കല്‍പ്പറ്റ; മുണ്ടക്കൈയിലും ചൂരല്‍മലയിലും സൂപ്പര്‍ ഇടപെടലുമായി നടന്‍ മോഹന്‍ലാല്‍. വയനാട് ഉരുള്‍പ്പൊട്ടലിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ നടന്‍ മോഹന്‍ലാല്‍.
മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനാണ് സംഭാവന നല്‍കുന്നത്. ഉരുള്‍പ്പൊട്ടലില്‍ നശിച്ച മുണ്ടക്കൈ എല്‍.പി സ്‌കൂള്‍ പുതുക്കി പണിയുമെന്നും അദ്ദേഹം അറിയിച്ചു. മുണ്ടക്കൈ സ്‌കൂള്‍ പുതുക്കി പണിയുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന്റെ ഭാരവാഹികളിലൊരാളായ സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. ലഫ്റ്റന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ സൈനിക വേഷത്തിലാണ് ദുരന്ത ബാധിതരെ കാണാനെത്തിയത്.

‘ഈ നാടുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. പണ്ട് ഇവിടെ ഞങ്ങള്‍ക്കൊരു സ്ഥലമുണ്ടായിരുന്നു. ഏറ്റവും സങ്കടകരമായ കാഴ്ചയാണ് കുറച്ചു ദിവസങ്ങളായി കാണുന്നത്. ഒരുപാട് പേര്‍ക്ക് ഉറ്റവരെയും ഉടയവരെയും വീടും ഭൂമിയുമെല്ലാം നഷ്ടപ്പെട്ടു. ആര്‍മിയും പോലീസും ദുരിതാശ്വാസ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും എന്തിന് ഒരു കല്ലെടുത്ത് മാറ്റിവച്ച കുട്ടി പോലും നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ കയ്യടി അര്‍ഹിക്കുന്നു. ഞാന്‍ ഉള്‍പ്പെടുന്ന മദ്രാസ് ബറ്റാലിയന്‍ ഇവിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഒരുപാട് പേരെ ഇനിയും കണ്ടെത്താനുണ്ട്. മുകളില്‍പ്പോയി കാണുമ്ബോഴാണ് വ്യാപ്തി മനസ്സിലാക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. നഷ്ടപ്പെട്ടതൊന്നും തിരിച്ചു നല്‍കാനാകില്ല. എന്നിരുന്നാലും വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി രൂപ ഇപ്പോള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നു’- മോഹന്‍ലാല്‍ പറഞ്ഞു.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ മോഹന്‍ലാല്‍ എത്തിയത്. ആര്‍മി ക്യാമ്ബില്‍ എത്തിയ ശേഷമാണ് ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ദുരിതം അനുഭവിക്കുന്നവരെ കാണാന്‍ എത്തിയത്. ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലും എത്തി. സൈനിക അകമ്ബടിയിലായിരുന്നു യാത്ര. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമേകുക കൂടിയാണ് ലാലിന്റെ ലക്ഷ്യം. കേരളത്തില്‍ സൈന്യം നടത്തുന്ന ഏറ്റവും ദുഷ്‌കരമായ രക്ഷാ ദൗത്യമാണ് മുണ്ടക്കൈയിലേത്. ഈ സാഹചര്യത്തിലാണ് സേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഒരാള്‍ കൂടിയായ ലാല്‍ എത്തിയത്. സൈനിക നേതൃത്വത്തോട് ലാല്‍ കാര്യങ്ങള്‍ തിരക്കി. കൂടിയാലോചനകളും ഉണ്ടായി. അതിന് ശേഷമാണ് ദുരന്ത ബാധിത സ്ഥലത്തേക്ക് പോയത്.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ നേരത്തെ സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപയാണ് നടന്‍ നല്‍കിയത്. 2018ല്‍ ഉണ്ടായ മഹാപ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലാണ് മോഹന്‍ലാല്‍. കോഴിക്കോടു നിന്ന് റോഡു മാര്‍ഗമാണ് വയനാട്ടിലെത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ടെറിട്ടോറിയല്‍ ആര്‍മിയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. ഈ സാഹചര്യത്തിലാണ് ലാലിന്റെ വയനാട്ടിലേക്കുള്ള വരവ്.

നേരത്തെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ കുറിച്ച്‌ മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടിയിരുന്നു. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ മേപ്പാടി എത്തിയപ്പോള്‍ സൈന്യം സ്വീകരിച്ചു. സൈനിക യൂണിഫോമിലാണ് മോഹന്‍ലാല്‍ എത്തിയത്. ദുരിതാശ്വാസ ദൗത്യത്തില്‍ മുന്‍നിരയില്‍ നിന്ന എന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടിഎ മദ്രാസിന്റെ പ്രയത്‌നങ്ങള്‍ക്ക് മോഹന്‍ലാല്‍ നന്ദി അറിയിച്ചിരുന്നു.

‘വയനാട് ജില്ലയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ആറു സോണുകളായി നടത്തുകയാണ്. കാണാമറയ്ത്ത് ഇനിയും ഒരുപാട് പേരുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുകയാണ്. ദുരന്ത മുഖത്ത് ധീരതയോടെ അക്ഷീണം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനിക സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യുന്നു.

മുമ്ബും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ദുഷ്‌കരമായ സമയത്ത് നമ്മള്‍ക്ക് എല്ലാവര്‍ക്കും ഒറ്റക്കെട്ടായി നില്‍ക്കാനും ഐക്യത്തിന്റെ ശക്തി കാണിക്കാനും താന്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നു’, എന്നാണ് മോഹന്‍ലാല്‍ വിശദീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *