കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി സമസ്ത മുശാവറ അംഗം ഉമ്മര്‍ ഫൈസി മുക്കം.
‘സമസ്ത വിലക്കിയ പരിപാടികളില്‍ മുസ്ലിം ലീഗ് നേതൃത്വം പങ്കെടുക്കുന്നു. ഇതര സംഘടനകളുടെ സമ്മേളനങ്ങളില്‍ ആശയ പ്രചരണ പരിപാടികളില്‍ മുസ്ലിം ലീഗ് നേതൃത്വം സഹകരിക്കുന്നു. ഇത് സമസ്തയ്‌ക്ക് വെറുപ്പുണ്ടാക്കുന്നു. സഹകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന രണ്ട് സംഘടനകളില്‍ ഇന്ന് സഹകരണം നിലനില്‍ക്കുന്നില്ല. സിഐസി വിഷയത്തില്‍ സമസ്തയുടെ തീരുമാനത്തിനെതിരായി മുസ്ലിം ലീഗ് നിലകൊണ്ടു. അനുകൂലമായി നിന്നില്ലെന്ന് മാത്രമല്ല എതിര്‍ ചേരിയില്‍ നിന്നു. മുസ്ലിം ലീഗിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണ് ഇങ്ങനെ പെരുമാറുന്നത്. സമുദായം ഇത് തിരിച്ചറിയുന്നുണ്ട്. ഇത് ലീഗ് നേതൃത്വം തിരിച്ചറിയുന്നില്ലെങ്കില്‍ സമസ്തയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.’ ഉമ്മര്‍ ഫൈസി മുക്കം സ്വകാര്യ ചാനലിനോട് പറഞ്ഞു.

മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെയാണ് സമസ്ത പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സീറ്റുകളില്‍ യുഡിഎഫിന് തിരിച്ചടിയാകും. പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ.എസ്. ഹംസ സമസ്തയുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും സമസ്തയുടെ ഒരു വിഭാഗത്തിന്റെ പിന്തുണ ഹംസയ്‌ക്കുണ്ട്. മറ്റ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും സമസ്ത – മുസ്ലിം ലീഗ് ഭിന്നത തിരിച്ചടിയാകും. സിപിഎം ആകട്ടെ സമസ്ത നേതാക്കളെ പ്രീണിപ്പിച്ച്‌ നിര്‍ത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. സമുദായ വിഷയങ്ങളില്‍ സമസ്ത നേതൃത്വവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത് ഇതിന്റെ ഭാഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *