ഫറോക്ക് | വധശിക്ഷ കാത്ത് സഊദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന അബ്ദുര്‍റഹീമിന് നാടിന്റെ കാരുണ്യവര്‍ഷം. സഊദി കുടുംബം ആവശ്യപ്പെട്ട 34 കോടി ദിയാ ധനത്തില്‍ ഇന്നലെ രാത്രിയോടെ ഒഴുകിയെത്തിയത് 21.50 കോടി രൂപ.
ഇനി വേണ്ടത് 12.50 കോടി രൂപ. ഈ തുക പൂര്‍ത്തിയാക്കി റഹീമിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ഇനി ബാക്കിയുള്ളത് വെറും നാല് ദിനങ്ങള്‍ മാത്രം.
ഈ മാസം 16നാണ് ദിയാ ധനം സഊദി കുടുംബത്തെ ഏല്‍പ്പിക്കേണ്ടത്. ഒന്നര മാസത്തിലധികമായി പണം സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു റഹീമിന്റെ മോചനത്തിന് വേണ്ടി നാട്ടിലും മറുനാട്ടിലും പ്രവര്‍ത്തിക്കുന്ന റഹീം നിയമ സഹായ സമിതിയുടെ പ്രവര്‍ത്തകര്‍. റമസാന്‍ 27ന് വൈകുന്നേരം വരെ നാലര കോടിയായിരുന്നു ഒരു മാസം കൊണ്ട് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടില്‍ വന്നിരുന്നത്. എന്നാല്‍ റമസാന്‍ 28ന് വൈകിട്ടോടെ അക്കൗണ്ടിന്റെ ചിത്രം മാറിമറിഞ്ഞു. മിനുട്ടുകള്‍ കൊണ്ട് കോടികള്‍ ഒഴുകിയെത്തി. റമസാന്‍ 28ന് എട്ട് കോടിയും 29ന് 13 കോടിയും പെരുന്നാള്‍ ദിനത്തില്‍ രാത്രിയോടെ 17 കോടിയുമെത്തി, ഇന്നലെ രാത്രി 9.45ന് 21.50 കോടിയായി തുക ഉയര്‍ന്നു.
സാമൂഹിക മാധ്യമങ്ങള്‍ മുഖേനെയും മഹല്ലുകള്‍ കേന്ദ്രീകരിച്ചും വിവിധ കൂട്ടായ്മകള്‍, സാംസ്‌കാരിക സംഘടനകള്‍, രാഷ്ടീയ യുവജന പ്രവര്‍ത്തകര്‍, ബസ് ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, സാധാരണക്കാര്‍, വിവിധ ചാരിറ്റി പ്രവര്‍ത്തകര്‍, പണ്ഡിതന്മാര്‍, ബ്ലോഗര്‍മാര്‍. കാരുണ്യ പ്രവര്‍ത്തകര്‍ തുടങ്ങി നാട് ഒന്നാകെ ഫണ്ട് സ്വരൂപണം ഏറ്റെടുത്തതോടെയാണ് വിജയം കണ്ടത്. 34 കോടി വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കോഴിക്കോട് ജില്ലയില്‍ ഫറോക്ക് കോടമ്ബുഴ സ്വദേശി മച്ചിലകത്ത് പരേതനായ മുഹമ്മദ് കുട്ടിയുടെ മകന്‍ സീനത്ത് മന്‍സിലില്‍ അബ്ദുര്‍റഹീം 2006ലാണ് ജോലി ആവശ്യാര്‍ഥം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയത്. ഡ്രൈവര്‍ ജോലിക്കൊപ്പം ഭിന്ന ശേഷിക്കാരനായ സഊദി ബാലനെ പരിചരിക്കലും ജോലിയായിരുന്നു. ഒരിക്കല്‍ ബാലനുമായി കാറില്‍ യാത്ര ചെയ്യുമ്ബോഴുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തിലാണ് റഹീം ജയിലിലാകുന്നത്.
യാത്രക്കിടെ സിഗ്നല്‍ റെഡ് ലൈറ്റ് കാണിച്ചപ്പോള്‍ റഹീം വാഹനം നിര്‍ത്തി. ഈ സമയം വാഹനം മുന്നോട്ടെടുക്കാന്‍ ബാലന്‍ ആവശ്യപ്പെട്ടു. ഈ തര്‍ക്കത്തിനിടയില്‍ ഭിന്നശേഷിക്കാരനായ കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ഉപകരണത്തിലെ ട്യൂബ് അബദ്ധത്തില്‍ കൈയില്‍ തട്ടി വേര്‍പ്പെട്ടു. തത്ഫലമായി കുട്ടി മരിച്ചു.
കഴിഞ്ഞ 18 വര്‍ഷമായി റഹീം ജയിലിലാണ്. സഊദിയില്‍ ജോലിക്കെത്തി 28ാം ദിവസമാണിത്. നാട്ടില്‍ ഓട്ടോ ഡ്രൈവറായും ഓര്‍ഫനേജ് സ്‌കൂള്‍ ബസില്‍ ഡ്രൈവറായും ജോലി ചെയ്തിരുന്നു റഹീം.
അവസാന നിമിഷം വരെ സഊദി കുടുംബം വധശിക്ഷ വേണമെന്നതില്‍ ഉറച്ച് നിന്നെങ്കിലും ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി ദിയ ധനം നല്‍കിയാല്‍ മാപ്പ് കൊടുക്കാമെന്ന് എംബസിയെ അറിയിക്കുകയായിരുന്നു. ഇന്ത്യയില്‍ സമാഹരിക്കുന്ന ഫണ്ട് വിദേശകാര്യ മന്ത്രാലയം മുഖേന റിയാദിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറും.
ബോചെ ടീ ലക്കി ഡ്രോ ചലഞ്ച് നടത്തും
കൊച്ചി | അബ്ദുര്‍റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ മോചനദ്രവ്യം കണ്ടെത്താന്‍ ബോചെ ടീ ലക്കി ഡ്രോ ചലഞ്ച് നടത്തുമെന്ന് ബോബി ചെമ്മണ്ണൂര്‍. ധനസമാഹരണത്തിനായി ഈ മാസം പതിനഞ്ചിന് മുമ്ബ് തുക സമാഹരിക്കാനാണ് ബോചെ ടീ ലക്കി ഡ്രോ ചലഞ്ച് നടത്തുന്നത്. 40 രൂപ വിലയുള്ള ചായപ്പൊടി വാങ്ങുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് പത്ത് ലക്ഷം രൂപ സമ്മാനം നല്‍കും. മറ്റ് പ്രോത്സാഹന സമ്മാനങ്ങളുമുണ്ടാകും.
ധനസമാഹണത്തിനായി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച യാചകയാത്ര കൊച്ചിയിലെത്തിയപ്പോഴായിരുന്നു പ്രഖ്യാപനം. ഈ മാസം അവസാനം ലോഞ്ച് ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ അബ്ദുര്‍റഹീം ട്രസ്റ്റിന്റെ ഫണ്ടിന് വേണ്ടി നേരത്തേ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓണ്‍ലൈനായി മാത്രമേ ഇപ്പോള്‍ ബോചെ ടീ ലഭ്യമാവുകയുള്ളൂ.
ബോചെ ടീ വിറ്റുകിട്ടുന്ന ലാഭത്തില്‍ നിന്ന് ഒരുകോടി രൂപ മോചനത്തിനായി നല്‍കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇനിയും പണം ആവശ്യമുള്ളതിനാല്‍ ബോചെ ടീ വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും മുതലടക്കം റഹീമിനായി നല്‍കുമെന്നും ബോബി പറഞ്ഞു.