൂടിയാണ് ഈ വീഡിയോ ആല്‍ബം.
കൈതപ്രം രചിച്ച്, രാജേഷ് ബാബു കെ ശൂരനാട് സംഗീതം പകർന്ന്, ഗായകൻ പി കെ സുനില്‍കുമാർ ഏകോപനം നിർവഹിച്ച ഗാനം അഞ്ചു ദിവസങ്ങള്‍ കൊണ്ടാണ് തയാറാക്കിയത്. ഹരിഹരൻ, ഉഷ ഉതുപ്പ്, എം ജി ശ്രീകുമാർ, ഉണ്ണിമേനോൻ, ഉണ്ണികൃഷ്ണൻ, സിത്താര, നരേഷ് അയ്യർ, മധു ബാലകൃഷ്ണൻ, മൃദുല വാര്യർ, അനുരാധ ശ്രീരാം, നജീം അർഷാദ്, അൻവർ സാദത്ത്, ഉള്‍പ്പെടെയുള്ള ഗായകരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കൈതപ്രം നമ്ബൂതിരിയും കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിംഗും ചേർന്നാണ് ആല്‍ബം പ്രകാശനം ചെയ്തത്. സംഗീത ആല്‍ബത്തില്‍ നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.